Skip to content
BibleKenya

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം

സങ്കീ. 140

സംരക്ഷണത്തിനു വേണ്ടിയുള്ള പ്രാർത്ഥന

സംഗീതപ്രമാണിക്ക്; ദാവീദിന്‍റെ ഒരു സങ്കീർത്തനം.

യഹോവേ, ദുഷ്ടമനുഷ്യരുടെ കയ്യിൽനിന്ന് എന്നെ വിടുവിച്ച്

സാഹസക്കാരുടെ പക്കൽനിന്ന് എന്നെ പരിപാലിക്കേണമേ.

അവർ ഹൃദയത്തിൽ തിന്മ നിരൂപിക്കുന്നു;

അവർ ഇടവിടാതെ പോരാട്ടത്തിനായി കൂട്ടം കൂടുന്നു;

അവർ സർപ്പംപോലെ അവരുടെ നാവുകൾക്ക് മൂർച്ചകൂട്ടുന്നു;

അവരുടെ അധരങ്ങൾക്ക് കീഴിൽ അണലിവിഷം ഉണ്ട്. സേലാ.

യഹോവേ, ദുഷ്ടന്‍റെ കൈയിൽനിന്ന് എന്നെ കാക്കേണമേ;

സാഹസക്കാരനിൽനിന്ന് എന്നെ പരിപാലിക്കേണമേ;

അവർ എന്‍റെ കാലടികൾ മറിച്ചുകളയുവാൻ ഭാവിക്കുന്നു.

ഗർവ്വിഷ്ഠന്മാർ എനിക്കായി കെണിയും കയറും മറച്ചുവച്ചിരിക്കുന്നു;

വഴിയരികിൽ അവർ വല വിരിച്ചിരിക്കുന്നു;

അവർ എനിക്കായി കുടുക്കുകൾ വച്ചിരിക്കുന്നു. സേലാ.

“അവിടുന്ന് എന്‍റെ ദൈവം” എന്നു ഞാൻ യഹോവയോടു പറഞ്ഞു;

യഹോവേ, എന്‍റെ യാചനകൾ കേൾക്കേണമേ.

എന്‍റെ രക്ഷയുടെ ബലമായ കർത്താവായ യഹോവേ,

അങ്ങ് യുദ്ധ ദിവസത്തില്‍ എന്നെ സംരക്ഷിക്കുന്നു1.

യഹോവേ, ദുഷ്ടന്‍റെ ആഗ്രഹങ്ങൾ നടത്തരുതേ;

നിഗളിച്ചുപോകാതിരിക്കേണ്ടതിന് അവന്‍റെ ദുരുപായം സാധിപ്പിക്കുകയും അരുതേ. സേലാ.

എന്നെ വളഞ്ഞിരിക്കുന്നവരുടെ തലയോ,

അവരുടെ ഭീഷണി അവരുടെ മേല്‍ തിരികെ ചെല്ലട്ടെ2.

തീക്കനൽ അവരുടെ മേൽ വീഴട്ടെ;

ദൈവം അവരെ തീയിലും എഴുന്നേല്ക്കാത്തവിധം കുഴിയിലും ഇട്ടുകളയട്ടെ.

വാവിഷ്ഠാണക്കാരൻ ഭൂമിയിൽ നിലനില്‍ക്കുകയില്ല;

സാഹസക്കാരനെ അനർത്ഥം നായാടി ഉന്മൂലനാശം വരുത്തും.

യഹോവ പീഡിതന്‍റെ വ്യവഹാരവും

ദരിദ്രന്മാരുടെ ന്യായവും നടത്തും എന്നു ഞാൻ അറിയുന്നു.

അതേ, നീതിമാന്മാർ അങ്ങേയുടെ നാമത്തിന് സ്തോത്രം ചെയ്യും;

നേരുള്ളവർ അങ്ങേയുടെ സന്നിധിയിൽ വസിക്കും.

Source notes (2)
  1. Footnote അങ്ങ് യുദ്ധ ദിവസത്തില്‍ എന്നെ സംരക്ഷിക്കുന്നു യുദ്ധദിവസത്തിൽ അങ്ങ് എന്‍റെ തലയിൽ ശിരസ്ത്രം വയ്ക്കുന്നു
  2. Footnote അവരുടെ ഭീഷണി അവരുടെ മേല്‍ തിരികെ ചെല്ലട്ടെ അവരുടെ അധരങ്ങളുടെ തിന്മ അവരെ മൂടിക്കളയട്ടെ

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം. Copyright © 2017, 2019 Bridge Communication Systems. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.

Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.

BibleKenya

Reader settings

Theme
Font
Alignment
Reading width

Saved in this browser and used offline too. Press ? for keyboard shortcuts.