Skip to content
BibleKenya

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം

ഹോശേ. 12

എഫ്രയീം കാറ്റിനെ സ്നേഹിച്ച്,

കിഴക്കൻ കാറ്റിനെ പിന്തുടരുന്നു;

അവൻ ഇടവിടാതെ ഭോഷ്കും ശൂന്യതയും വർദ്ധിപ്പിക്കുന്നു;

അവർ അശ്ശൂര്യരോട് ഉടമ്പടി ചെയ്യുന്നു;

മിസ്രയീമിലേക്ക് എണ്ണ കൊടുത്തയയ്ക്കുന്നു.

യഹോവയ്ക്ക് യെഹൂദയോടും ഒരു വ്യവഹാരം ഉണ്ട്;

യഹോവ യാക്കോബിനെ അവന്‍റെ നടപ്പിന് തക്കവണ്ണം സന്ദർശിക്കും;

അവന്‍റെ പ്രവൃത്തികൾക്കു തക്കവണ്ണം

അവന് പകരം കൊടുക്കും.

അവൻ ഗർഭത്തിൽവച്ച് തന്‍റെ സഹോദരന്‍റെ കുതികാൽ പിടിച്ചു;

തന്‍റെ പുരുഷപ്രായത്തിൽ ദൈവത്തോടു പൊരുതി. 1

അവൻ ദൂതനോട് പൊരുതി ജയിച്ചു;

അവൻ യഹോവയോട് കരഞ്ഞപേക്ഷിച്ചു;

അവൻ ബേഥേലിൽവച്ച് ദൈവത്തെ കണ്ടെത്തി,

അവിടെവച്ച് യഹോവ അവനോട്2 സംസാരിച്ചു.

യഹോവ സൈന്യങ്ങളുടെ ദൈവമാകുന്നു;

‘യഹോവ’ എന്നാകുന്നു അവിടുത്തെ നാമം.

അതുകൊണ്ട് നീ നിന്‍റെ ദൈവത്തിന്‍റെ സഹായത്താൽ യഹോവയുടെ അടുക്കലേക്ക് മടങ്ങിവരുക;

ദയയും ന്യായവും പ്രമാണിച്ച്, ഇടവിടാതെ ദൈവത്തിനായി കാത്തിരിക്കുക.

യിസ്രായേൽ ഒരു കനാന്യനാകുന്നു;

കള്ളത്തുലാസ് അവന്‍റെ കയ്യിൽ ഉണ്ട്;

പീഡിപ്പിക്കുവാൻ അവൻ ആഗ്രഹിക്കുന്നു.

എന്നാൽ എഫ്രയീം: “ഞാൻ സമ്പന്നനായിരിക്കുന്നു,

എനിക്ക് ധനം കിട്ടിയിരിക്കുന്നു;

എന്‍റെ സകല പ്രയത്നങ്ങളിലും

പാപകരമായ യാതൊരു അകൃത്യവും എന്നിൽ കണ്ടെത്തുകയില്ല” എന്നിങ്ങനെ പറയുന്നു.

ഞാനോ മിസ്രയീം ദേശം മുതൽ

നിന്‍റെ ദൈവമായ യഹോവയാകുന്നു;

ഞാൻ നിന്നെ ഉത്സവദിവസങ്ങളിലെന്നപോലെ

ഇനിയും കൂടാരങ്ങളിൽ വസിക്കുമാറാക്കും.

ഞാൻ പ്രവാചകന്മാരോട് സംസാരിച്ച് ദർശനങ്ങൾ വർദ്ധിപ്പിച്ചു;

പ്രവാചകന്മാർ മുഖാന്തരം സദൃശവാക്യങ്ങളും നൽകിയിരിക്കുന്നു.

ഗിലെയാദ്യർ നീതികെട്ടവർ എങ്കിൽ അവർ വ്യർത്ഥരായിത്തീരും;

അവർ ഗില്ഗാലിൽ കാളകളെ ബലികഴിക്കുന്നു എങ്കിൽ,

അവരുടെ ബലിപീഠങ്ങൾ

വയലിലെ ഉഴവുചാലുകളിൽ ഉള്ള കൽകൂമ്പാരങ്ങൾപോലെ ആകും.

യാക്കോബ് അരാം ദേശത്തേക്ക് ഓടിപ്പോയി;

യിസ്രായേൽ ഒരു ഭാര്യയ്ക്കുവേണ്ടി സേവ ചെയ്തു,

ഒരു ഭാര്യയ്ക്കുവേണ്ടി ആടുകളെ പാലിച്ചു.

യഹോവ ഒരു പ്രവാചകൻമുഖാന്തരം യിസ്രായേലിനെ മിസ്രയീമിൽനിന്നു കൊണ്ടുവന്നു,

ഒരു പ്രവാചകനാൽ അവൻ സംരക്ഷിക്കപ്പെട്ടു.

എഫ്രയീം അവനെ ഏറ്റവും കൈപ്പോടുകൂടി പ്രകോപിപ്പിച്ചു;

ആകയാൽ അവന്‍റെ കർത്താവ് അവന്‍റെ രക്തപാതകം അവന്‍റെമേൽ ചുമത്തുകയും

അവൻ നിന്ദിച്ചതിന് തക്കവണ്ണം അവന് പകരം കൊടുക്കുകയും ചെയ്യും.

Source notes (2)
  1. Footnote അവൻ ഗർഭത്തിൽവച്ച് തന്‍റെ സഹോദരന്‍റെ കുതികാൽ പിടിച്ചു; തന്‍റെ പുരുഷപ്രായത്തിൽ ദൈവത്തോടു പൊരുതി. ഉല്പത്തി 25:26-32:24-26 വരെ നോക്കുക
  2. Footnote അവനോട് നമ്മോടു

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം. Copyright © 2017, 2019 Bridge Communication Systems. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.

Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.

BibleKenya

Reader settings

Theme
Font
Alignment
Reading width

Saved in this browser and used offline too. Press ? for keyboard shortcuts.