Skip to content
BibleKenya

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം

സങ്കീ. 59

ദൈവം എന്‍റെ അഭയസ്ഥാനം

സംഗീതപ്രമാണിക്ക്; നശിപ്പിക്കരുതേ എന്ന രാഗത്തിൽ; ദാവീദിന്‍റെ ഒരു സ്വർണ്ണഗീതം. അവനെ കൊല്ലുവാൻ ശൗല്‍ അയച്ച ആളുകൾ വീട് കാത്തിരുന്ന കാലത്ത് രചിച്ചത്.

എന്‍റെ ദൈവമേ, എന്‍റെ ശത്രുക്കളുടെ കൈയിൽനിന്ന് എന്നെ വിടുവിക്കേണമേ;

എനിക്ക് എതിരെ എഴുന്നേറ്റിരിക്കുന്നവരിൽ നിന്ന് എനിക്ക് സംരക്ഷണം നൽകേണമേ.

നീതികേട് പ്രവർത്തിക്കുന്നവരുടെ കയ്യിൽനിന്ന് എന്നെ മോചിപ്പിച്ച്

രക്തദാഹികളുടെ പക്കൽനിന്ന് എന്നെ രക്ഷിക്കേണമേ.

ഇതാ, അവർ എന്‍റെ പ്രാണനുവേണ്ടി പതിയിരിക്കുന്നു;

യഹോവേ, ബലവാന്മാർ എന്‍റെ നേരെ കൂട്ടം കൂടുന്നത്

എന്‍റെ അതിക്രമം നിമിത്തമല്ല, എന്‍റെ പാപം ഹേതുവായിട്ടുമല്ല.

എന്‍റെ പക്കൽ അകൃത്യം ഇല്ലെങ്കിലും അവർ എനിക്കെതിരെ ഓടി ഒരുങ്ങുന്നു;

എന്നെ സഹായിക്കുവാൻ ഉണർന്ന് കടാക്ഷിക്കേണമേ.

സൈന്യങ്ങളുടെ ദൈവമായ യഹോവേ, യിസ്രായേലിന്‍റെ ദൈവമേ,

സകലജനതകളെയും സന്ദർശിക്കേണ്ടതിന് അവിടുന്ന് ഉണരേണമേ;

നീതികെട്ട ദ്രോഹികളിൽ ആരോടും കൃപ തോന്നരുതേ. സേലാ.

സന്ധ്യാസമയത്ത് അവർ മടങ്ങിവരുന്നു;

നായെപ്പോലെ കുരച്ചുകൊണ്ട് അവർ പട്ടണത്തിന് ചുറ്റും നടക്കുന്നു.

അവർ അവരുടെ വായ്കൊണ്ട് ശകാരിക്കുന്നു;

വാളുകൾ അവരുടെ അധരങ്ങളിൽ ഉണ്ട്;

“ആര്‍ കേൾക്കും” എന്നു അവർ പറയുന്നു.

എങ്കിലും യഹോവേ, അവിടുന്ന് അവരെ നോക്കി ചിരിക്കും;

അവിടുന്ന് സകലജനതകളെയും പരിഹസിക്കും.

എന്‍റെ ബലമായുള്ള യഹോവേ, ഞാൻ അങ്ങയെ കാത്തിരിക്കും;

ദൈവം എന്‍റെ ഗോപുരമാകുന്നു.

എന്‍റെ ദൈവം തന്‍റെ കരുണയിൽ എന്നെ എതിരേല്ക്കും;

ഞാൻ എന്‍റെ ശത്രുക്കളെ കണ്ടു രസിക്കുവാൻ ദൈവം ഇടയാക്കും.

അവരെ കൊന്നുകളയരുതേ; എന്‍റെ ജനം മറക്കാതിരിക്കേണ്ടതിന് തന്നെ;

ഞങ്ങളുടെ പരിചയാകുന്ന കർത്താവേ,

അങ്ങേയുടെ ശക്തികൊണ്ട് അവരെ ചിതറിച്ച് താഴ്ത്തേണമേ.

അവരുടെ വായിലെ പാപവും അധരങ്ങളിലെ വാക്കുകളും നിമിത്തം

അവർ അവരുടെ അഹങ്കാരത്തിൽ പിടിക്കപ്പെടട്ടെ.

അവർ പറയുന്ന ശാപവാക്കുകളും ഭോഷ്ക്കും നിമിത്തം

കോപത്തോടെ അവരെ സംഹരിക്കേണമേ;

അവർ ഇല്ലാതെയാകുംവണ്ണം അവരെ സംഹരിച്ചുകളയേണമേ;

ദൈവം യാക്കോബിൽ1 വാഴുന്നു എന്നു ഭൂമിയുടെ അറ്റംവരെ അറിയുമാറാകട്ടെ. സേലാ.

സന്ധ്യാസമയത്ത് അവർ മടങ്ങിവരുന്നു;

നായെപ്പോലെ കുരച്ചുകൊണ്ട് അവർ നഗരത്തിന് ചുറ്റും നടക്കുന്നു.

അവർ ആഹാരത്തിനായി അലഞ്ഞു നടക്കുന്നു;

തൃപ്തിയായില്ലെങ്കിൽ അവർ പിറുപിറുത്തുകൊണ്ട് 2കാത്തിരിക്കുന്നു.

ഞാൻ അവിടുത്തെ ബലത്തെക്കുറിച്ച് പാടും;

അതികാലത്ത് ഞാൻ അങ്ങേയുടെ ദയയെക്കുറിച്ച് ഘോഷിച്ചാനന്ദിക്കും.

കഷ്ടകാലത്ത് അവിടുന്ന് എന്‍റെ ഗോപുരവും അഭയസ്ഥാനവും ആയിരുന്നു.

എന്‍റെ ബലമായുള്ള യഹോവേ, ഞാൻ അങ്ങേക്ക് സ്തുതിപാടും;

എന്‍റെ ഗോപുരവും എന്നോട് ദയ കാണിക്കുകയും ചെയ്യുന്ന ദൈവത്തിനു തന്നെ.

Source notes (2)
  1. Footnote യാക്കോബിൽ യിസ്രായേല്‍ രാജ്യത്തില്‍
  2. Footnote പിറുപിറുത്തുകൊണ്ട് രാത്രിമുഴുവനും

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം. Copyright © 2017, 2019 Bridge Communication Systems. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.

Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.

BibleKenya

Reader settings

Theme
Font
Alignment
Reading width

Saved in this browser and used offline too. Press ? for keyboard shortcuts.