Skip to content
BibleKenya

Indian Revised Version (IRV) - Malayalam - 06

വെളി. 15

ഏഴു ബാധകൾ വഹിക്കുന്ന ഏഴു ദൂതന്മാർ

പിന്നെ വലുതും അത്ഭുതകരവുമായ മറ്റൊരു അടയാളം ഞാൻ സ്വർഗ്ഗത്തിൽ കണ്ടു; അവിടെ അവസാനത്തെ ഏഴു ബാധയുമുള്ള ഏഴു ദൂതന്മാരെ തന്നെ. ദൈവക്രോധം ഇവരിൽ പൂർത്തിയായി.

തീ കലർന്ന പളുങ്കുകടൽ പോലെയൊന്നും അതിനരികെ മൃഗത്തെയും അതിന്‍റെ പ്രതിമയേയും മൃഗത്തിന്‍റെ പേരിന്‍റെ സംഖ്യയേയും ജയിച്ചവർ, ദൈവം നല്കിയ വീണകൾ പിടിച്ചുംകൊണ്ടു നില്ക്കുന്നതും ഞാൻ കണ്ടു. അവർ ദൈവത്തിന്‍റെ ദാസനായ മോശെയുടെ പാട്ടും കുഞ്ഞാടിൻ്റെ പാട്ടും പാടിക്കൊണ്ടിരുന്നു: സകലത്തെയും ഭരിക്കുന്നവനായ ദൈവമായ കർത്താവേ, നിന്‍റെ പ്രവൃത്തികൾ വലുതും അത്ഭുതങ്ങളുമായവ; സർവ്വശക്തനായ കർത്താവും വിശുദ്ധരുടെ രാജാവേ, നിന്‍റെ വഴികൾ നീതിയും സത്യവുമുള്ളവ. കർത്താവേ, ആർ അങ്ങയെ ഭയപ്പെടാതെയും അങ്ങയുടെ നാമത്തെ മഹത്വപ്പെടുത്താതെയും ഇരിക്കും? എന്തെന്നാൽ അങ്ങ് മാത്രം പരിശുദ്ധൻ; അവിടുത്തെ ന്യായവിധികൾ വെളിപ്പെട്ടിരിക്കുന്നതിനാൽ സകലജാതികളും വന്നു തിരുസന്നിധിയിൽ ആരാധിക്കും.

ഈ സംഭവങ്ങൾക്ക് ശേഷം ഞാൻ നോക്കിയപ്പോൾ, സ്വർഗ്ഗത്തിലെ സാക്ഷ്യകൂടാരമായ ദൈവാലയം തുറന്നതായി കണ്ടു. ഏഴു ബാധയുള്ള ഏഴു ദൂതന്മാരും ശുദ്ധമായ വെള്ളവസ്ത്രം ധരിച്ചും മാറത്ത് പൊൻകച്ച കെട്ടിയുംകൊണ്ട് ദൈവാലയത്തിൽ നിന്നു പുറത്തു വന്നു. നാലു ജീവികളിൽ ഒന്ന് എന്നെന്നേക്കും ജീവിച്ചിരിക്കുന്ന ദൈവത്തിന്‍റെ ക്രോധം നിറഞ്ഞ ഏഴു സ്വർണ്ണപാത്രങ്ങൾ ആ ഏഴു ദൂതന്മാർക്ക് കൊടുത്തു. ദൈവത്തിന്‍റെ തേജസ്സിനാലും ശക്തിയാലും ദൈവാലയം പുകകൊണ്ട് നിറഞ്ഞു; ഏഴു ദൂതന്മാരുടെ ബാധ ഏഴും പൂർത്തിയാകുവോളം ദൈവാലയത്ത് പ്രവേശിക്കുവാൻ ആർക്കും കഴിഞ്ഞില്ല.

Indian Revised Version (IRV) - Malayalam - 06. Copyright © Bridge Connectivity Solutions Pvt. Ltd. Licensed under CC BY-SA 4.0. Source: Open.Bible. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.

Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-11-09.

BibleKenya

Reader settings

Theme
Font
Alignment
Reading width

Saved in this browser and used offline too. Press ? for keyboard shortcuts.