Skip to content
BibleKenya

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം

സങ്കീ. 63

ദൈവസന്നിധിയിൽ ആശ്വാസവും ഉറപ്പും

ദാവീദിന്‍റെ ഒരു സങ്കീർത്തനം; ദാവീദ് യെഹൂദാമരുഭൂമിയിൽ ഇരിക്കുന്നകാലത്ത് എഴുതിയത്.

ദൈവമേ, അങ്ങ് എന്‍റെ ദൈവം; അതികാലത്ത് ഞാൻ അങ്ങയെ അന്വേഷിക്കും;

വെള്ളമില്ലാതെ ഉണങ്ങി വരണ്ട ദേശത്ത് എന്‍റെ ഉള്ളം അങ്ങേയ്ക്കായി ദാഹിക്കുന്നു;

എന്‍റെ ദേഹം അങ്ങേയ്ക്കായി കാംക്ഷിക്കുന്നു.

അങ്ങനെ അവിടുത്തെ ബലവും മഹത്വവും കാണുവാൻ

ഞാൻ വിശുദ്ധമന്ദിരത്തിൽ അങ്ങേയ്ക്കായി കാത്തിരിക്കുന്നു.

അവിടുത്തെ ദയ ജീവനെക്കാൾ നല്ലതാകുന്നു;

എന്‍റെ അധരങ്ങൾ അങ്ങയെ സ്തുതിക്കും.

എന്‍റെ ജീവകാലം മുഴുവൻ ഞാൻ അങ്ങനെ അവിടുത്തെ വാഴ്ത്തും;

തിരുനാമത്തിൽ ഞാൻ എന്‍റെ കൈകളെ മലർത്തും.

എന്‍റെ കിടക്കയിൽ അങ്ങയെ ഓർക്കുകയും

രാത്രിയാമങ്ങളിൽ അവിടുത്തെ ധ്യാനിക്കുകയും ചെയ്യുമ്പോൾ

എന്‍റെ പ്രാണന് മജ്ജയും മേദസ്സുംകൊണ്ട് എന്നപോലെ തൃപ്തിവരുന്നു;

എന്‍റെ വായ് സന്തോഷമുള്ള അധരങ്ങളാൽ അങ്ങയെ സ്തുതിക്കുന്നു.

അവിടുന്ന് എനിക്ക് സഹായമായിത്തീർന്നുവല്ലോ;

തിരുച്ചിറകിൻ നിഴലിൽ ഞാൻ ഘോഷിച്ചാനന്ദിക്കുന്നു.

എന്‍റെ ഉള്ളം അങ്ങേയോട് പറ്റിയിരിക്കുന്നു;

അങ്ങേയുടെ വലങ്കൈ എന്നെ താങ്ങുന്നു.

എന്നാൽ എനിക്ക് പ്രാണഹാനി വരുത്തുവാൻ നോക്കുന്നവർ

ഭൂമിയുടെ അധോഭാഗങ്ങളിലേക്ക് ഇറങ്ങിപ്പോകും.

അവരെ വാളിന്‍റെ ശക്തിക്ക് ഏല്പിക്കും;

കുറുനരികൾക്ക് അവർ ഇരയായിത്തീരും.

എന്നാൽ രാജാവ് ദൈവത്തിൽ സന്തോഷിക്കും;

ദൈവനാമത്തിൽ സത്യം ചെയ്യുന്നവനെല്ലാം പ്രശംസിക്കപ്പെടും;

എങ്കിലും ഭോഷ്ക് പറയുന്നവരുടെ വായ് അടഞ്ഞുപോകും.

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം. Copyright © 2017, 2019 Bridge Communication Systems. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.

Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.

BibleKenya

Reader settings

Theme
Font
Alignment
Reading width

Saved in this browser and used offline too. Press ? for keyboard shortcuts.