Skip to content
BibleKenya

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം

സങ്കീ. 112

ദൈവഭക്തന്‍റെ സന്തോഷം

യഹോവയെ സ്തുതിക്കുവിൻ;

യഹോവയെ ഭയപ്പെട്ട്, അവിടുത്തെ കല്പനകൾ

ഏറ്റവും ഇഷ്ടപ്പെടുന്ന മനുഷ്യൻ ഭാഗ്യവാൻ.

അവന്‍റെ സന്തതി ഭൂമിയിൽ ബലപ്പെട്ടിരിക്കും;

നേരുള്ളവരുടെ തലമുറ അനുഗ്രഹിക്കപ്പെടും.

ഐശ്വര്യവും സമ്പത്തും അവന്‍റെ വീട്ടിൽ ഉണ്ടാകും;

അവന്‍റെ നീതി എന്നേക്കും നിലനില്ക്കുന്നു.

നേരുള്ളവർക്ക് ഇരുട്ടിൽ വെളിച്ചം ഉദിക്കുന്നു;

അവൻ1 കൃപയും കരുണയും നീതിയും ഉള്ളവനാകുന്നു.

കൃപ തോന്നി വായ്പകൊടുക്കുന്നവൻ ശുഭമായിരിക്കും;

വിവേകത്തോടെ അവൻ തന്‍റെ കാര്യം നടത്തും.

അവൻ ഒരുനാളും കുലുങ്ങിപ്പോകുകയില്ല;

നീതിമാൻ എന്നേക്കും സ്മരിക്കപ്പെടും.

ദുർവ്വർത്തമാനംനിമിത്തം അവൻ ഭയപ്പെടുകയില്ല;

അവന്‍റെ ഹൃദയം യഹോവയിൽ ആശ്രയിച്ച് ഉറച്ചിരിക്കും.

അവന്‍റെ ഹൃദയം ഭയപ്പെടാതെ സ്ഥിരമായിരിക്കുന്നു;

അവൻ ശത്രുക്കളിൽ തന്‍റെ ആഗ്രഹം നിവർത്തിച്ചുകാണും.

അവൻ വാരിവിതറി ദരിദ്രന്മാർക്ക് കൊടുക്കുന്നു;

അവന്‍റെ നീതി എന്നേക്കും നിലനില്ക്കുന്നു;

അവന്‍റെ ശക്തി2 ബഹുമാനത്തോടെ ഉയർന്നിരിക്കും.

ദുഷ്ടൻ അത് കണ്ടു വ്യസനിക്കും;

അവൻ പല്ലുകടിച്ച് ഉരുകിപ്പോകും;

ദുഷ്ടന്‍റെ ആശ നശിച്ചുപോകും.

Source notes (2)
  1. Footnote അവൻ ദൈവം
  2. Footnote ശക്തി കൊമ്പ്

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം. Copyright © 2017, 2019 Bridge Communication Systems. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.

Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.

BibleKenya

Reader settings

Theme
Font
Alignment
Reading width

Saved in this browser and used offline too. Press ? for keyboard shortcuts.