Indian Revised Version (IRV) - Malayalam - 06
വെളി. 12
സ്ത്രീയും മഹാസർപ്പവും
സ്വർഗ്ഗത്തിൽ വലിയൊരു അടയാളം കാണ്മാനായി: സൂര്യനെ അണിഞ്ഞൊരു സ്ത്രീ; അവളുടെ കാൽക്കീഴിൽ ചന്ദ്രനും അവളുടെ തലയിൽ പന്ത്രണ്ടു നക്ഷത്രംകൊണ്ടുള്ളൊരു കിരീടവും ഉണ്ടായിരുന്നു. അവൾ ഗർഭിണിയായി പ്രസവവേദനയാൽ നോവുകിട്ടി നിലവിളിച്ചു.
സ്വർഗ്ഗത്തിൽ മറ്റൊരു അടയാളം കൂടി കാണപ്പെട്ടു: ഏഴു തലയും പത്തു കൊമ്പും തലയിൽ ഏഴു കിരീടവും ഉള്ളതായി വലിയ ഒരു ചുവന്ന മഹാസർപ്പം. അതിന്റെ വാൽ ആകാശത്തിലെ നക്ഷത്രങ്ങളിൽ മൂന്നിലൊന്നിനെ വലിച്ചുകൂട്ടി ഭൂമിയിലേക്കു എറിഞ്ഞുകളഞ്ഞു. പ്രസവിപ്പാറായ സ്ത്രീ പ്രസവിക്കുമ്പോൾ അവളുടെ ശിശുവിനെ വിഴുങ്ങിക്കളവാൻ മഹാസർപ്പം അവളുടെ മുമ്പിൽ നിന്നു. അവൾ സകലജനതകളെയും ഇരുമ്പുകോൽകൊണ്ടു ഭരിക്കുവാനുള്ളോരു ആൺകുട്ടിയെ പ്രസവിച്ചു; അവളുടെ ശിശു ദൈവത്തിന്റെ അടുക്കലേക്കും അവന്റെ സിംഹാസനത്തിലേക്കും പെട്ടെന്ന് എടുക്കപ്പെട്ടു. ആയിരത്തിരുനൂറ്ററുപത് ദിവസം അവളെ പോറ്റുന്നതിനായി മരുഭൂമിയിൽ അവൾക്കായി ദൈവം ഒരുക്കിയിരുന്നൊരു സ്ഥലത്തേക്ക് സ്ത്രീ ഓടിപ്പോകയും ചെയ്തു.
പിന്നെ സ്വർഗ്ഗത്തിൽ യുദ്ധം ഉണ്ടായി; മീഖായേലും1 അവന്റെ ദൂതന്മാരും മഹാസർപ്പത്തിനെതിരെ പോരാടി; തന്റെ ദൂതന്മാരുമായി മഹാസർപ്പവും തിരിച്ച് പോരാടിയെങ്കിലും ജയിക്കുവാൻ കഴിഞ്ഞില്ല; സ്വർഗ്ഗത്തിൽ അവരുടെ സ്ഥലം പിന്നെ കണ്ടതുമില്ല. ലോകത്തെ മുഴുവനും ചതിക്കുന്ന സാത്താൻ എന്നും പിശാച് എന്നും വിളിക്കുന്ന പഴയ പാമ്പായ മഹാസർപ്പത്തെ ഭൂമിയിലേക്കു തള്ളിക്കളഞ്ഞു; അവനെയും അവന്റെ ദൂതന്മാരെയും ഭൂമിയിലേക്ക് തള്ളിക്കളഞ്ഞു.
