Skip to content
BibleKenya

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം

ആമോ. 1

തെക്കോവയിലെ ഇടയന്മാരിൽ ഒരുവനായ ആമോസ്, യെഹൂദാ രാജാവായ ഉസ്സീയാവിന്‍റെയും യിസ്രായേൽ രാജാവായ യോവാശിന്‍റെ മകനായ യൊരോബെയാമിന്‍റെയും കാലത്ത്, ഭൂകമ്പത്തിന് രണ്ടു വര്‍ഷം മുമ്പ് യിസ്രായേലിനെക്കുറിച്ച് ദർശിച്ച വചനങ്ങൾ.

അവൻ പറഞ്ഞത്:

“യഹോവ സീയോനിൽനിന്ന് ഗർജ്ജിക്കും;

യെരൂശലേമിൽനിന്ന് തന്‍റെ നാദം കേൾപ്പിക്കും.

അപ്പോൾ ഇടയന്മാരുടെ മേച്ചല്പുറങ്ങൾ ദുഃഖിക്കും;

കർമ്മേലിന്‍റെ കൊടുമുടി വാടിപ്പോകും.”

യിസ്രായേലിന്‍റെ അയൽക്കാർക്കുള്ള ന്യായവിധി

സിറിയ

യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

“ദമാസ്കോസിന്‍റെ മൂന്നോ നാലോ അതിക്രമംനിമിത്തം,

അവർ ഗിലെയാദിനെ ഇരിമ്പുമെതിവണ്ടികൊണ്ട് മെതിച്ചിരിക്കുകയാൽ തന്നെ,

ഞാൻ ശിക്ഷ മടക്കിക്കളയുകയില്ല.

ഞാൻ ഹസായേൽഗൃഹത്തിൽ ഒരു തീ അയയ്ക്കും;

അത് ബെൻ-ഹദദിന്‍റെ അരമനകളെ ദഹിപ്പിച്ചുകളയും.

ഞാൻ ദമാസ്കോസിന്‍റെ ഓടാമ്പൽ തകർത്ത്,

ആവെൻതാഴ്വരയിൽനിന്ന് നിവാസിയെയും1

ഏദെൻഗൃഹത്തിൽനിന്ന് ചെങ്കോൽ പിടിക്കുന്നവനെയും ഛേദിച്ചുകളയും;

അരാമ്യർ ബദ്ധന്മാരായി കീറിലേക്ക് പോകേണ്ടിവരും”

എന്ന് യഹോവ അരുളിച്ചെയ്യുന്നു.

ഫെലിസ്ത്യ

യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

“ഗസ്സയുടെ മൂന്നോ നാലോ അതിക്രമംനിമിത്തം,

അവർ ബദ്ധന്മാരെ മുഴുവൻ ഏദോമിന് ഏല്പിക്കേണ്ടതിന് കൊണ്ടുപോയിരിക്കുകയാൽ,

ഞാൻ ശിക്ഷ മടക്കിക്കളയുകയില്ല.

ഞാൻ ഗസ്സയുടെ മതിലിനകത്ത് ഒരു തീ അയയ്ക്കും;

അത് അതിന്‍റെ അരമനകളെ ദഹിപ്പിച്ചുകളയും.

ഞാൻ അസ്തോദിൽനിന്ന് നിവാസിയെയും

അസ്കലോനിൽനിന്ന് ചെങ്കോൽ പിടിക്കുന്നവനെയും

ഛേദിച്ചുകളയും;

എന്‍റെ കൈ എക്രോന്‍റെ നേരെ തിരിക്കും;

ഫെലിസ്ത്യരിൽ ശേഷിപ്പുള്ളവർ നശിച്ചുപോകും”

എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.

സോർ

യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

“സോരിന്‍റെ മൂന്നോ നാലോ അതിക്രമംനിമിത്തം,

അവർ സഹോദരസഖ്യത ഓർക്കാതെ

ബദ്ധന്മാരെ മുഴുവൻ ഏദോമിന് ഏല്പിച്ചുകളഞ്ഞിരിക്കുകയാൽ,

ഞാൻ ശിക്ഷ മടക്കിക്കളയുകയില്ല.

ഞാൻ സോരിന്‍റെ മതിലിനകത്ത് ഒരു തീ അയയ്ക്കും;

അത് അതിന്‍റെ അരമനകളെ ദഹിപ്പിച്ചുകളയും.”

എദോം

യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

“ഏദോമിന്‍റെ മൂന്നോ നാലോ അതിക്രമംനിമിത്തം,

അവൻ തന്‍റെ സഹോദരനെ വാളോടുകൂടി പിന്തുടർന്ന്,

തന്‍റെ കോപം സദാകാലം ജ്വലിക്കുവാൻ തക്കവിധം

അനുകമ്പ വിട്ടുകളയുകയും

ക്രോധം സദാകാലം വച്ചുകൊള്ളുകയും ചെയ്തിരിക്കുകയാൽ,

ഞാൻ ശിക്ഷ മടക്കിക്കളയുകയില്ല.

ഞാൻ തേമാനിൽ ഒരു തീ അയയ്ക്കും;

അത് ബൊസ്രയിലെ അരമനകളെ ദഹിപ്പിച്ചുകളയും.”

അമ്മോൻ

യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

“അമ്മോന്യരുടെ മൂന്നോ നാലോ അതിക്രമംനിമിത്തം,

അവർ തങ്ങളുടെ അതിരുകൾ വിസ്താരമാക്കേണ്ടതിന്

ഗിലെയാദിലെ ഗർഭിണികളെ പിളർന്നുകളഞ്ഞിരിക്കുകയാൽ,

ഞാൻ ശിക്ഷ മടക്കിക്കളയുകയില്ല.

ഞാൻ രബ്ബയുടെ മതിലിനകത്ത് ഒരു തീ കത്തിക്കും;

അത് യുദ്ധദിവസത്തിലെ ആർപ്പോടും

ചുഴലിക്കാറ്റിന്‍റെ നാളിലെ കൊടുങ്കാറ്റോടുംകൂടി

അതിലെ അരമനകളെ ദഹിപ്പിച്ചുകളയും.

അവരുടെ രാജാവ് പ്രവാസത്തിലേക്കു പോകേണ്ടിവരും;

അവനും അവന്‍റെ പ്രഭുക്കന്മാരും ഒരുപോലെ തന്നെ”

എന്ന് യഹോവ അരുളിച്ചെയ്യുന്നു.

Source notes (1)
  1. Footnote നിവാസിയെയും രാജാവിനെയും

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം. Copyright © 2017, 2019 Bridge Communication Systems. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.

Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.

BibleKenya

Reader settings

Theme
Font
Alignment
Reading width

Saved in this browser and used offline too. Press ? for keyboard shortcuts.