Skip to content
BibleKenya

മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക ലിപിയിൽ

സദൃശവാക്യങ്ങൾ 16

ഹൃദയത്തിലെ നിരൂപണങ്ങൾ മനുഷ്യന്നുള്ളവ;

നാവിന്റെ ഉത്തരമോ യഹോവയാൽ വരുന്നു.

മനുഷ്യന്നു തന്റെ വഴികളൊക്കെയും വെടിപ്പായി തോന്നുന്നു;

യഹോവയോ ആത്മാക്കളെ തൂക്കിനോക്കുന്നു.

നിന്റെ പ്രവൃത്തികളെ യഹോവെക്കു സമർപ്പിക്ക;

എന്നാൽ നിന്റെ ഉദ്ദേശങ്ങൾ സാധിക്കും.

യഹോവ സകലത്തെയും തന്റെ ഉദ്ദേശത്തിന്നായി ഉണ്ടാക്കിയിരിക്കുന്നു;

അനർത്ഥദിവസത്തിന്നായി ദുഷ്ടനെയും കൂടെ.

ഗർവ്വമുള്ള ഏവനും യഹോവെക്കു വെറുപ്പു;

അവന്നു ശിക്ഷ വരാതിരിക്കയില്ല എന്നതിന്നു ഞാൻ കയ്യടിക്കുന്നു.

ദയയും വിശ്വസ്തതയുംകൊണ്ടു അകൃത്യം പരിഹരിക്കപ്പെടുന്നു;

യഹോവാഭക്തികൊണ്ടു മനുഷ്യർ ദോഷത്തെ വിട്ടകലുന്നു.

ഒരുത്തന്റെ വഴികൾ യഹോവെക്കു ഇഷ്ടമായിരിക്കുമ്പോൾ

അവൻ അവന്റെ ശത്രുക്കളെയും അവനോടു ഇണക്കുന്നു.

ന്യായരഹിതമായ വലിയ വരവിനെക്കാൾ

നീതിയോടെയുള്ള അല്പം നല്ലതു.

മനുഷ്യന്റെ ഹൃദയം തന്റെ വഴിയെ നിരൂപിക്കുന്നു;

അവന്റെ കാലടികളെയോ യഹോവ ക്രമപ്പെടുത്തുന്നു.

രാജാവിന്റെ അധരങ്ങളിൽ അരുളപ്പാടുണ്ടു;

ന്യായവിധിയിൽ അവന്റെ വായ് പിഴെക്കുന്നതുമില്ല.

ഒത്ത വെള്ളിക്കോലും ത്രാസും യഹോവെക്കുള്ളവ;

സഞ്ചിയിലെ പടി ഒക്കെയും അവന്റെ പ്രവൃത്തിയാകുന്നു.

ദുഷ്ടത പ്രവർത്തിക്കുന്നതു രാജാക്കന്മാർക്കു വെറുപ്പു;

നീതികൊണ്ടല്ലോ സിംഹാസനം സ്ഥിരപ്പെടുന്നതു.

നീതിയുള്ള അധരങ്ങൾ രാജാക്കന്മാർക്കു പ്രസാദം;

നേർ പറയുന്നവനെ അവർ സ്നേഹിക്കുന്നു.

രാജാവിന്റെ ക്രോധം മരണദൂതന്നു തുല്യം;

ജ്ഞാനമുള്ള മനുഷ്യനോ അതിനെ ശമിപ്പിക്കും.

രാജാവിന്റെ മുഖപ്രകാശത്തിൽ ജീവൻ ഉണ്ടു;

അവന്റെ പ്രസാദം പിന്മഴെക്കുള്ള മേഘംപോലെയാകുന്നു.

തങ്കത്തെക്കാൾ ജ്ഞാനത്തെ സമ്പാദിക്കുന്നതു എത്ര നല്ലതു!

വെള്ളിയെക്കാൾ വിവേകം സമ്പാദിക്കുന്നതു എത്ര ഉത്തമം!

