Skip to content
BibleKenya

Indian Revised Version (IRV) Malayalam - 2025

യെശ. 62

സീയോൻ്റെ പുതിയ നാമം

സീയോനെപ്രതി ഞാൻ മിണ്ടാതെ ഇരിക്കുകയില്ല,

യെരൂശലേമിനെപ്രതി ഞാൻ അടങ്ങിയിരിക്കുകയുമില്ല;

അതിന്‍റെ നീതി പ്രകാശംപോലെയും

അതിന്‍റെ രക്ഷ, കത്തുന്ന വിളക്കുപോലെയും വിളങ്ങിവരുവോളം തന്നെ.

ജനതകൾ നിന്‍റെ നീതിയെയും സകലരാജാക്കന്മാരും നിന്‍റെ മഹത്ത്വത്തെയും കാണും;

യഹോവയുടെ വായ് കല്പിക്കുന്ന പുതിയ പേര് നിനക്കു വിളിക്കപ്പെടും.

യഹോവയുടെ കയ്യിൽ നീ ഭംഗിയുള്ള കിരീടവും

നിന്‍റെ ദൈവത്തിന്‍റെ കയ്യിൽ രാജമുടിയും1 ആയിരിക്കും.

നിന്നെ ഇനി അസൂബാ2 എന്നു വിളിക്കുകയില്ല;

നിന്‍റെ ദേശത്തെ ശെമാമാ3 എന്നു പറയുകയുമില്ല;

നിനക്കു ഹെഫ്സീബാ4 എന്നും

നിന്‍റെ ദേശത്തിന് ബെയൂലാ5 എന്നും പേര് ആകും;

യഹോവയ്ക്കു നിന്നോട് പ്രിയമുണ്ടല്ലോ;

നിന്‍റെ ദേശത്തിന് വിവാഹം കഴിയും.

യൗവനക്കാരൻ കന്യകയെ വിവാഹം ചെയ്യുന്നതുപോലെ

നിന്‍റെ പുത്രന്മാർ6 നിന്നെ വിവാഹം ചെയ്യും;

മണവാളൻ മണവാട്ടിയിൽ സന്തോഷിക്കുന്നതുപോലെ

നിന്‍റെ ദൈവം നിന്നിൽ സന്തോഷിക്കും.

യെരൂശലേമേ, ഞാൻ നിന്‍റെ മതിലുകളിന്മേൽ കാവല്ക്കാരെ ആക്കിയിരിക്കുന്നു;

അവർ രാവോ പകലോ ഒരിക്കലും മിണ്ടാതെയിരിക്കുകയില്ല;

യഹോവയെ ഓർമിപ്പിക്കുന്നവരേ,

നിങ്ങൾ സ്വസ്ഥമായിരിക്കരുത്.

അവിടുന്ന് യെരൂശലേമിനെ യഥാസ്ഥാനപ്പെടുത്തുവോളവും

ഭൂമിയിൽ അതിനെ പ്രശംസാവിഷയമാക്കുവോളവും

അവിടുത്തേക്കു സ്വസ്ഥത കൊടുക്കുകയുമരുത്.

“ഇനി ഞാൻ നിന്‍റെ ധാന്യം നിന്‍റെ ശത്രുക്കൾക്കു ആഹാരമായി കൊടുക്കുകയില്ല;

നീ അദ്ധ്വാനിച്ചുണ്ടാക്കിയ വീഞ്ഞ് അന്യജാതിക്കാർ കുടിച്ചുകളയുകയുമില്ല” എന്നു

യഹോവ തന്‍റെ വലംകൈയും തന്‍റെ ബലമുള്ള ഭുജവും തൊട്ടു

സത്യം ചെയ്തിരിക്കുന്നു.

“അതിനെ ശേഖരിച്ചവർതന്നെ അത് ഭക്ഷിച്ചു

യഹോവയെ സ്തുതിക്കും;

അതിനെ സംഭരിച്ചവർ തന്നെ എന്‍റെ വിശുദ്ധപ്രാകാരങ്ങളിൽവച്ച്

അത് പാനംചെയ്യും.”

കടക്കുവിൻ; വാതിലുകളിൽകൂടി കടക്കുവിൻ;

ജനത്തിനു വഴി ഒരുക്കുവിൻ;

നികത്തുവിൻ; പ്രധാനപാത നികത്തുവിൻ;

കല്ല് പെറുക്കിക്കളയുവിൻ;

ജനതകൾക്കായിട്ട് ഒരു കൊടി ഉയർത്തുവിൻ.

“‘ഇതാ, നിന്‍റെ രക്ഷ വരുന്നു;

കൂലി അവന്‍റെ പക്കലും

പ്രതിഫലം അവന്‍റെ കൈയിലും ഉണ്ട്’

എന്നു സീയോൻ പുത്രിയോട് പറയുവിൻ”

എന്നിങ്ങനെ യഹോവ ഭൂമിയുടെ അറുതിയോളം

ഘോഷിപ്പിച്ചിരിക്കുന്നു.

അവർ അവരെ വിശുദ്ധജനമെന്നും

യഹോവയുടെ വിമുക്തന്മാ7രെന്നും വിളിക്കും;

നിനക്കോ അന്വേഷിക്കപ്പെട്ടവൾ8 എന്നും

ഉപേക്ഷിക്കപ്പെടാത്ത നഗരം എന്നും പേര് ആകും.

Source notes (8)
  1. Footnote രാജമുടിയും രാജകീയ മകുടവും.
  2. Footnote അസൂബാ ത്യക്ത
  3. Footnote ശൂന്യം
  4. Footnote ഹെഫ്സീബാ എന്‍റെ സന്തോഷം അവളില്‍
  5. Footnote ബെയൂലാ നീ വിവാഹിത
  6. Footnote പുത്രന്മാർ നിന്‍റെ സൃഷ്ടികള്‍
  7. Footnote വിമുക്തന്മാ വീണ്ടെടുക്കപ്പെട്ടവർ എന്നും ചില വിവർത്തനങ്ങളിൽ കാണാം.
  8. Footnote അന്വേഷിക്കപ്പെട്ടവൾ വളരെയധികം സ്നേഹിക്കപ്പെട്ടവള്‍

Indian Revised Version (IRV) Malayalam - 2025. Copyright © Bridge Connectivity Solutions Pvt. Ltd. Licensed under CC BY-SA 4.0. Source: Open.Bible. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.

Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-11-09.

BibleKenya

Reader settings

Theme
Font
Alignment
Reading width

Saved in this browser and used offline too. Press ? for keyboard shortcuts.