ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം
1 രാജാ. 9
യഹോവ ശലോമോനു പ്രത്യക്ഷപ്പെടുന്നു
ശലോമോൻ യഹോവയുടെ ആലയവും രാജധാനിയും, താൻ നിർമ്മിക്കുവാൻ ആഗ്രഹിച്ചിരുന്നതൊക്കെയും പണിതുതീർന്നശേഷം യഹോവ ഗിബെയോനിൽവച്ചു ശലോമോനു പ്രത്യക്ഷനായതുപോലെ രണ്ടാം പ്രാവശ്യവും അവനു പ്രത്യക്ഷനായി. യഹോവ അവനോട് അരുളിച്ചെയ്തത്: “നീ എന്റെ മുമ്പാകെ കഴിച്ചിരിക്കുന്ന നിന്റെ പ്രാർത്ഥനയും യാചനയും ഞാൻ കേട്ടു; നീ പണിതിരിക്കുന്ന ഈ ആലയത്തിൽ എന്റെ നാമം എന്നേക്കും സ്ഥാപിച്ച് അതിനെ വിശുദ്ധീകരിച്ചിരിക്കുന്നു; എന്റെ കണ്ണുകളും ഹൃദയവും എല്ലായ്പ്പോഴും അവിടെ ഉണ്ടായിരിക്കും.
“നിന്റെ അപ്പനായ ദാവീദ് നടന്നതുപോലെ ഹൃദയനിർമ്മലതയോടും പരമാർത്ഥതയോടും കൂടെ എന്റെ മുമ്പാകെ നടന്ന്, എന്റെ കല്പനകൾ അനുസരിച്ച് എന്റെ ചട്ടങ്ങളും വിധികളും പ്രമാണിച്ചാൽ ‘യിസ്രായേലിന്റെ സിംഹാസനത്തിൽ ഇരിപ്പാൻ ഒരു പുരുഷൻ നിനക്കു ഇല്ലാതെപോകയില്ല’ എന്നു ഞാൻ നിന്റെ അപ്പനായ ദാവീദിനോട് അരുളിച്ചെയ്തതുപോലെ യിസ്രായേലിന്മേൽ നിന്റെ രാജത്വത്തിന്റെ സിംഹാസനം ഞാൻ എന്നേക്കും സ്ഥിരമാക്കും.
“നിങ്ങളോ നിങ്ങളുടെ പുത്രന്മാരോ എന്നെ വിട്ടുമാറി നിങ്ങളുടെ മുമ്പിൽ വച്ചിരിക്കുന്ന എന്റെ കല്പനകളും ചട്ടങ്ങളും പ്രമാണിക്കാതെ, അന്യദൈവങ്ങളെ സേവിച്ചു നമസ്കരിച്ചാൽ, ഞാൻ യിസ്രായേലിനു കൊടുത്തിരിക്കുന്ന ദേശത്തുനിന്ന് അവരെ ഛേദിച്ചുകളയും; എന്റെ നാമത്തിന് വേണ്ടി ഞാൻ വിശുദ്ധീകരിച്ചിരിക്കുന്ന ഈ ആലയവും ഞാൻ എന്റെ മുമ്പിൽനിന്നു നീക്കിക്കളയും; യിസ്രായേൽ സകലജാതികളുടെയും ഇടയിൽ പഴഞ്ചൊല്ലും പരിഹാസവിഷയവും ആയിരിക്കും. ഈ ആലയം എത്ര ഉന്നതമായിരുന്നാലും കടന്നുപോകുന്ന ഏവനും അതിനെ കണ്ടു അത്ഭുതത്തോടും പരിഹാസത്തോടും കൂടി ചീറ്റുകയും ചെയ്തു, ‘യഹോവ ഈ ദേശത്തിനും ഈ ആലയത്തിനും ഇങ്ങനെ വരുത്തിയത് എന്ത്?1’ എന്നു ചോദിക്കും.
