Skip to content
BibleKenya

മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക ലിപിയിൽ

യെശയ്യാവു 9

1

എന്നാൽ കഷ്ടതയിൽ ഇരുന്ന ദേശത്തിന്നു തിമിരം നില്ക്കയില്ല; പണ്ടു അവൻ സെബൂലൂൻദേശത്തിന്നും നഫ്താലിദേശത്തിന്നും ഹീനത വരുത്തിയെങ്കിലും പിന്നത്തേതിൽ അവൻ കടൽവഴിയായി യോർദ്ദാന്നക്കരെയുള്ള ജാതികളുടെ മണ്ഡലത്തിന്നു മഹത്വം വരുത്തും. 2ഇരുട്ടിൽ നടന്ന ജനം വലിയൊരു വെളിച്ചം കണ്ടു; അന്ധതമസ്സുള്ള ദേശത്തു പാർത്തവരുടെ മേൽ പ്രകാശം ശോഭിച്ചു. നീ വർദ്ധിപ്പിച്ചിട്ടില്ലാത്ത ജാതിയെ വർദ്ധിപ്പിക്കുന്നു; അവർ നിന്റെ സന്നിധിയിൽ സന്തോഷിക്കുന്ന സന്തോഷം കൊയ്ത്തുകാലത്തിലെ സന്തോഷംപോലെയും കൊള്ളപങ്കിടുമ്പോൾ ആനന്ദിക്കുന്നതു പോലെയും ആകുന്നു. അവൻ ചുമക്കുന്ന നുകവും അവന്റെ ചുമലിലെ കോലും അവനെ ദണ്ഡിപ്പിക്കുന്നവന്റെ വടിയും മിദ്യാന്റെ നാളിലെപ്പോലെ നീ ഒടിച്ചുകളഞ്ഞിരിക്കുന്നു. ഒച്ചയോടെ ചവിട്ടി നടക്കുന്ന യോദ്ധാവിന്റെ ചെരിപ്പൊക്കെയും രക്തംപിരണ്ട വസ്ത്രവും വിറകു പോലെ തീക്കു ഇരയായിത്തീരും. നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്കു ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്റെ തോളിൽ ഇരിക്കും; അവന്നു അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവു, സമാധാനപ്രഭു എന്നു പേർ വിളിക്കപ്പെടും. 3അവന്റെ ആധിപത്യത്തിന്റെ വർദ്ധനെക്കും സമാധാനത്തിന്നും അവസാനം ഉണ്ടാകയില്ല; ദാവീദിന്റെ സിംഹാസനത്തിലും അവന്റെ രാജത്വത്തിലും ഇന്നുമുതൽ എന്നെന്നേക്കും അവൻ അതിനെ ന്യായത്തോടും നീതിയോടും കൂടെ സ്ഥാപിച്ചു നിലനിർത്തും; സൈന്യങ്ങളുടെ യഹോവയുടെ തീക്ഷ്ണത അതിനെ നിവർത്തിക്കും. കർത്താവു യാക്കോബിൽ ഒരു വചനം അയച്ചു; അതു യിസ്രായേലിന്മേൽ വീണും ഇരിക്കുന്നു. ഇഷ്ടികകൾ വീണുപോയി എങ്കിലും ഞങ്ങൾ വെട്ടുകല്ലുകൊണ്ടു പണിയും; കാട്ടത്തികളെ വെട്ടിക്കളഞ്ഞു എങ്കിലും ഞങ്ങൾ അവെക്കു പകരം ദേവദാരുക്കളെ നട്ടുകൊള്ളും എന്നിങ്ങനെ ഡംഭത്തോടും ഹൃദയഗർവ്വത്തോടുംകൂടെ പറയുന്ന എഫ്രയീമും ശമര്യനിവാസികളുമായ ജനമൊക്കെയും അതു അറിയും. അതുകൊണ്ടു യഹോവ രെസീന്റെ വൈരികളെ അവന്റെ നേരെ ഉയർത്തി, അവന്റെ ശത്രുക്കളെ ഇളക്കിവിട്ടിരിക്കുന്നു. അരാമ്യർ കിഴക്കും ഫെലിസ്ത്യർ പടിഞ്ഞാറും തന്നേ; അവർ യിസ്രായേലിനെ വായ് പിളർന്നു വിഴുങ്ങിക്കളയും. ഇതെല്ലാംകൊണ്ടും അവന്റെ കോപം അടങ്ങാതെ അവന്റെ കൈ ഇനിയും നീട്ടിയിരിക്കും. എന്നിട്ടും ജനം തങ്ങളെ അടിക്കുന്നവങ്കലേക്കു തിരിയുന്നില്ല; സൈന്യങ്ങളുടെ യഹോവയെ അന്വേഷിക്കുന്നതുമില്ല. അതുകൊണ്ടു യഹോവ യിസ്രായേലിൽനിന്നു തലയും വാലും പനമ്പട്ടയും പോട്ടപ്പുല്ലും ഒരു ദിവസത്തിൽ തന്നേ ഛേദിച്ചുകളയും. മൂപ്പനും മാന്യപുരുഷനും തന്നേ തല; അസത്യം ഉപദേശിക്കുന്ന പ്രവാചകൻ തന്നേ വാൽ. ഈ ജനത്തെ നടത്തുന്നവർ അവരെ തെറ്റിച്ചുകളയുന്നു; അവരാൽ നടത്തപ്പെടുന്നവർ നശിച്ചുപോകുന്നു. അതുകൊണ്ടു കർത്താവു അവരുടെ യൗവനക്കാരിൽ സന്തോഷിക്കയില്ല; അവരുടെ അനാഥന്മാരോടും വിധവമാരോടും അവന്നു കരുണ തോന്നുകയുമില്ല; എല്ലാവരും വഷളന്മാരും ദുഷ്കർമ്മികളും ആകുന്നു; എല്ലാവായും ഭോഷത്വം സംസാരിക്കുന്നു. ഇതു എല്ലാം കൊണ്ടും അവന്റെ കോപം അടങ്ങാതെ അവന്റെ കൈ ഇനിയും നീട്ടിയിരിക്കും. ദുഷ്ടത തീപോലെ ജ്വലിക്കുന്നു; അതു പറക്കാരയും മുള്ളും ദഹിപ്പിക്കുന്നു; വനത്തിലെ പള്ളക്കാടുകളിൽ കത്തുന്നു; പുകത്തൂണുകളായി ഉരുണ്ടുപൊങ്ങും. സൈന്യങ്ങളുടെ യഹോവയുടെ കോപംനിമിത്തം ദേശം ദഹിച്ചുപോയിരിക്കുന്നു; ജനവും തീക്കു ഇരയായിരിക്കുന്നു; ഒരുത്തനും തന്റെ സഹോദരനെ ആദരിക്കുന്നില്ല. ഒരുത്തൻ വലത്തുഭാഗം കടിച്ചുപറിച്ചിട്ടും വിശന്നിരിക്കും; ഇടത്തുഭാഗവും തിന്നും; തൃപ്തിവരികയുമില്ല; ഓരോരുത്തൻ താന്താന്റെ ഭുജത്തിന്റെ മാംസം തിന്നുകളയുന്നു. മനശ്ശെ എഫ്രയീമിനെയും എഫ്രയീം മനശ്ശെയെയും തന്നേ; അവർ ഇരുവരും യെഹൂദെക്കു വിരോധമായിരിക്കുന്നു. ഇതെല്ലാംകൊണ്ടും അവന്റെ കോപം അടങ്ങാതെ അവന്റെ കൈ ഇനിയും നീട്ടിയിരിക്കും.

Source notes (3)
  1. Cross-reference മത്തായി 4:15
  2. Cross-reference മത്തായി 4:16; ലൂക്കൊസ് 1:79
  3. Cross-reference ലൂക്കൊസ് 1:32,33

മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക ലിപിയിൽ. Copyright © 2015 The Free Bible Foundation. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.

Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.

BibleKenya

Reader settings

Theme
Font
Alignment
Reading width

Saved in this browser and used offline too. Press ? for keyboard shortcuts.