Skip to content
BibleKenya

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം

സങ്കീ. 64

ശത്രുക്കളിൽ നിന്ന് സംരക്ഷണത്തിനായുള്ള പ്രാർത്ഥന

സംഗീതപ്രമാണിക്ക്; ദാവീദിന്‍റെ ഒരു സങ്കീർത്തനം.

ദൈവമേ, എന്‍റെ സങ്കടത്തിൽ ഞാൻ കഴിക്കുന്ന അപേക്ഷ കേൾക്കേണമേ;

ശത്രുഭയത്തിൽനിന്ന് എന്‍റെ ജീവനെ പാലിക്കേണമേ;

ദുഷ്കർമ്മികളുടെ ഗൂഢാലോചനയിലും

നീതികേട് പ്രവർത്തിക്കുന്നവരുടെ കൂട്ടത്തിലും ഞാൻ അകപ്പെടാതെ എന്നെ മറച്ചുകൊള്ളേണമേ.

അവർ അവരുടെ നാവിനെ വാൾപോലെ മൂർച്ചയാക്കുന്നു;

നിഷ്കളങ്കനെ ഒളിച്ചിരുന്ന് എയ്യേണ്ടതിന്

അവർ കൈപ്പുള്ള വാക്കായ അസ്ത്രം തൊടുക്കുകയും

ശങ്കിക്കാതെ പെട്ടെന്ന് അവനെ എയ്തുകളയുകയും ചെയ്യുന്നു.

തിന്മയായ കാര്യത്തിൽ അവർ അവരെത്തന്നെ ഉറപ്പിക്കുന്നു;

ഒളിച്ച് കെണിവയ്ക്കുവാൻ തമ്മിൽ ആലോചിക്കുന്നു;

“നമ്മെ ആര്‍ കാണും1” എന്നു അവർ പറയുന്നു.

അവർ ദ്രോഹസൂത്രങ്ങൾ കണ്ടുപിടിക്കുന്നു;

നാം ഒരു സൂക്ഷ്മസൂത്രം കണ്ടുപിടിച്ചു എന്നു പറയുന്നു;

മനുഷ്യന്‍റെ അന്തരംഗവും ഹൃദയവും അഗാധം തന്നെ.

എന്നാൽ ദൈവം അവരെ എയ്യും;

അമ്പുകൊണ്ട് അവർ പെട്ടന്ന് മുറിവേല്ക്കും.

അങ്ങനെ സ്വന്തനാവ് അവർക്ക് വിരോധമായിരിക്കുകയാൽ

അവർ ഇടറി വീഴുവാൻ ഇടയാകും;

അവരെ കാണുന്നവരെല്ലാം പരിഹാസത്തോടെ തല കുലുക്കുന്നു.

അങ്ങനെ സകലമനുഷ്യരും ഭയപ്പെട്ട്

ദൈവത്തിന്‍റെ പ്രവൃത്തിയെപ്പറ്റി പ്രസ്താവിക്കും;

ദൈവത്തിന്‍റെ പ്രവൃത്തിയെപ്പറ്റി അവർ ചിന്തിക്കും.

നീതിമാൻ യഹോവയിൽ ആനന്ദിച്ച് അവിടുത്തെ ശരണമാക്കും;

ഹൃദയപരമാർത്ഥികൾ എല്ലാവരും പ്രശംസിക്കപ്പെടും.

Source notes (1)
  1. Footnote നമ്മെ ആര്‍ കാണും അവരെ ആര്‍ കാണും എന്നു അവര്‍ പറയുന്നു

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം. Copyright © 2017, 2019 Bridge Communication Systems. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.

Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.

BibleKenya

Reader settings

Theme
Font
Alignment
Reading width

Saved in this browser and used offline too. Press ? for keyboard shortcuts.