ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം
സങ്കീ. 45
രാജകീയ വിവാഹഗീതം
സംഗീതപ്രമാണിക്ക്; സാരസരാഗത്തിൽ കോരഹ് പുത്രന്മാരുടെ ഒരു ധ്യാനം. പ്രേമഗീതം.
എന്‍റെ ഹൃദയം ശുഭവചനത്താൽ കവിയുന്നു;
“എന്‍റെ കൃതി രാജാവിന് വേണ്ടിയുള്ളത്” എന്നു ഞാൻ പറയുന്നു.
എന്‍റെ നാവ് സമർത്ഥനായ ലേഖകന്‍റെ എഴുത്തുകോൽ ആകുന്നു.
നീ മനുഷ്യപുത്രന്മാരിൽ അതിസുന്ദരൻ;
ലാവണ്യം നിന്‍റെ അധരങ്ങളിൽ പകർന്നിരിക്കുന്നു;
അതുകൊണ്ട് ദൈവം നിന്നെ എന്നേക്കും അനുഗ്രഹിച്ചിരിക്കുന്നു.
അല്ലയോ വീരാ, നിന്‍റെ വാൾ അരയ്ക്ക് കെട്ടുക;
അത് നിന്‍റെ തേജസ്സും നിന്‍റെ മഹിമയും തന്നെ.
സത്യവും സൗമ്യതയും നീതിയും പാലിക്കേണ്ടതിന്
നീ മഹിമയോടെ കൃതാർത്ഥനായി വാഹനമേറി എഴുന്നെള്ളുക;
നിന്‍റെ വലങ്കൈ ഭയങ്കരകാര്യങ്ങൾ നിനക്കു ഉപദേശിച്ചുതരട്ടെ.
നിന്‍റെ അസ്ത്രങ്ങൾ മൂർച്ചയുള്ളവയാകുന്നു;
രാജാവിന്‍റെ ശത്രുക്കളുടെ നെഞ്ചത്ത് അവ തറയ്ക്കുന്നു;
ജനതകൾ നിന്‍റെ മുമ്പിൽ വീഴുന്നു.
ദൈവം നിനക്കുതന്ന സിംഹാസനം എന്നേക്കുമുള്ളതാകുന്നു1;
അങ്ങേയുടെ രാജത്വത്തിന്‍റെ ചെങ്കോൽ നീതിയുള്ള ചെങ്കോലാകുന്നു.
അവിടുന്ന് നീതി ഇഷ്ടപ്പെട്ട് ദുഷ്ടത വെറുക്കുന്നു;
അതുകൊണ്ട് ദൈവം, നിന്‍റെ ദൈവം തന്നെ, നിന്‍റെ കൂട്ടുകാരിൽ അധികമായി
നിന്നെ ആനന്ദതൈലം കൊണ്ടു അഭിഷേകം ചെയ്തിരിക്കുന്നു.
നിന്‍റെ വസ്ത്രമെല്ലാം മൂറും ചന്ദനവും ലവംഗവുംകൊണ്ട് സുഗന്ധപൂരിതമായിരിക്കുന്നു;
ദന്തമന്ദിരങ്ങളിൽനിന്ന് കമ്പിനാദം നിന്നെ സന്തോഷിപ്പിക്കുന്നു.
നിന്‍റെ സ്ത്രീരത്നങ്ങളുടെ കൂട്ടത്തിൽ രാജകുമാരികൾ ഉണ്ട്;
നിന്‍റെ വലത്തുഭാഗത്ത് രാജ്ഞി ഓഫീർതങ്കം അണിഞ്ഞുകൊണ്ട് നില്ക്കുന്നു.
അല്ലയോ കുമാരീ, കേൾക്കുക; നോക്കുക; ചെവിചായിക്കുക.
സ്വജനത്തെയും നിന്‍റെ പിതൃഭവനത്തെയും മറക്കുക.
അപ്പോൾ രാജാവ് നിന്‍റെ സൗന്ദര്യത്തിൽ ആകൃഷ്ടനാകും;
അവൻ നിന്‍റെ നാഥനാകയാൽ നീ അവനെ നമസ്കരിക്കുക.
ജനത്തിലെ ധനവാന്മാരായ സോർനിവാസികൾ സമ്മാനങ്ങളുമായി
നിന്‍റെ മുഖപ്രസാദം തേടും.
അന്തഃപുരത്തിലെ രാജകുമാരി ശോഭാപരിപൂർണ്ണയാകുന്നു;
അവളുടെ വസ്ത്രം പൊൻകസവുകൊണ്ടുള്ളത്.
അവളെ ചിത്രത്തയ്യലുള്ള വസ്ത്രം ധരിപ്പിച്ച് രാജസന്നിധിയിൽ കൊണ്ടുവരും;
അവളെ അനുഗമിക്കുന്ന കന്യകമാരായ തോഴിമാരെയും നിന്‍റെ അടുക്കൽ കൊണ്ടുവരും.
സന്തോഷത്തോടും ഉല്ലാസത്തോടും കൂടി അവരെ കൊണ്ടുവരും;
അവർ രാജമന്ദിരത്തിൽ പ്രവേശിക്കും.
നിന്‍റെ പുത്രന്മാർ പിതാക്കന്മാർക്കു പകരം ഇരിക്കും;
സർവ്വഭൂമിയിലും നീ അവരെ പ്രഭുക്കന്മാരാക്കും.
ഞാൻ നിന്‍റെ നാമത്തെ എല്ലാ തലമുറകളിലും ഓർക്കുമാറാക്കും.
അതുകൊണ്ട് ജനതകൾ എന്നും എന്നേക്കും നിന്നെ പ്രകീർത്തിക്കും.
Source notes (1)
- Footnote ദൈവം നിനക്കുതന്ന സിംഹാസനം എന്നേക്കുമുള്ളതാകുന്നു ദൈവമേ, അവിടുത്തെ സിംഹാസനം എന്നും എന്നേക്കും ഉള്ളതാകുന്നു
ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം. Copyright © 2017, 2019 Bridge Communication Systems. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.
Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.