അപ്പോൾ ഞാൻ സ്വർഗ്ഗത്തിൽ ഒരു മഹാശബ്ദം കേട്ടത്:
”ഇപ്പോൾ നമ്മുടെ ദൈവത്തിന്റെ രക്ഷയും ശക്തിയും രാജ്യവും
അവന്റെ ക്രിസ്തുവിന്റെ അധികാരവും വന്നിരിക്കുന്നു;
നമ്മുടെ സഹോദരന്മാരെ രാവും പകലും ദൈവത്തിന്റെ സന്നിധിയിൽ
കുറ്റം ചുമത്തുന്ന അപവാദിയെ താഴേക്ക് തള്ളിയിട്ടു കളഞ്ഞുവല്ലോ.
അവർ അവനെ കുഞ്ഞാടിൻ്റെ രക്തത്താലും അവരുടെ സാക്ഷ്യവചനത്താലും ജയിച്ചു;
മരണത്തോളം അവരുടെ ജീവനെ അവർ സ്നേഹിച്ചതുമില്ല.
ആകയാൽ സ്വർഗ്ഗവും അതിൽ വസിക്കുന്നവരും ആയുള്ളോരേ, ആനന്ദിപ്പിൻ;
എന്നാൽ, അല്പസമയം മാത്രമേ തനിക്കുള്ളൂ എന്നറിഞ്ഞ്
പിശാച് മഹാകോപത്തോടെ നിങ്ങളുടെ അടുക്കലേക്ക് വന്നിരിക്കുന്നതുകൊണ്ട്
ഭൂമിയിലും സമുദ്രത്തിലും വസിക്കുന്നവരേ, നിങ്ങൾക്ക് അയ്യോ കഷ്ടം.”
തന്നെ ഭൂമിയിലേക്കു എറിഞ്ഞുകളഞ്ഞു എന്നു സർപ്പം മനസ്സിലാക്കിയപ്പോൾ, അവൻ ആൺകുട്ടിയെ പ്രസവിച്ച സ്ത്രീയെ പിന്തുടർന്ന് ദ്രോഹിച്ചു. അപ്പോൾ സ്ത്രീക്ക് മരുഭൂമിയിൽ തന്റെ സ്ഥലത്തേക്കു പറന്നു പോകേണ്ടതിനു വലിയ കഴുകന്റെ രണ്ടു ചിറകു ലഭിച്ചു; അവിടെ അവളെ മഹാസർപ്പത്തിൻ്റെ പിടിയിൽപ്പെടാതെ ഒരുകാലവും കാലങ്ങളും അരക്കാലവും പോറ്റി രക്ഷിച്ചു.
സർപ്പം സ്ത്രീയെ വെള്ളപ്പൊക്കത്താൽ ഒഴുക്കിക്കളയേണ്ടതിന് തന്റെ വായിൽനിന്നു നദിപോലെ വെള്ളം പുറപ്പെടുവിച്ചു. എന്നാൽ ഭൂമി സ്ത്രീയെ സഹായിച്ചു; മഹാസർപ്പം തന്റെ വായിൽനിന്നു പുറപ്പെടുവിച്ച നദിയെ ഭൂമി വായ് തുറന്ന് വിഴുങ്ങിക്കളഞ്ഞു. അപ്പോൾ മഹാസർപ്പം സ്ത്രീയോട് കോപിക്കുകയും ദൈവകല്പന അനുസരിക്കുന്നവരും യേശുക്രിസ്തുവിന്റെ സാക്ഷ്യം ഉള്ളവരുമായ അവളുടെ സന്തതിയിൽ ശേഷിപ്പുള്ളവരോട് യുദ്ധം ചെയ്യുവാൻ പുറപ്പെടുകയും ചെയ്തു. പിന്നെ മഹാസർപ്പം കടൽപ്പുറത്തെ മണലിന്മേൽ നിന്നു.
Source notes (1)
- Footnote മീഖായേല്-ദൈവത്തിന്റെ പ്രധാന ദൂതന്
Indian Revised Version (IRV) - Malayalam - 06. Copyright © Bridge Connectivity Solutions Pvt. Ltd. Licensed under CC BY-SA 4.0. Source: Open.Bible. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.
Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-11-09.