Skip to content
BibleKenya

മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക ലിപിയിൽ

സദൃശവാക്യങ്ങൾ 15

മൃദുവായ ഉത്തരം ക്രോധത്തെ ശമിപ്പിക്കുന്നു;

കഠിനവാക്കോ കോപത്തെ ജ്വലിപ്പിക്കുന്നു.

ജ്ഞാനിയുടെ നാവു നല്ല പരിജ്ഞാനം പ്രസ്താവിക്കുന്നു;

മൂഢന്മാരുടെ വായോ ഭോഷത്വം പൊഴിക്കുന്നു.

യഹോവയുടെ കണ്ണു എല്ലാടവും ഉണ്ടു;

ആകാത്തവരെയും നല്ലവരെയും നോക്കിക്കൊണ്ടിരിക്കുന്നു.

നാവിന്റെ ശാന്തത ജീവവൃക്ഷം;

അതിന്റെ വക്രതയോ മനോവ്യസനം.

ഭോഷൻ അപ്പന്റെ പ്രബോധനം നിരസിക്കുന്നു;

ശാസനയെ കൂട്ടാക്കുന്നവനോ വിവേകിയായ്തീരും.

നീതിമാന്റെ വീട്ടിൽ വളരെ നിക്ഷേപം ഉണ്ടു;

ദുഷ്ടന്റെ ആദായത്തിലോ അനർത്ഥം.

ജ്ഞാനികളുടെ അധരങ്ങൾ പരിജ്ഞാനം വിതറുന്നു;

മൂഢന്മാരുടെ ഹൃദയമോ നേരുള്ളതല്ല.

ദുഷ്ടന്മാരുടെ യാഗം യഹോവെക്കു വെറുപ്പു;

നേരുള്ളവരുടെ പ്രാർത്ഥനയോ അവന്നു പ്രസാദം.

ദുഷ്ടന്മാരുടെ വഴി യഹോവെക്കു വെറുപ്പു;

എന്നാൽ നീതിയെ പിന്തുടരുന്നവനെ അവൻ സ്നേഹിക്കുന്നു.

സന്മാർഗ്ഗം ത്യജിക്കുന്നവന്നു കഠിനശിക്ഷ വരും;

ശാസന വെറുക്കുന്നവൻ മരിക്കും.

പാതാളവും നരകവും യഹോവയുടെ ദൃഷ്ടിയിൽ ഇരിക്കുന്നു;

മനുഷ്യപുത്രന്മാരുടെ ഹൃദയങ്ങൾ എത്ര അധികം!

പരിഹാസി ശാസന ഇഷ്ടപ്പെടുന്നില്ല;

ജ്ഞാനികളുടെ അടുക്കൽ ചെല്ലുന്നതുമില്ല.

സന്തോഷമുള്ള ഹൃദയം മുഖപ്രസാദമുണ്ടാക്കുന്നു;

ഹൃദയത്തിലെ വ്യസനംകൊണ്ടോ ധൈര്യം ക്ഷയിക്കുന്നു.

വിവേകമുള്ളവന്റെ ഹൃദയം പരിജ്ഞാനം അന്വേഷിക്കുന്നു;

മൂഢന്മാരുടെ വായോ ഭോഷത്വം ആചരിക്കുന്നു.

അരിഷ്ടന്റെ ജീവനാൾ ഒക്കെയും കഷ്ടകാലം;

സന്തുഷ്ടഹൃദയന്നോ നിത്യം ഉത്സവം.

ബഹു നിക്ഷേപവും അതിനോടുകൂടെ കഷ്ടതയും ഉള്ളതിനെക്കാൾ

യഹോവാഭക്തിയോടുകൂടെ അല്പധനം ഉള്ളതു നന്നു.

ദ്വേഷമുള്ളെടത്തെ തടിപ്പിച്ച കാളയെക്കാൾ

സ്നേഹമുള്ളെടത്തെ ശാകഭോജനം നല്ലതു.

ക്രോധമുള്ളവൻ കലഹം ഉണ്ടാക്കുന്നു;

ദീർഘക്ഷമയുള്ളവനോ കലഹം ശമിപ്പിക്കുന്നു.

മടിയന്റെ വഴി മുള്ളുവേലിപോലെയാകുന്നു;

നീതിമാന്മാരുടെ പാതയോ പെരുവഴി തന്നേ.

ജ്ഞാനമുള്ള മകൻ അപ്പനെ സന്തോഷിപ്പിക്കുന്നു;

മൂഢനോ അമ്മയെ നിന്ദിക്കുന്നു.

ഭോഷത്വം ബുദ്ധിഹീനന്നു സന്തോഷം;

വിവേകിയോ ചൊവ്വായി നടക്കുന്നു.

ആലോചന ഇല്ലാഞ്ഞാൽ ഉദ്ദേശങ്ങൾ സാധിക്കാതെ പോകുന്നു;

ആലോചനക്കാരുടെ ബഹുത്വത്താലോ അവ സാധിക്കുന്നു.

താൻ പറയുന്ന ഉത്തരം ഹേതുവായി മനുഷ്യന്നു സന്തോഷം വരും;

തക്കസമയത്തു പറയുന്ന വാക്കു എത്ര മനോഹരം!

ബുദ്ധിമാന്റെ ജീവയാത്ര മേലോട്ടാകുന്നു;

കീഴെയുള്ള പാതാളത്തെ അവൻ ഒഴിഞ്ഞുപോകും.

അഹങ്കാരിയുടെ വീടു യഹോവ പൊളിച്ചുകളയും;

വിധവയുടെ അതിരോ അവൻ ഉറപ്പിക്കും.

ദുരുപായങ്ങൾ യഹോവെക്കു വെറുപ്പു;

ദയാവാക്കോ നിർമ്മലം.

ദുരാഗ്രഹി തന്റെ ഭവനത്തെ വലെക്കുന്നു;

കോഴ വെറുക്കുന്നവനോ ജീവിച്ചിരിക്കും.

നീതിമാൻ മനസ്സിൽ ആലോചിച്ചു ഉത്തരം പറയുന്നു;

ദുഷ്ടന്മാരുടെ വായോ ദോഷങ്ങളെ പൊഴിക്കുന്നു.

യഹോവ ദുഷ്ടന്മാരോടു അകന്നിരിക്കുന്നു;

നീതിമാന്മാരുടെ പ്രാർത്ഥനയോ അവൻ കേൾക്കുന്നു.

കണ്ണിന്റെ ശോഭ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു;

നല്ല വർത്തമാനം അസ്ഥികളെ തണുപ്പിക്കുന്നു.

ജീവാർത്ഥമായ ശാസന കേൾക്കുന്ന ചെവിയുള്ളവൻ

ജ്ഞാനികളുടെ മദ്ധ്യേ വസിക്കും.

പ്രബോധനം ത്യജിക്കുന്നവൻ തന്റെ പ്രാണനെ നിരസിക്കുന്നു;

ശാസന കേട്ടനുസരിക്കുന്നവനോ വിവേകം സമ്പാദിക്കുന്നു.

യഹോവാഭക്തി ജ്ഞാനോപദേശമാകുന്നു;

മാനത്തിന്നു വിനയം മുന്നോടിയാകുന്നു.

മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക ലിപിയിൽ. Copyright © 2015 The Free Bible Foundation. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.

Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.

BibleKenya

Reader settings

Theme
Font
Alignment
Reading width

Saved in this browser and used offline too. Press ? for keyboard shortcuts.