ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം
ഇയ്യോ. 40
യഹോവ പിന്നെയും ഇയ്യോബിനോട് അരുളിച്ചെയ്തത്:
“ആക്ഷേപകൻ സർവ്വശക്തനോട് വാദിക്കുമോ?
ദൈവത്തോട് തർക്കിക്കുന്നവൻ ഇതിന് ഉത്തരം പറയട്ടെ.”
ഇയ്യോബ് യഹോവയോട് ഉത്തരം പറയുന്നു
അതിന് ഇയ്യോബ് യഹോവയോട് ഉത്തരം പറഞ്ഞത്:
“ഞാൻ നിസ്സാരനല്ലയോ, ഞാൻ അവിടുത്തോട് എന്തുത്തരം പറയും?
ഞാൻ കൈകൊണ്ട് വായ് പൊത്തിക്കൊള്ളുന്നു.
ഒരുവട്ടം ഞാൻ സംസാരിച്ചു; ഇനി ഉത്തരം പറയുകയില്ല.
രണ്ടുവട്ടം ഞാൻ ഉരചെയ്തു; ഇനി മിണ്ടുകയില്ല.“
യഹോവ ഇയ്യോബിനോട് ഉത്തരം പറയുന്നു
അപ്പോൾ യഹോവ ചുഴലിക്കാറ്റിൽനിന്ന് ഇയ്യോബിനോട് ഉത്തരം പറഞ്ഞത്:
“നീ പുരുഷനെപ്പോലെ അര മുറുക്കിക്കൊള്ളുക;
ഞാൻ നിന്നോട് ചോദിക്കും; നീ എനിക്ക് ഗ്രഹിപ്പിച്ചുതരുക.
“നീ എന്റെ ന്യായത്തെ ദുർബ്ബലപ്പെടുത്തുമോ?
നീ നീതിമാനാകേണ്ടതിന് എന്നെ കുറ്റം പറയുമോ?
ദൈവത്തിനുള്ളതുപോലെ നിനക്കു ഭുജം ഉണ്ടോ?
അവനെപ്പോലെ നിനക്കു ഇടിമുഴക്കാമോ?
നീ മഹിമയും പ്രതാപവും അണിഞ്ഞുകൊള്ളുക.
തേജസ്സും പ്രഭാവവും ധരിച്ചുകൊള്ളുക.
നിന്റെ കോപപ്രവാഹങ്ങളെ ഒഴുക്കുക;
ഏത് ഗർവ്വിയെയും നോക്കി താഴ്ത്തുക.
ഏത് ഗർവ്വിയെയും നോക്കി താഴ്ത്തുക;
ദുഷ്ടന്മാരെ അവരുടെ നിലയിൽ തന്നെ വീഴ്ത്തിക്കളയുക.
അവരെ എല്ലാം പൊടിയിൽ മറച്ചുവയ്ക്കുക;
അവരുടെ മുഖങ്ങളെ ഒളിസ്ഥലത്ത് ബന്ധിച്ചുകളയുക.
അപ്പോൾ നിന്റെ വലങ്കൈ നിന്നെ രക്ഷിക്കുന്നു
എന്നു ഞാനും നിന്നെ ശ്ലാഘിച്ചുപറയും.
“ഞാൻ നിന്നെപ്പോലെ ഉണ്ടാക്കിയിരിക്കുന്ന 1നദീഹയമുണ്ടല്ലോ;
അത് കാളയെപ്പോലെ പുല്ലുതിന്നുന്നു.
അതിന്റെ ശക്തി അതിന്റെ കടിപ്രദേശത്തും
അതിന്റെ ബലം വയറിന്റെ മാംസപേശികളിലും ആകുന്നു.
ദേവദാരുതുല്യമായ തന്റെ വാല് അത് ആട്ടുന്നു;
അതിന്റെ തുടയിലെ ഞരമ്പുകൾ കൂടിപിണഞ്ഞിരിക്കുന്നു.
അതിന്റെ അസ്ഥികൾ ചെമ്പുകുഴൽപോലെയും
എല്ലുകൾ ഇരിമ്പഴിപോലെയും ഇരിക്കുന്നു.
അത് ദൈവത്തിന്റെ സൃഷ്ടികളിൽ പ്രധാനമായുള്ളത്;
അതിനെ ഉണ്ടാക്കിയവൻ അതിന് ഒരു വാൾ കൊടുത്തിരിക്കുന്നു.
കാട്ടുമൃഗങ്ങളെല്ലാം കളിക്കുന്നിടമായ
പർവ്വതങ്ങൾ അതിന് തീൻ വിളയിക്കുന്നു.
അത് 2നീർമരുതിന്റെ ചുവട്ടിലും
ഞാങ്ങണയുടെ മറവിലെ ചതുപ്പുനിലത്തും കിടക്കുന്നു.
നീർമരുത് നിഴൽകൊണ്ട് അതിനെ മറയ്ക്കുന്നു;
തോട്ടിലെ അലരി അതിനെ ചുറ്റി നില്ക്കുന്നു;
നദി കവിഞ്ഞൊഴുകിയാലും അത് ഭ്രമിക്കുന്നില്ല;
യോർദ്ദാൻ അതിന്റെ വായിലേക്കു ചാടിയാലും അത് നിർഭയമായിരിക്കും.
അതു നോക്കിക്കൊണ്ടിരിക്കുമ്പോൾ അതിനെ പിടിക്കാമോ?
അതിന്റെ മൂക്കിൽ കയർ കോർക്കാമോ?
Source notes (2)
- Footnote നദീഹയം - ഭീമാകാരമായ മൃഗം
- Footnote നീർമരുത് - ജലാശയതീരങ്ങളിൽ വളരുന്ന ഒരു മരം
ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം. Copyright © 2017, 2019 Bridge Communication Systems. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.
Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.