“‘അവർ തങ്ങളുടെ പിതാക്കന്മാരെ മിസ്രയീംദേശത്തു നിന്നു കൊണ്ടുവന്ന തങ്ങളുടെ ദൈവമായ യഹോവയെ ഉപേക്ഷിക്കയും അന്യദൈവങ്ങളോടു ചേർന്ന് അവയെ നമസ്കരിച്ചു സേവിക്കയും ചെയ്കകൊണ്ട് യഹോവ ഈ അനർത്ഥം ഒക്കെയും അവർക്കു വരുത്തിയിരിക്കുന്നു’ എന്നു അതിന് ഉത്തരം പറയും.”
ശലോമോനും ഹീരാമും തമ്മിലുള്ള ഉടമ്പടി
യഹോവയുടെ ആലയവും രാജധാനിയും ഇരുപതു വര്ഷം കൊണ്ടു പണിതശേഷം ശലോമോൻ രാജാവ് സോർരാജാവായ ഹീരാമിന് ഗലീലദേശത്ത് ഇരുപതു പട്ടണങ്ങൾ നൽകി; ശലോമോനു ആവശ്യാനുസരണം ദേവദാരുവും സരളമരവും സ്വർണ്ണവും കൊടുത്തിരുന്നത് ഹീരാമായിരുന്നു. ശലോമോൻ ഹീരാമിനു കൊടുത്ത പട്ടണങ്ങൾ കാണേണ്ടതിന് അവൻ സോരിൽ നിന്നു വന്നു; എന്നാൽ അവ അവനു ഇഷ്ടപ്പെട്ടില്ല. “സഹോദരാ, എങ്ങനെയുള്ള പട്ടണങ്ങളാണ് നീ എനിക്കു തന്നിരിക്കുന്നത്?” എന്നു അവൻ ചോദിച്ചു. അവയ്ക്ക് അവൻ കാബൂൽ ദേശം2 എന്നു പേരിട്ടു; ആ പേര് ഇന്നുവരെയും അങ്ങനെ തന്നെ നിലനിൽക്കുന്നു. ഹൂരാം ശലോമോനു ഏകദേശം 4,000 കിലോഗ്രാം3 പൊന്ന് കൊടുത്തയച്ചു.
ശലോമോന്റെ മറ്റു നേട്ടങ്ങൾ
യഹോവയുടെ ആലയം, അരമന, മില്ലോ, യെരൂശലേമിന്റെ മതിൽ, ഹാസോർ, മെഗിദ്ദോ, ഗേസെർ എന്നിവ പണിയേണ്ടതിനായിരുന്നു ശലോമോൻ കഠിനവേലക്ക് ആളുകളെ നിയോഗിച്ചത്. മിസ്രയീം രാജാവായ ഫറവോൻ, ഗേസെർ കീഴടക്കി, അത് തീവച്ചു നശിപ്പിച്ച് നിവാസികളായ കനാന്യരെ കൊന്നു; ശലോമോന്റെ ഭാര്യയായ തന്റെ മകൾക്കു അതു അവൻ സ്ത്രീധനമായി കൊടുത്തിരുന്നു. അങ്ങനെ ശലോമോൻ ഗേസെരും താഴത്തെ ബേത്ത്-ഹോരോനും പുതുക്കിപ്പണിയിച്ചു. ബാലാത്തും ദേശത്തിലെ മരുഭൂമിയിലുള്ള തദ്മോരും ശലോമോൻ പണിതു. ഇതുകൂടാതെ, തനിക്കു ഉണ്ടായിരുന്ന സകല സംഭാരനഗരങ്ങളും രഥങ്ങൾ, കുതിരപ്പടയാളികൾ എന്നിവക്കുള്ള പട്ടണങ്ങളും, യെരൂശലേമിലും ലെബാനോനിലും തന്റെ രാജ്യത്ത് എല്ലായിടവും താൻ പണിയുവാൻ ആഗ്രഹിച്ചതൊക്കെയും പണിതു.