ദോഷം അകറ്റിനടക്കുന്നതു നേരുള്ളവരുടെ പെരുവഴി;

തന്റെ വഴി സൂക്ഷിക്കുന്നവൻ തന്റെ പ്രാണനെ കാത്തുകൊള്ളുന്നു.

നാശത്തിന്നു മുമ്പെ ഗർവ്വം;

വീഴ്ചക്കു മുമ്പെ ഉന്നതഭാവം.

ഗർവ്വികളോടുകൂടെ കവർച്ച പങ്കിടുന്നതിനെക്കാൾ

താഴ്മയുള്ളവരോടുകൂടെ താഴ്മയുള്ളവനായിരിക്കുന്നതു നല്ലതു.

തിരുവചനം പ്രമാണിക്കുന്നവൻ നന്മ കണ്ടെത്തും;

യഹോവയിൽ ആശ്രയിക്കുന്നവൻ ഭാഗ്യവാൻ.

ജ്ഞാനഹൃദയൻ വിവേകി എന്നു വിളിക്കപ്പെടും;

അധരമാധുര്യം വിദ്യയെ വർദ്ധിപ്പിക്കുന്നു.

വിവേകം വിവേകിക്കു ജീവന്റെ ഉറവാകുന്നു;

ഭോഷന്മാരുടെ പ്രബോധനമോ ഭോഷത്വം തന്നേ.

ജ്ഞാനിയുടെ ഹൃദയം അവന്റെ വായെ പഠിപ്പിക്കുന്നു;

അവന്റെ അധരങ്ങൾക്കു വിദ്യ വർദ്ധിപ്പിക്കുന്നു.

ഇമ്പമുള്ള വാക്കു തേൻകട്ടയാകുന്നു;

മനസ്സിന്നു മധുരവും അസ്ഥികൾക്കു ഔഷധവും തന്നേ; 1

ചിലപ്പോൾ ഒരു വഴി മനുഷ്യന്നു ചൊവ്വായി തോന്നുന്നു;

അതിന്റെ അവസാനമോ മരണവഴികൾ അത്രേ.

പണിക്കാരന്റെ വിശപ്പു അവനെക്കൊണ്ടു പണി ചെയ്യിക്കുന്നു;

അവന്റെ വായ് അവനെ അതിന്നായി നിർബ്ബന്ധിക്കുന്നു.

നിസ്സാരമനുഷ്യൻ പാതകം എന്ന കുഴികുഴിക്കുന്നു;

അവന്റെ അധരങ്ങളിൽ കത്തുന്ന തീ ഉണ്ടു.

വക്രതയുള്ള മനുഷ്യൻ വഴക്കു ഉണ്ടാക്കുന്നു;

ഏഷണിക്കാരൻ മിത്രങ്ങളെ ഭേദിപ്പിക്കുന്നു.

സഹാസക്കാരൻ കൂട്ടുകാരനെ വശീകരിക്കയും

കൊള്ളരുതാത്ത വഴിയിൽ നടത്തുകയും ചെയ്യുന്നു.

കണ്ണു അടെക്കുന്നവൻ വക്രത നിരൂപിക്കുന്നു;

വപ്പു കടിക്കുന്നവൻ ദോഷം നിവർത്തിക്കുന്നു.

നരച്ച തല ശോഭയുള്ള കിരീടമാകുന്നു;

നീതിയുടെ മാർഗ്ഗത്തിൽ അതിനെ പ്രാപിക്കാം.

ദീർഘക്ഷമയുള്ളവൻ യുദ്ധവീരനിലും

ജിതമാനസൻ പട്ടണം പിടിക്കുന്നവനിലും ശ്രേഷ്ഠൻ.

ചീട്ടു മടിയിൽ ഇടുന്നു;

അതിന്റെ വിധാനമോ യഹോവയാലത്രേ.

Source notes (1)
  1. Cross-reference സദൃശവാക്യങ്ങൾ 14:12

മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക ലിപിയിൽ. Copyright © 2015 The Free Bible Foundation. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.

Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.

BibleKenya

Reader settings

Theme
Font
Alignment
Reading width

Saved in this browser and used offline too. Press ? for keyboard shortcuts.