Skip to content
BibleKenya

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം

ഇയ്യോ. 28

“വെള്ളിയ്ക്ക് ഒരു ഉത്ഭവസ്ഥാനവും

പൊന്ന് ഊതിക്കഴിക്കുവാൻ ഒരു സ്ഥലവും ഉണ്ട്.

ഇരുമ്പ് മണ്ണിൽനിന്നെടുക്കുന്നു;

കല്ലുരുക്കി ചെമ്പെടുക്കുന്നു.

മനുഷ്യൻ അന്ധകാരത്തിന് ഒരു അതിർ വയ്ക്കുന്നു;

കൂരിരുളിലെയും അന്ധതമസ്സിലെയും കല്ലിനെ അങ്ങേയറ്റംവരെ ശോധനചെയ്യുന്നു.

താമസമുള്ള സ്ഥലത്തുനിന്ന് ദൂരെ അവർ കുഴികുത്തുന്നു;

നടന്നുപോകുന്ന മനുഷ്യന് അവർ മറന്നു പോയവർ തന്നെ;

മനുഷ്യർക്ക് അകലെ അവർ തൂങ്ങി ആടുന്നു.

ഭൂമിയിൽനിന്ന് ആഹാരം ഉണ്ടാകുന്നു;

അതിന്‍റെ ഉൾഭാഗം തീകൊണ്ടെന്നപോലെ മറിയുന്നു.

അതിലെ പാറകൾ നീലരത്നത്തിന്‍റെ ഉല്പത്തിസ്ഥാനം;

സ്വർണ്ണപ്പൊടിയും അതിൽ ഉണ്ട്.

അതിന്‍റെ പാത കഴുകൻ അറിയുന്നില്ല;

പരുന്തിന്‍റെ കണ്ണ് അതിനെ കണ്ടിട്ടില്ല.

ഘോരകാട്ടുമൃഗങ്ങൾ അതിൽ ചവിട്ടിയിട്ടില്ല;

ഭീകരസിംഹം അതിലെ നടന്നിട്ടുമില്ല.

അവർ തീക്കൽപാറയിലേക്ക് കൈ നീട്ടുന്നു;

പർവ്വതങ്ങളെ അവർ വേരോടെ മറിച്ചുകളയുന്നു.

അവർ പാറകളുടെ ഇടയിൽകൂടി ചാലുകൾ വെട്ടുന്നു;

അവരുടെ കണ്ണ് വിലയേറിയ വസ്തുക്കളെയെല്ലാം കാണുന്നു.

അവർ നീരൊഴുക്കുകളെ ഒഴുകാത്തവിധം തടഞ്ഞുനിർത്തുന്നു;

മറഞ്ഞിരിക്കുന്നവയെ അവർ വെളിച്ചത്തു കൊണ്ടുവരുന്നു.

“എന്നാൽ ജ്ഞാനം എവിടെ കണ്ടുകിട്ടും?

വിവേകത്തിന്‍റെ ഉത്ഭവസ്ഥാനം എവിടെ?

അതിന്‍റെ വില മനുഷ്യൻ അറിയുന്നില്ല;

ജീവനുള്ളവരുടെ ദേശത്ത് അതിനെ കണ്ടെത്തുന്നില്ല.

അത് എന്നിൽ ഇല്ല എന്നു ആഴമേറിയ സമുദ്രം പറയുന്നു;

അത് എന്‍റെ പക്കൽ ഇല്ല എന്നു കടലും പറയുന്നു.

സ്വർണ്ണം കൊടുത്താൽ അത് കിട്ടുന്നതല്ല;

അതിന്‍റെ വിലയായി വെള്ളി തൂക്കിക്കൊടുക്കാറില്ല.

ഓഫീർപൊന്നോ വിലയേറിയ ഗോമേദകമോ

നീലരത്നമോ ഒന്നും അതിന് പകരമാകുകയില്ല;

സ്വർണ്ണവും സ്ഫടികവും അതിന് തുല്ല്യമല്ല;

തങ്കആഭരണങ്ങൾ പകരം കൊടുത്ത് അത് നേടാൻ കഴിയുകയില്ല.

പവിഴത്തിന്‍റെയും പളുങ്കിന്‍റെയും പേര് പറയുകയും വേണ്ടാ;

ജ്ഞാനത്തിന്‍റെ വില മുത്തുകളേക്കാൾ അധികമാണ്.

കൂശിലെ പുഷ്യരാഗം അതിനോട് സമമല്ല;

തങ്കംകൊണ്ട് അതിന്‍റെ വില മതിക്കാകുന്നതുമല്ല.

“പിന്നെ ജ്ഞാനം എവിടെനിന്ന് വരുന്നു?

വിവേകത്തിന്‍റെ ഉത്ഭവസ്ഥാനം എവിടെ?

അത് സകലജീവികളുടെയും കണ്ണുകൾക്ക് മറഞ്ഞിരിക്കുന്നു;

ആകാശത്തിലെ പക്ഷികൾക്ക് അത് മറഞ്ഞിരിക്കുന്നു.

ഞങ്ങളുടെ ചെവികൊണ്ട് അതിനെപ്പറ്റി കേട്ടിട്ടുണ്ട്

എന്നു നാശവും1 മരണവും പറയുന്നു.

ദൈവം അതിലേക്കുള്ള വഴി അറിയുന്നു;

അതിന്‍റെ ഉത്ഭവസ്ഥാനം അവിടുത്തേക്ക് നിശ്ചയമുണ്ട്.

ദൈവം ഭൂമിയുടെ അറ്റങ്ങളിലേക്ക് നോക്കുന്നു;

ആകാശത്തിന്‍റെ കീഴെല്ലാം കാണുന്നു.

ദൈവം കാറ്റിനെ തൂക്കിനോക്കുകയും

വെള്ളത്തിന്‍റെ അളവ് നിശ്ചയിക്കുകയും ചെയ്യുന്നു.

ദൈവം മഴയ്ക്ക് ഒരു നിയമവും

ഇടിമിന്നലിന് ഒരു വഴിയും ഉണ്ടാക്കിയപ്പോൾ

അവിടുന്ന് അത് കണ്ടു വർണ്ണിക്കുകയും

അത് സ്ഥാപിച്ച് പരിശോധിക്കുകയും ചെയ്തു.

കർത്താവിനോടുള്ള ഭക്തി തന്നെ ജ്ഞാനം;

ദോഷം അകന്ന് നടക്കുന്നത് തന്നെ വിവേകം

എന്നു ദൈവം മനുഷ്യനോട് അരുളിച്ചെയ്തു.“

Source notes (1)
  1. Footnote നാശവും അബദ്ദോന്‍

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം. Copyright © 2017, 2019 Bridge Communication Systems. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.

Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.

BibleKenya

Reader settings

Theme
Font
Alignment
Reading width

Saved in this browser and used offline too. Press ? for keyboard shortcuts.