ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം
യെശ. 62
സീയോൻ്റെ പുതിയ നാമം
സീയോനെപ്രതി ഞാൻ മിണ്ടാതെ ഇരിക്കുകയില്ല,
യെരൂശലേമിനെപ്രതി ഞാൻ അടങ്ങിയിരിക്കുകയുമില്ല;
അതിന്റെ നീതി പ്രകാശംപോലെയും
അതിന്റെ രക്ഷ, കത്തുന്ന വിളക്കുപോലെയും വിളങ്ങിവരുവോളം തന്നെ.
ജനതകൾ നിന്റെ നീതിയെയും സകലരാജാക്കന്മാരും നിന്റെ മഹത്ത്വത്തെയും കാണും;
യഹോവയുടെ വായ് കല്പിക്കുന്ന പുതിയ പേര് നിനക്കു വിളിക്കപ്പെടും.
യഹോവയുടെ കയ്യിൽ നീ ഭംഗിയുള്ള കിരീടവും
നിന്റെ ദൈവത്തിന്റെ കയ്യിൽ രാജമുടിയും1 ആയിരിക്കും.
നിന്നെ ഇനി അസൂബാ2 എന്നു വിളിക്കുകയില്ല;
നിന്റെ ദേശത്തെ ശെമാമാ3 എന്നു പറയുകയുമില്ല;
നിനക്കു ഹെഫ്സീബാ4 എന്നും
നിന്റെ ദേശത്തിന് ബെയൂലാ5 എന്നും പേര് ആകും;
യഹോവയ്ക്കു നിന്നോട് പ്രിയമുണ്ടല്ലോ;
നിന്റെ ദേശത്തിന് വിവാഹം കഴിയും.
യൗവനക്കാരൻ കന്യകയെ വിവാഹം ചെയ്യുന്നതുപോലെ
നിന്റെ പുത്രന്മാർ6 നിന്നെ വിവാഹം ചെയ്യും;
മണവാളൻ മണവാട്ടിയിൽ സന്തോഷിക്കുന്നതുപോലെ
നിന്റെ ദൈവം നിന്നിൽ സന്തോഷിക്കും.
യെരൂശലേമേ, ഞാൻ നിന്റെ മതിലുകളിന്മേൽ കാവല്ക്കാരെ ആക്കിയിരിക്കുന്നു;
അവർ രാവോ പകലോ ഒരിക്കലും മിണ്ടാതെയിരിക്കുകയില്ല;
യഹോവയെ ഓർമിപ്പിക്കുന്നവരേ,
നിങ്ങൾ സ്വസ്ഥമായിരിക്കരുത്.
അവിടുന്ന് യെരൂശലേമിനെ യഥാസ്ഥാനപ്പെടുത്തുവോളവും
ഭൂമിയിൽ അതിനെ പ്രശംസാവിഷയമാക്കുവോളവും
അവിടുത്തേക്കു സ്വസ്ഥത കൊടുക്കുകയുമരുത്.
“ഇനി ഞാൻ നിന്റെ ധാന്യം നിന്റെ ശത്രുക്കൾക്കു ആഹാരമായി കൊടുക്കുകയില്ല;
നീ അദ്ധ്വാനിച്ചുണ്ടാക്കിയ വീഞ്ഞ് അന്യജാതിക്കാർ കുടിച്ചുകളയുകയുമില്ല” എന്നു
യഹോവ തന്റെ വലംകൈയും തന്റെ ബലമുള്ള ഭുജവും തൊട്ടു
സത്യം ചെയ്തിരിക്കുന്നു.
“അതിനെ ശേഖരിച്ചവർതന്നെ അത് ഭക്ഷിച്ചു
യഹോവയെ സ്തുതിക്കും;
അതിനെ സംഭരിച്ചവർ തന്നെ എന്റെ വിശുദ്ധപ്രാകാരങ്ങളിൽവച്ച്
അത് പാനംചെയ്യും.”
കടക്കുവിൻ; വാതിലുകളിൽകൂടി കടക്കുവിൻ;
ജനത്തിനു വഴി ഒരുക്കുവിൻ;
നികത്തുവിൻ; പ്രധാനപാത നികത്തുവിൻ;
കല്ല് പെറുക്കിക്കളയുവിൻ;
ജനതകൾക്കായിട്ട് ഒരു കൊടി ഉയർത്തുവിൻ.
“‘ഇതാ, നിന്റെ രക്ഷ വരുന്നു;
കൂലി അവന്റെ പക്കലും
പ്രതിഫലം അവന്റെ കൈയിലും ഉണ്ട്’
എന്നു സീയോൻ പുത്രിയോട് പറയുവിൻ”
എന്നിങ്ങനെ യഹോവ ഭൂമിയുടെ അറുതിയോളം
ഘോഷിപ്പിച്ചിരിക്കുന്നു.
അവർ അവരെ വിശുദ്ധജനമെന്നും
യഹോവയുടെ വിമുക്തന്മാ7രെന്നും വിളിക്കും;
നിനക്കോ അന്വേഷിക്കപ്പെട്ടവൾ8 എന്നും
ഉപേക്ഷിക്കപ്പെടാത്ത നഗരം എന്നും പേര് ആകും.
Source notes (8)
- Footnote രാജമുടിയും രാജകീയ മകുടവും.
- Footnote അസൂബാ ത്യക്ത
- Footnote ശൂന്യം
- Footnote ഹെഫ്സീബാ എന്റെ സന്തോഷം അവളില്‍
- Footnote ബെയൂലാ നീ വിവാഹിത
- Footnote പുത്രന്മാർ നിന്റെ സൃഷ്ടികള്‍
- Footnote വിമുക്തന്മാ വീണ്ടെടുക്കപ്പെട്ടവർ എന്നും ചില വിവർത്തനങ്ങളിൽ കാണാം.
- Footnote അന്വേഷിക്കപ്പെട്ടവൾ വളരെയധികം സ്നേഹിക്കപ്പെട്ടവള്‍
ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം. Copyright © 2017, 2019 Bridge Communication Systems. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.
Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.