Skip to content
BibleKenya

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം

സങ്കീ. 40

സ്തോത്രവും പ്രാർത്ഥനയും

സംഗീതപ്രമാണിക്ക്; ദാവീദിന്‍റെ ഒരു സങ്കീർത്തനം.

ഞാൻ യഹോവയ്ക്കായി ക്ഷമയോടെ കാത്തിരുന്നു;

കർത്താവ് എന്നിലേക്ക് ചാഞ്ഞ് എന്‍റെ നിലവിളി കേട്ടു.

നാശകരമായ കുഴിയിൽ നിന്നും

കുഴഞ്ഞ ചേറ്റിൽനിന്നും കർത്താവ് എന്നെ കയറ്റി;

എന്‍റെ കാലുകളെ ഒരു പാറമേൽ നിർത്തി,

എന്‍റെ ചുവടുകളെ സ്ഥിരമാക്കി.

അവിടുന്ന് എന്‍റെ വായിൽ ഒരു പുതിയ പാട്ട് തന്നു,

നമ്മുടെ ദൈവത്തിന് സ്തുതി തന്നെ;

പലരും അത് കണ്ടു ഭയപ്പെട്ട്

യഹോവയിൽ ആശ്രയിക്കും.

യഹോവയെ തന്‍റെ ആശ്രയമാക്കുകയും

നിഗളികളെയും 1വ്യാജദൈവങ്ങളിലേക്ക് തിരിയുന്നവരെയും

ആദരിക്കാതിരിക്കുകയും ചെയ്യുന്ന മനുഷ്യൻ ഭാഗ്യവാൻ.

എന്‍റെ ദൈവമായ യഹോവേ, അവിടുന്ന് ചെയ്ത അത്ഭുതപ്രവൃത്തികളും

ഞങ്ങൾക്കുവേണ്ടിയുള്ള അങ്ങേയുടെ വിചാരങ്ങളും അനവധി ആകുന്നു;

അങ്ങേക്ക് തുല്യൻ ആരുമില്ല;

ഞാൻ അവയെപ്പറ്റി വിവരിച്ച് പ്രസ്താവിക്കുമായിരുന്നു;

എന്നാൽ അവ എണ്ണിക്കൂടാത്തവിധം അധികമാകുന്നു.

ഹനനയാഗവും ഭോജനയാഗവും അവിടുന്ന് ഇച്ഛിച്ചില്ല;

അങ്ങ് എന്‍റെ ചെവികൾ തുറന്നിരിക്കുന്നു.

ഹോമയാഗവും പാപയാഗവും അവിടുന്ന് ചോദിച്ചില്ല.

അപ്പോൾ ഞാൻ പറഞ്ഞു: “ഇതാ, ഞാൻ വരുന്നു;

പുസ്തകച്ചുരുളിൽ എന്നെക്കുറിച്ച് എഴുതിയിരിക്കുന്നു;

എന്‍റെ ദൈവമേ, അങ്ങേയുടെ ഇഷ്ടം ചെയ്യുവാൻ ഞാൻ പ്രിയപ്പെടുന്നു;

അവിടുത്തെ ന്യായപ്രമാണം എന്‍റെ ഉള്ളിൽ ഇരിക്കുന്നു.”

ഞാൻ മഹാസഭയിൽ നീതിയുടെ സുവാർത്ത പ്രസംഗിച്ചു;

അധരങ്ങൾ ഞാൻ അടക്കിവച്ചില്ല;

യഹോവേ, അവിടുന്ന് അറിയുന്നു.

ഞാൻ അങ്ങേയുടെ നീതി എന്‍റെ ഹൃദയത്തിൽ മറച്ചു വച്ചില്ല;

അവിടുത്തെ വിശ്വസ്തതയും രക്ഷയും ഞാൻ പ്രസ്താവിച്ചു;

അവിടുത്തെ ദയയും സത്യവും ഞാൻ മഹാസഭയിൽ മറച്ചുവച്ചതുമില്ല.

യഹോവേ, അങ്ങേയുടെ കരുണ അവിടുന്ന് എനിക്ക് അടച്ചുകളയുകയില്ല;

അങ്ങേയുടെ ദയയും സത്യവും എന്നെ നിത്യം പരിപാലിക്കും.

അസംഖ്യം അനർത്ഥങ്ങൾ എന്നെ ചുറ്റിയിരിക്കുന്നു; മേല്പോട്ടു

നോക്കുവാൻ കഴിയാത്തവിധം എന്‍റെ അകൃത്യങ്ങൾ എന്നെ എത്തിപ്പിടിച്ചിരിക്കുന്നു;

അവ എന്‍റെ തലയിലെ രോമങ്ങളിലും അധികം;

ഞാൻ ധൈര്യഹീനനായിത്തീർന്നിരിക്കുന്നു.

യഹോവേ, എന്നെ വിടുവിക്കുവാൻ ഇഷ്ടം തോന്നേണമേ;

യഹോവേ, എന്നെ സഹായിക്കുവാൻ വേഗം വരേണമേ.

എനിക്ക് ജീവഹാനി വരുത്തുവാൻ നോക്കുന്നവർ ലജ്ജിച്ച് ഭ്രമിച്ചുപോകട്ടെ;

എന്‍റെ അനർത്ഥത്തിൽ സന്തോഷിക്കുന്നവർ പിന്തിരിഞ്ഞ് അപമാനം ഏല്ക്കട്ടെ.

“നന്നായി, നന്നായി” എന്നു എന്നോട് പറയുന്നവർ

അവരുടെ ലജ്ജ നിമിത്തം സ്തംഭിച്ചുപോകട്ടെ.

അങ്ങയെ അന്വേഷിക്കുന്ന എല്ലാവരും അവിടുത്തെ സന്നിധിയിൽ ആനന്ദിച്ച് സന്തോഷിക്കട്ടെ;

അങ്ങേയുടെ രക്ഷയിൽ പ്രിയപ്പെടുന്നവർ “യഹോവ എത്ര മഹത്വമുള്ളവൻ” എന്നു എപ്പോഴും പറയട്ടെ.

ഞാൻ എളിയവനും ദരിദ്രനും ആകുന്നു;

എങ്കിലും കർത്താവ് എന്നെക്കുറിച്ച് വിചാരിക്കുന്നു;

അവിടുന്ന് തന്നെ എന്‍റെ സഹായവും എന്നെ വിടുവിക്കുന്നവനും ആകുന്നു;

എന്‍റെ ദൈവമേ, താമസിക്കരുതേ.

Source notes (1)
  1. Footnote നിഗളികളെയും വിഗ്രഹങ്ങളെയും

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം. Copyright © 2017, 2019 Bridge Communication Systems. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.

Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.

BibleKenya

Reader settings

Theme
Font
Alignment
Reading width

Saved in this browser and used offline too. Press ? for keyboard shortcuts.