Skip to content
BibleKenya

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം

സങ്കീ. 17

ഒരു നിരപരാധിയുടെ പ്രാർത്ഥന

ദാവീദിന്‍റെ ഒരു പ്രാർത്ഥന.

യഹോവേ, എന്‍റെ ന്യായമായ കാര്യം കേൾക്കേണമേ,

എന്‍റെ നിലവിളി ശ്രദ്ധിക്കേണമേ.

കപടമില്ലാത്ത അധരങ്ങളിൽനിന്നുള്ള

എന്‍റെ പ്രാർത്ഥന ചെവിക്കൊള്ളേണമേ.

എനിക്കുള്ള ന്യായമായ വിധി തിരുസന്നിധിയിൽനിന്ന് പുറപ്പെടട്ടെ;

അങ്ങേയുടെ കണ്ണുകൾ നേരായ കാര്യങ്ങൾ കാണുമാറാകട്ടെ.

അവിടുന്ന് എന്‍റെ ഹൃദയം പരിശോധിച്ചു; രാത്രിയിൽ എന്നെ സന്ദർശിച്ചു;

എന്നെ പരീക്ഷിച്ചാൽ ദുരുദ്ദേശമൊന്നും കണ്ടെത്തുകയില്ല;

എന്‍റെ അധരങ്ങൾ കൊണ്ടു ലംഘനം ചെയ്യുകയില്ല എന്നു ഞാൻ ഉറച്ചിരിക്കുന്നു1.

മനുഷ്യരുടെ പ്രവൃത്തികൾ കണ്ടിട്ട് ഞാൻ അങ്ങേയുടെ അധരങ്ങളിൽനിന്നു പുറപ്പെടുന്ന വചനത്താൽ

നിഷ്ഠൂരന്‍റെ പാതകളെ വിട്ടൊഴിഞ്ഞിരിക്കുന്നു.

എന്‍റെ നടപ്പ് അങ്ങേയുടെ ചുവടുകളിൽ തന്നെ ആയിരുന്നു;

എന്‍റെ കാൽ വഴുതിയതുമില്ല.

ദൈവമേ, ഞാൻ അങ്ങേയോട് അപേക്ഷിച്ചിരിക്കുന്നു; അവിടുന്ന് എനിക്ക് ഉത്തരമരുളുമല്ലോ;

ചെവി എങ്കലേക്ക് ചായിച്ചു എന്‍റെ അപേക്ഷ കേൾക്കേണമേ.

അങ്ങയെ ശരണമാക്കുന്നവരെ അവരോട് എതിർക്കുന്നവരുടെ കയ്യിൽനിന്ന്

വലങ്കയ്യാൽ രക്ഷിക്കുന്ന യഹോവേ,

അങ്ങേയുടെ അത്ഭുതകാരുണ്യം കാണിക്കേണമേ.

കണ്ണിന്‍റെ കൃഷ്ണമണിപോലെ എന്നെ കാക്കേണമേ;

എന്നെ കൊള്ളയിടുന്ന ദുഷ്ടന്മാരും

എന്നെ വളയുന്ന പ്രാണശത്രുക്കളും എന്നെ പിടിക്കാതെ

അങ്ങേയുടെ ചിറകിന്‍റെ നിഴലിൽ എന്നെ മറച്ചുകൊള്ളേണമേ.

അവർ അവരുടെ ഹൃദയം അടച്ചിരിക്കുന്നു;

വായ്കൊണ്ട് അവർ വമ്പു പറയുന്നു.

അവർ ഇപ്പോൾ ഞങ്ങളുടെ കാലടികളെ പിന്തുടർന്ന് ഞങ്ങളെ വളഞ്ഞിരിക്കുന്നു;

ഞങ്ങളെ നിലത്തു തള്ളിയിടുവാൻ ദൃഷ്ടിവക്കുന്നു.

കടിച്ചുകീറുവാൻ കൊതിക്കുന്ന സിംഹംപോലെയും

മറവിടങ്ങളിൽ പതിയിരിക്കുന്ന ബാലസിംഹംപോലെയും തന്നെ.

യഹോവേ, എഴുന്നേറ്റ് അവനോട് എതിർത്ത് അവനെ തള്ളിയിടേണമേ.

യഹോവേ, എന്‍റെ പ്രാണനെ അങ്ങേയുടെ വാൾകൊണ്ട് ദുഷ്ടന്‍റെ കൈയിൽനിന്ന് രക്ഷിക്കേണമേ.

തൃക്കൈകൊണ്ട് ലൗകികപുരുഷന്മാരിൽ നിന്നും വിടുവിക്കേണമേ;

അവരുടെ ഓഹരി ഈ ആയുസ്സിൽ അത്രേ;

അവിടുത്തെ സമ്പത്തുകൊണ്ട് അവിടുന്ന് അവരുടെ വയറു നിറയ്ക്കുന്നു;

അവർക്ക് പുത്രസമ്പത്ത് ധാരാളം ഉണ്ട്;

അവരുടെ സമ്പത്ത് അവർ കുഞ്ഞുങ്ങൾക്കായി സൂക്ഷിക്കുന്നു.

ഞാനോ, നീതിയിൽ അങ്ങേയുടെ മുഖംകാണും;

ഞാൻ ഉണരുമ്പോൾ അവിടുത്തെ രൂപം കണ്ടു തൃപ്തനാകും.

Source notes (1)
  1. Footnote എന്‍റെ അധരങ്ങൾ കൊണ്ടു ലംഘനം ചെയ്യുകയില്ല എന്നു ഞാൻ ഉറച്ചിരിക്കുന്നു മറ്റുള്ളവരെപ്പോലെ ഞാന്‍ ദുഷ്ടത സംസാരിക്കുകയില്ല

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം. Copyright © 2017, 2019 Bridge Communication Systems. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.

Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.

BibleKenya

Reader settings

Theme
Font
Alignment
Reading width

Saved in this browser and used offline too. Press ? for keyboard shortcuts.