Skip to content
BibleKenya

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം

സങ്കീ. 56

ഞാൻ ദൈവത്തില്‍ ആശ്രയിക്കും

സംഗീതപ്രമാണിക്ക്; ദൂരസ്ഥന്മാരുടെ ഇടയിൽ മിണ്ടാത്ത പ്രാവ് എന്ന രാഗത്തിൽ, ദാവീദിന്‍റെ ഒരു സങ്കീർത്തനം. ഫെലിസ്ത്യർ ദാവീദിനെ ഗത്തിൽവച്ച് പിടിച്ചപ്പോൾ രചിച്ചത്.

ദൈവമേ, എന്നോട് കൃപയുണ്ടാകേണമേ;

മനുഷ്യർ എന്നെ വിഴുങ്ങുവാൻ പോകുന്നു;

അവർ ഇടവിടാതെ പൊരുതി എന്നെ ഞെരുക്കുന്നു.

എന്‍റെ ശത്രുക്കൾ ഇടവിടാതെ എന്നെ വേട്ടയാടുവാൻ ഭാവിക്കുന്നു;

ഗർവ്വത്തോടെ എന്നോട് പൊരുതുന്നവർ അനേകരാണല്ലോ.

ഞാൻ ഭയപ്പെടുന്ന നാളിൽ

അങ്ങയിൽ ആശ്രയിക്കും.

ഞാൻ ദൈവത്തിൽ അവിടുത്തെ വചനത്തെ പുകഴ്ത്തും;

ഞാൻ ദൈവത്തിൽ ആശ്രയിക്കുന്നു; ഞാൻ ഭയപ്പെടുകയില്ല.

ജഡികമനുഷ്യന് എന്നോട് എന്ത് ചെയ്യുവാൻ കഴിയും?

ഇടവിടാതെ അവർ എന്‍റെ വാക്കുകൾ വളച്ചൊടിക്കുന്നു;

അവരുടെ വിചാരങ്ങളെല്ലാം എന്‍റെ നേരെ തിന്മയ്ക്കായിട്ടാകുന്നു.

അവർ കൂട്ടംകൂടി ഒളിച്ചിരിക്കുന്നു;

എന്‍റെ പ്രാണനായി പതിയിരിക്കുന്നതുപോലെ

അവർ എന്‍റെ കാലടികളെ നോക്കിക്കൊണ്ടിരിക്കുന്നു.

നീതികേടിനാൽ അവർ രക്ഷപെടുമോ?

ദൈവമേ, അങ്ങേയുടെ കോപത്തിൽ ജനതകളെ തള്ളിയിടേണമേ.

എന്‍റെ ലക്ഷ്യമില്ലാത്ത നടപ്പുകൾ അവിടുന്ന് എണ്ണുന്നു;

എന്‍റെ കണ്ണുനീർ അങ്ങേയുടെ തുരുത്തിയിൽ സൂക്ഷിക്കേണമേ;

അത് അങ്ങേയുടെ പുസ്തകത്തിൽ ഇല്ലയോ?

ഞാൻ വിളിച്ചപേക്ഷിക്കുമ്പോൾ തന്നെ എന്‍റെ ശത്രുക്കൾ പിന്തിരിയുന്നു;

ദൈവം എനിക്ക് അനുകൂലമെന്നു ഞാൻ അറിയുന്നു.

ഞാൻ ദൈവത്തിൽ, അവിടുത്തെ വചനത്തിൽ തന്നെ പുകഴും;

ഞാൻ യഹോവയിൽ അവിടുത്തെ വചനത്തിൽ പ്രശംസിക്കും.

ഞാൻ ദൈവത്തിൽ ആശ്രയിക്കുന്നു; ഞാൻ ഭയപ്പെടുകയില്ല.

മനുഷ്യന് എന്നോട് എന്ത് ചെയ്യുവാൻ കഴിയും?

ദൈവമേ, അങ്ങേക്കുള്ള നേർച്ചകൾ കഴിക്കുവാൻ ഞാൻ കടമ്പെട്ടിരിക്കുന്നു;

ഞാൻ അവിടുത്തേക്ക് സ്തോത്രയാഗങ്ങൾ അർപ്പിക്കും.

ഞാൻ ദൈവമുമ്പാകെ ജീവന്‍റെ പ്രകാശത്തിൽ നടക്കേണ്ടതിന്

അവിടുന്ന് എന്‍റെ പ്രാണനെ മരണത്തിൽനിന്നും

എന്‍റെ കാലുകളെ ഇടർച്ചയിൽനിന്നും വിടുവിച്ചുവല്ലോ.

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം. Copyright © 2017, 2019 Bridge Communication Systems. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.

Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.

BibleKenya

Reader settings

Theme
Font
Alignment
Reading width

Saved in this browser and used offline too. Press ? for keyboard shortcuts.