ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം
സങ്കീ. 33
ദൈവത്തിന്‍റെ മഹത്വവും നന്മയും
നീതിമാന്മാരേ, യഹോവയിൽ ഘോഷിച്ചുല്ലസിക്കുവിൻ;
സ്തുതിക്കുന്നത് നേരുള്ളവർക്ക് ഉചിതമല്ലയോ?.
കിന്നരം കൊണ്ടു യഹോവയ്ക്ക് സ്തോത്രം ചെയ്യുവിൻ;
പത്തു കമ്പിയുള്ള വീണകൊണ്ട് കർത്താവിന് സ്തുതിപാടുവിൻ.
കർത്താവിന് പുതിയ പാട്ടുപാടുവിൻ;
ഘോഷസ്വരത്തോടെ നന്നായി വാദ്യം വായിക്കുവിൻ.
യഹോവയുടെ വചനം നേരുള്ളത്;
കർത്താവിന്‍റെ സകലപ്രവൃത്തികളും വിശ്വസ്തതയുള്ളത്.
കർത്താവ് നീതിയും ന്യായവും ഇഷ്ടപ്പെടുന്നു;
യഹോവയുടെ ദയകൊണ്ട് ഭൂമി നിറഞ്ഞിരിക്കുന്നു.
യഹോവയുടെ വചനത്താൽ ആകാശവും
അവിടുത്തെ വായിലെ ശ്വാസത്താൽ അതിലെ സകലസൈന്യവും ഉളവായി;
കർത്താവ് സമുദ്രത്തിലെ വെള്ളം കൂമ്പാരമായി കൂട്ടുന്നു;
അവിടുന്ന് ആഴികളെ ഭണ്ഡാരഗൃഹങ്ങളിൽ സംഗ്രഹിക്കുന്നു.
സകലഭൂവാസികളും യഹോവയെ ഭയപ്പെടട്ടെ;
ഭൂതലത്തിൽ വസിക്കുന്നവരെല്ലാം അവിടുത്തെ ശങ്കിക്കട്ടെ.
കർത്താവ് അരുളിച്ചെയ്തു; ലോകം സൃഷ്ടിക്കപ്പെട്ടു;
അവിടുന്ന് കല്പിച്ചു; എല്ലാം പ്രത്യക്ഷമായി.
യഹോവ ജനതകളുടെ ആലോചന വ്യർത്ഥമാക്കുന്നു;
വംശങ്ങളുടെ പദ്ധതികൾ നിഷ്ഫലമാക്കുന്നു.
യഹോവയുടെ ആലോചന ശാശ്വതമായും
അവിടുത്തെ ഹൃദയവിചാരങ്ങൾ തലമുറതലമുറയായും നിലകൊള്ളുന്നു.
യഹോവ ദൈവമായിരിക്കുന്ന ജനങ്ങളും
അവിടുന്ന് തനിക്കു അവകാശമായി തിരഞ്ഞെടുത്ത സമൂഹവും ഭാഗ്യമുള്ളത്.
യഹോവ സ്വർഗ്ഗത്തിൽനിന്ന് നോക്കുന്നു;
മനുഷ്യപുത്രന്മാരെ എല്ലാം കാണുന്നു.
അവൻ സിംഹാസനസ്ഥനായിരിക്കുന്ന സ്ഥലത്തുനിന്ന്
സർവ്വഭൂവാസികളെയും നോക്കുന്നു.
കർത്താവ് അവരുടെ ഹൃദയങ്ങളെ ഒരുപോലെ മനഞ്ഞിരിക്കുന്നു;
അവരുടെ പ്രവൃത്തികൾ സകലവും അവിടുന്ന് ഗ്രഹിക്കുന്നു.
സൈന്യബഹുത്വത്താൽ രാജാവ് ജയം പ്രാപിക്കുന്നില്ല;
ബലാധിക്യം കൊണ്ടു വീരൻ രക്ഷപെടുന്നതുമില്ല.
ജയത്തിന് കുതിര വ്യർത്ഥമാകുന്നു;
തന്‍റെ ബലാധിക്യം കൊണ്ടു അത് വിടുവിക്കുന്നതുമില്ല.
യഹോവയുടെ ദൃഷ്ടി തന്‍റെ ഭക്തന്മാരുടെമേലും
തന്‍റെ ദയയ്ക്കായി പ്രത്യാശിക്കുന്നവരുടെമേലും ഇരിക്കുന്നു;
അവരുടെ പ്രാണനെ മരണത്തിൽനിന്ന് വിടുവിക്കുവാനും
ക്ഷാമത്തിൽ അവരെ ജീവനോടെ രക്ഷിക്കുവാനും തന്നെ.
നമ്മുടെ ഉള്ളം യഹോവയ്ക്കായി കാത്തിരിക്കുന്നു;
അവിടുന്ന് നമ്മുടെ സഹായവും പരിചയും ആകുന്നു.
കർത്താവിന്‍റെ വിശുദ്ധനാമത്തിൽ നാം ആശ്രയിക്കുകയാൽ
നമ്മുടെ ഹൃദയം അങ്ങയിൽ സന്തോഷിക്കും.
യഹോവേ, ഞങ്ങൾ അങ്ങയിൽ പ്രത്യാശവക്കുന്നതുപോലെ
അങ്ങേയുടെ ദയ ഞങ്ങളുടെമേൽ ഉണ്ടാകുമാറാകട്ടെ.
ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം. Copyright © 2017, 2019 Bridge Communication Systems. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.
Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.