Skip to content
BibleKenya

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം

സങ്കീ. 97

ദൈവം സർവാധിപതി

യഹോവ വാഴുന്നു; ഭൂമി ഘോഷിച്ചാനന്ദിക്കട്ടെ;

ദ്വീപസമൂഹവും സന്തോഷിക്കട്ടെ.

മേഘവും അന്ധകാരവും ദൈവത്തിന്‍റെ ചുറ്റും ഇരിക്കുന്നു;

നീതിയും ന്യായവും കൊണ്ടു ദൈവം ഭരിക്കുന്നു1.

തീ അവിടുത്തെ മുമ്പായി പോകുന്നു;

ചുറ്റുമുള്ള അവിടുത്തെ വൈരികളെ ദഹിപ്പിക്കുന്നു.

ദൈവത്തിന്‍റെ മിന്നലുകൾ ഭൂതലത്തെ പ്രകാശിപ്പിക്കുന്നു;

ഭൂമി അത് കണ്ടു വിറയ്ക്കുന്നു.

യഹോവയുടെ സന്നിധിയിൽ, സർവ്വഭൂമിയുടെയും കർത്താവിന്‍റെ സന്നിധിയിൽ,

പർവ്വതങ്ങൾ മെഴുകുപോലെ ഉരുകുന്നു.

ആകാശം ദൈവത്തിന്‍റെ നീതി പ്രസിദ്ധമാക്കുന്നു;

സകലജനതകളും അവിടുത്തെ മഹത്വം കാണുന്നു.

വിഗ്രഹങ്ങളെ സേവിക്കുകയും ബിംബങ്ങളിൽ പ്രശംസിക്കുകയും ചെയ്യുന്നവരെല്ലാം ലജ്ജിച്ചുപോകും;

ദൈവങ്ങള്‍ എന്നു വിളിക്കപ്പെടുന്നവരേ2, ദൈവത്തെ നമസ്കരിക്കുവിൻ.

സീയോൻ കേട്ടു സന്തോഷിക്കുന്നു;

യഹോവേ, അങ്ങേയുടെ ന്യായവിധികൾ ഹേതുവായി യെഹൂദാപുത്രിമാർ ഘോഷിച്ചാനന്ദിക്കുന്നു.

യഹോവേ, അവിടുന്ന് സർവ്വഭൂമിക്കും മീതെ അത്യുന്നതൻ;

സകലദേവന്മാർക്കും മീതെ ഉയർന്നവൻ തന്നെ.

യഹോവ തിന്മ വെറുക്കുന്നവരെ സ്നേഹിക്കുന്നു3;

കർത്താവ് തന്‍റെ ഭക്തന്മാരുടെ പ്രാണനെ കാക്കുന്നു;

ദുഷ്ടന്മാരുടെ കയ്യിൽനിന്ന് അവരെ വിടുവിക്കുന്നു.

നീതിമാന് വെളിച്ചം പ്രകാശിക്കുന്നു4 പരമാർത്ഥഹൃദയമുള്ളവർക്ക് സന്തോഷവും ഉദിക്കും.

നീതിമാന്മാരേ, യഹോവയിൽ സന്തോഷിക്കുവിൻ;

കർത്താവിന്‍റെ വിശുദ്ധനാമത്തിന്5 സ്തോത്രം ചെയ്യുവിൻ.

Source notes (5)
  1. Footnote നീതിയും ന്യായവും കൊണ്ടു ദൈവം ഭരിക്കുന്നു നീതിയും ന്യായവും ദൈവത്തിന്‍റെ സിംഹാസനത്തിന്‍റെ അടിസ്ഥാനമാകുന്നു
  2. Footnote ദൈവങ്ങള്‍ എന്നു വിളിക്കപ്പെടുന്നവരേ സകലദേവന്മാരുമേ, ദൈവത്തെ നമസ്കരിക്കുവിൻ
  3. Footnote യഹോവ തിന്മ വെറുക്കുന്നവരെ സ്നേഹിക്കുന്നു യഹോവയെ സ്നേഹിക്കുന്നവരേ, തിന്മ വെറുക്കുവിൻ
  4. Footnote നീതിമാന് വെളിച്ചം പ്രകാശിക്കുന്നു നീതിമാന് വെളിച്ചം വിതക്കപ്പെടുന്നു
  5. Footnote കർത്താവിന്‍റെ വിശുദ്ധനാമത്തിന് കർത്താവിന്‍റെ ഓര്‍മ്മയ്ക്ക്‌

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം. Copyright © 2017, 2019 Bridge Communication Systems. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.

Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.

BibleKenya

Reader settings

Theme
Font
Alignment
Reading width

Saved in this browser and used offline too. Press ? for keyboard shortcuts.