മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക ലിപിയിൽ
ഇയ്യോബ് 20
അതിന്നു നയമാത്യനായ സോഫർ ഉത്തരം പറഞ്ഞതെന്തെന്നാൽ:
ഉത്തരം പറവാൻ എന്റെ നിരൂപണങ്ങൾ പൊങ്ങിവരുന്നു.
എന്റെ ഉള്ളിലെ തത്രപ്പാടു ഹേതുവായിട്ടു തന്നേ.
എനിക്കു ലജ്ജാകരമായ ശാസന ഞാൻ കേട്ടു;
എന്നാൽ ആത്മാവു എന്റെ വിവേകത്തിൽ നിന്നു ഉത്തരം പറയുന്നു.
മനുഷ്യൻ ഭൂമിയിൽ ഉണ്ടായതുമുതൽ
പുരാതനമായ വസ്തുത നീ അറിയുന്നില്ലയോ?
ദുഷ്ടന്മാരുടെ ജയഘോഷം താല്ക്കാലികമത്രെ;
വഷളന്റെ സന്തോഷം ക്ഷണനേരത്തേക്കേയുള്ളു.
അവന്റെ മഹിമ ആകാശത്തോളം ഉയർന്നാലും
അവന്റെ തല മേഘങ്ങളോളം എത്തിയാലും
അവൻ സ്വന്തമലംപോലെ എന്നേക്കും നശിക്കും;
അവനെ കണ്ടിട്ടുള്ളവർ അവൻ എവിടെ എന്നു ചോദിക്കും.
അവൻ സ്വപ്നംപോലെ പറന്നുപോകും.
അവനെ പിന്നെ കാണുകയില്ല;
അവൻ രാത്രിദർശനംപോലെ പാറിപ്പോകും.
അവനെ കണ്ടിട്ടുള്ള കണ്ണു ഇനി അവനെ കാണുകയില്ല;
അവന്റെ ഇടം ഇനി അവനെ ദർശിക്കയുമില്ല.
അവന്റെ മക്കൾ ദരിദ്രന്മാരോടു കൃപ യാചിക്കും;
അവന്റെ കൈ തന്നേ അവന്റെ സമ്പത്തു മടക്കിക്കൊടുക്കും.
അവന്റെ അസ്ഥികളിൽ യൗവനം നിറഞ്ഞിരിക്കുന്നു;
അവ അവനോടുകൂടെ പൊടിയിൽ കിടക്കും.
ദുഷ്ടത അവന്റെ വായിൽ മധുരിച്ചാലും
അവൻ അതു നാവിൻ കീഴെ മറെച്ചുവെച്ചാലും
അതിനെ വിടാതെ പിടിച്ചു വായ്ക്കകത്തു സൂക്ഷിച്ചുവെച്ചാലും
അവന്റെ ആഹാരം അവന്റെ കുടലിൽ പരിണമിച്ചു
അവന്റെ ഉള്ളിൽ സർപ്പവിഷമായിത്തീരും.
അവൻ സമ്പത്തു വിഴുങ്ങിക്കളഞ്ഞു; അതു വീണ്ടും ഛർദ്ദിക്കേണ്ടിവരും;
ദൈവം അതു അവന്റെ വയറ്റിൽനിന്നു പുറത്താക്കിക്കളയും.
അവൻ സർപ്പവിഷം നുകരും;
അണലിയുടെ നാവു അവനെ കൊല്ലും.
തേനും പാൽപാടയും ഒഴുകുന്ന തോടുകളെയും
നദികളെയും അവൻ കണ്ടു രസിക്കയില്ല.
തന്റെ സമ്പാദ്യം അവൻ അനുഭവിക്കാതെ മടക്കിക്കൊടുക്കും;
താൻ നേടിയ വസ്തുവകെക്കു ഒത്തവണ്ണം സന്തോഷിക്കയുമില്ല.
അവൻ ദരിദ്രന്മാരെ പീഡിപ്പിച്ചുപേക്ഷിച്ചു;
താൻ പണിയാത്ത വീടു അപഹരിച്ചു.
അവന്റെ കൊതിക്കു പതംവരായ്കയാൽ
അവൻ തന്റെ മനോഹരധനത്തോടുകൂടെ രക്ഷപ്പെടുകയില്ല.
അവൻ തിന്നുകളയാതെ ഒന്നും ശേഷിപ്പിക്കയില്ല;
അതുകൊണ്ടു അവന്റെ അഭിവൃദ്ധി നിലനില്ക്കയില്ല.
അവന്റെ സമൃദ്ധിയുടെ പൂർണ്ണതയിൽ അവന്നു ഞെരുക്കം ഉണ്ടാകും;
അരിഷ്ടന്മാരുടെ കൈ ഒക്കെയും അവന്റെമേൽ വരും. അവൻ വയറു നിറെക്കുമ്പോൾ തന്നേ
ദൈവം തന്റെ ഉഗ്രകോപം അവന്റെ മേൽ അയക്കും;
അവൻ ഭക്ഷിക്കുമ്പോൾ അതു അവന്റെ മേൽ വർഷിപ്പിക്കും.
അവൻ ഇരിമ്പായുധം ഒഴിഞ്ഞോടും;
താമ്രചാപം അവനിൽ അസ്ത്രം തറെപ്പിക്കും.
അവൻ പറിച്ചിട്ടു അതു അവന്റെ ദേഹത്തിൽനിന്നു പുറത്തുവരുന്നു;
മിന്നുന്ന മുന അവന്റെ പിത്തത്തിൽനിന്നു പുറപ്പെടുന്നു;
ഘോരത്വങ്ങൾ അവന്റെമേൽ ഇരിക്കുന്നു.
അന്ധകാരമൊക്കെയും അവന്റെ നിക്ഷേപമായി സംഗ്രഹിച്ചിരിക്കുന്നു;
ആരും ഊതാത്ത തീക്കു അവൻ ഇരയാകും;
അവന്റെ കൂടാരത്തിൽ ശേഷിച്ചിരിക്കുന്നതിനെ അതു ദഹിപ്പിക്കും;
ആകാശം അവന്റെ അകൃത്യത്തെ വെളിപ്പെടുത്തും
ഭൂമി അവനോടു എതിർത്തുനില്ക്കും.
അവന്റെ വീട്ടിലെ വരവു പോയ്പോകും;
അവന്റെ കോപത്തിന്റെ ദിവസത്തിൽ അതു ഒഴുകിപ്പോകും.
ഇതു ദുഷ്ടന്നു ദൈവം കൊടുക്കുന്ന ഓഹരിയും
ദൈവം അവന്നു നിയമിച്ച അവകാശവും ആകുന്നു.
മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക ലിപിയിൽ. Copyright © 2015 The Free Bible Foundation. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.
Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.