അമോര്യർ, ഹിത്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിങ്ങനെ യിസ്രായേൽ മക്കളിൽ ഉൾപ്പെടാത്ത സകലജാതിയെയും യിസ്രായേൽ മക്കൾക്കു നിർമ്മൂലമാക്കുവാൻ കഴിയാതെ ദേശത്തു ശേഷിച്ചിരുന്ന അവരുടെ പിൻതലമുറക്കാരെയും ശലോമോൻ കഠിനവേല ചെയ്യുന്നവരാക്കി; അവർ ഇപ്പോഴും അങ്ങനെ തന്നെ ഇരിക്കുന്നു. യിസ്രായേൽ മക്കളിൽ ആരെയും ശലോമോൻ കഠിനവേല ചെയ്യുന്നവരാക്കിയില്ല; അവർ അവന്റെ യോദ്ധാക്കളും ഭൃത്യന്മാരും പ്രഭുക്കന്മാരും പടനായകന്മാരും രഥങ്ങൾക്കും കുതിരപ്പടയാളികൾക്കും അധിപതിമാരും ആയിരുന്നു. ബാക്കിയുള്ള അഞ്ഞൂറ്റമ്പതുപേർ ശലോമോനുവേണ്ടി വേലയെടുത്ത ജനത്തിന്റെ മേലുദ്യോഗസ്ഥന്മാരായിരുന്നു.
ഫറവോന്റെ മകൾ ദാവീദിന്റെ നഗരത്തിൽനിന്നു, ശലോമോൻ അവൾക്കുവേണ്ടി പണികഴിപ്പിച്ചിരുന്ന അരമനയിൽ പാർപ്പാൻ വന്നശേഷം അവൻ മില്ലോ4 പട്ടണം പണിതു.
ശലോമോൻ യഹോവയ്ക്കു പണിതിരുന്ന യാഗപീഠത്തിന്മേൽ അവൻ ആണ്ടിൽ മൂന്നുപ്രാവശ്യം ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ച് യഹോവയുടെ സന്നിധിയിൽ ധൂപം കാട്ടിയിരുന്നു. ഇങ്ങനെ അവൻ യഹോവയുടെ ആലയം തീർത്തു.
ശലോമോൻ രാജാവ് ഏദോംദേശത്ത് ചെങ്കടല്കരയിൽ ഏലോത്തിനു സമീപത്തുള്ള എസ്യോൻ-ഗേബെരിൽവച്ചു കപ്പലുകൾ പണിയിച്ചു. ആ കപ്പലുകളിൽ ശലോമോന്റെ ദാസന്മാരോടുകൂടെ വേലചെയ്യുവാൻ ഹൂരാം സമുദ്രപരിചയമുള്ള കപ്പല്ക്കാരായ തന്റെ ദാസന്മാരെ അയച്ചു. അവർ ഓഫീരിലേക്കു ചെന്നു അവിടെനിന്നു ഏകദേശം 14,000 കിലോഗ്രാം പൊന്ന്5 ശലോമോൻരാജാവിന്റെ അടുക്കൽ കൊണ്ടുവന്നു.
Source notes (5)
- Footnote യഹോവ ഈ ദേശത്തിനും ഈ ആലയത്തിനും ഇങ്ങനെ വരുത്തിയത് എന്ത് ഈ ആലയം അവശിഷ്ടങ്ങളുടെ ഒരു കൂമ്പാരമായി മാറും
- Footnote കാബൂൽ ദേശം പ്രയോജനം ഇല്ലാത്ത ദേശം
- Footnote ഏകദേശം 4,000 കിലോഗ്രാം നൂറ്റിരുപതു താലന്തു
- Footnote മില്ലോ മണ്ണ് നികത്തിയ സ്ഥലത്തിനാണ് മില്ലോ എന്നു പറയുന്നത്. യെരൂശലേമിന്റെ കിഴക്കേ കുന്നിന്റെ കിഴക്കേ ഭാഗത്തുള്ള മട്ടുപ്പാവിനെയും മില്ലോ എന്നു വിളിക്കാറുണ്ട്
- Footnote ഏകദേശം 14,000 കിലോഗ്രാം പൊന്ന് നാനൂറ്റി ഇരുപതു താലന്തു പൊന്ന്
ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം. Copyright © 2017, 2019 Bridge Communication Systems. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.
Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.