Skip to content
BibleKenya

മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക ലിപിയിൽ

ഇയ്യോബ് 40

യഹോവ പിന്നെയും ഇയ്യോബിനോടു അരുളിച്ചെയ്തതു എന്തെന്നാൽ:

ആക്ഷേപകൻ സർവ്വശക്തനോടു വാദിക്കുമോ?

ദൈവത്തോടു തർക്കിക്കുന്നവൻ ഇതിന്നു ഉത്തരം പറയട്ടെ.

അതിന്നു ഇയ്യോബ് യഹോവയോടു ഉത്തരം പറഞ്ഞതു:

ഞാൻ നിസ്സാരനല്ലോ, ഞാൻ നിന്നോടു എന്തുത്തരം പറയേണ്ടു?

ഞാൻ കൈകൊണ്ടു വായി പൊത്തിക്കൊള്ളുന്നു.

ഒരുവട്ടം ഞാൻ സംസാരിച്ചു; ഇനി ഉത്തരം പറകയില്ല.

രണ്ടുവട്ടം ഞാൻ ഉരചെയ്തു; ഇനി മിണ്ടുകയില്ല.

അപ്പോൾ യഹോവ ചുഴലിക്കാറ്റിൽനിന്നു ഇയ്യോബിനോടു ഉത്തരം പറഞ്ഞതെന്തെന്നാൽ:

നീ പുരുഷനെപ്പോലെ അര മുറുക്കിക്കൊൾക;

ഞാൻ നിന്നോടു ചോദിക്കും; നീ എനിക്കു ഗ്രഹിപ്പിച്ചുതരിക.

നീ എന്റെ ന്യായത്തെ ദുർബ്ബലപ്പെടുത്തുമോ?

നീ നീതിമാനാകേണ്ടതിന്നു എന്നെ കുറ്റം പറയുമോ?

ദൈവത്തിന്നുള്ളതുപോലെ നിനക്കു ഭുജം ഉണ്ടോ?

അവനെപ്പോലെ നിനക്കു ഇടിമുഴക്കാമോ?

നീ മഹിമയും പ്രതാപവും അണിഞ്ഞുകൊൾക.

തേജസ്സും പ്രഭാവവും ധരിച്ചുകൊൾക.

നിന്റെ കോപപ്രവാഹങ്ങളെ ഒഴുക്കുക;

ഏതു ഗർവ്വിയെയും നോക്കി താഴ്ത്തുക.

ഏതു ഗർവ്വിയെയും നോക്കി കവിഴ്ത്തുക;

ദുഷ്ടന്മാരെ അവരുടെ നിലയിൽ തന്നേ വീഴ്ത്തിക്കളക.

അവരെ ഒക്കെയും പൊടിയിൽ മറെച്ചുവെക്കുക;

അവരുടെ മുഖങ്ങളെ മറവിടത്തു ബന്ധിച്ചുകളക.

അപ്പോൾ നിന്റെ വലങ്കൈ നിന്നെ രക്ഷിക്കുന്നു

എന്നു ഞാനും നിന്നെ ശ്ലാഘിച്ചുപറയും.

ഞാൻ നിന്നെപ്പോലെ ഉണ്ടാക്കിയിരിക്കുന്ന നദീഹയമുണ്ടല്ലോ;

അതു കാളയെപ്പോലെ പുല്ലുതിന്നുന്നു. അതിന്റെ ശക്തി അതിന്റെ കടിപ്രദേശത്തും

അതിന്റെ ബലം വയറ്റിന്റെ മാംസപേശികളിലും ആകുന്നു.

ദേവദാരുതുല്യമായ തന്റെ വാൽ അതു ആട്ടുന്നു;

അതിന്റെ തുടയിലെ ഞരമ്പുകൾ കൂടി പിണഞ്ഞിരിക്കുന്നു.

അതിന്റെ അസ്ഥികൾ ചെമ്പുകുഴൽപോലെയും

എല്ലുകൾ ഇരിമ്പഴിപോലെയും ഇരിക്കുന്നു.

അതു ദൈവത്തിന്റെ സൃഷ്ടികളിൽ പ്രധാനമായുള്ളതു;

അതിനെ ഉണ്ടാക്കിയവൻ അതിന്നു ഒരു വാൾ കൊടുത്തിരിക്കുന്നു.

കാട്ടുമൃഗങ്ങളൊക്കെയും കളിക്കുന്നിടമായ

പർവ്വതങ്ങൾ അതിന്നു തീൻ വിളയിക്കുന്നു. അതു നീർമരുതിന്റെ ചുവട്ടിലും

ഞാങ്ങണയുടെ മറവിലും ചതുപ്പുനിലത്തും കിടക്കുന്നു.

നീർമരുതു നിഴൽകൊണ്ടു അതിനെ മറെക്കുന്നു;

തോട്ടിങ്കലെ അലരി അതിനെ ചുറ്റി നില്ക്കുന്നു;

നദി കവിഞ്ഞൊഴുകിയാലും അതു ഭ്രമിക്കുന്നില്ല;

യോർദ്ദാൻ അതിന്റെ വായിലേക്കു ചാടിയാലും അതു നിർഭയമായിരിക്കും.

അതു നോക്കിക്കൊണ്ടിരിക്കെ അതിനെ പിടിക്കാമോ?

അതിന്റെ മൂക്കിൽ കയർ കോർക്കാമോ?

മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക ലിപിയിൽ. Copyright © 2015 The Free Bible Foundation. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.

Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.

BibleKenya

Reader settings

Theme
Font
Alignment
Reading width

Saved in this browser and used offline too. Press ? for keyboard shortcuts.