Skip to content
BibleKenya

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം

സങ്കീ. 101

രാജാവിന്‍റെ പ്രതിജ്ഞ

ദാവീദിന്‍റെ ഒരു സങ്കീർത്തനം.

ഞാൻ ദയയെയും ന്യായത്തെയും കുറിച്ച് പാടും;

യഹോവേ, ഞാൻ അങ്ങേക്ക് കീർത്തനം പാടും.

ഞാൻ നിഷ്കളങ്കമാർഗ്ഗത്തിൽ ശ്രദ്ധവെക്കും;

എപ്പോൾ അങ്ങ് എന്‍റെ അടുക്കൽ വരും?

ഞാൻ എന്‍റെ വീട്ടിൽ നിഷ്കളങ്കഹൃദയത്തോടെ പെരുമാറും.

ഞാൻ ഒരു നീചകാര്യവും എന്‍റെ കണ്ണിന് മുമ്പിൽ വയ്ക്കുകയില്ല;

ക്രമം കെട്ടവരുടെ പ്രവൃത്തി ഞാൻ വെറുക്കുന്നു;

ഞാൻ അതിൽ പങ്കുചേരുകയില്ല.

വക്രഹൃദയം എന്നോട് അകന്നിരിക്കും;

ദുഷ്ടത ഞാൻ അറിയുകയില്ല.

കൂട്ടുകാരനെക്കുറിച്ച് ഏഷണി പറയുന്നവനെ ഞാൻ നശിപ്പിക്കും;

ഉന്നതഭാവവും നിഗളഹൃദയവും ഉള്ളവനെ ഞാൻ സഹിക്കുകയില്ല.

ദേശത്തിലെ വിശ്വസ്തന്മാർ എന്നോടുകൂടി വസിക്കേണ്ടതിന്

എന്‍റെ കണ്ണുകൾ അവരെ അന്വേഷിക്കുന്നു;

നിഷ്കളങ്കമാർഗ്ഗത്തിൽ നടക്കുന്നവൻ എന്നെ ശുശ്രൂഷിക്കും.

വഞ്ചനചെയ്യുന്നവൻ എന്‍റെ വീട്ടിൽ വസിക്കുകയില്ല;

ഭോഷ്ക് പറയുന്നവൻ എന്‍റെ മുമ്പിൽ ഉറച്ചുനില്ക്കുകയില്ല.

യഹോവയുടെ നഗരത്തിൽനിന്ന് സകല ദുഷ്പ്രവൃത്തിക്കാരെയും ഛേദിച്ചുകളയുംവരെ

ദേശത്തിലെ ദുഷ്ടന്മാരെ എല്ലാം ഞാൻ ദിനംപ്രതി നശിപ്പിക്കും.

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം. Copyright © 2017, 2019 Bridge Communication Systems. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.

Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.

BibleKenya

Reader settings

Theme
Font
Alignment
Reading width

Saved in this browser and used offline too. Press ? for keyboard shortcuts.