Skip to content
BibleKenya

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം

സങ്കീ. 21

വിജയം നല്‌കിയതിനുള്ള കൃതജ്ഞത

സംഗീതപ്രമാണിക്ക്; ദാവീദിന്‍റെ ഒരു സങ്കീർത്തനം.

യഹോവേ, രാജാവ് അങ്ങേയുടെ ബലത്തിൽ സന്തോഷിക്കുന്നു;

അവിടുത്തെ രക്ഷയിൽ അവൻ ഏറ്റവും ഉല്ലസിക്കുന്നു.

അവന്‍റെ ഹൃദയത്തിലെ ആഗ്രഹം അവിടുന്ന് അവന് നല്കി;

അവന്‍റെ അധരങ്ങളുടെ യാചന നിഷേധിച്ചതുമില്ല. സേലാ.

സമൃദ്ധമായ അനുഗ്രഹങ്ങളാൽ അവിടുന്ന് അവനെ എതിരേറ്റ്,

തങ്കക്കിരീടം അവന്‍റെ തലയിൽ വയ്ക്കുന്നു.

അവൻ അങ്ങേയോട് ജീവൻ ചോദിച്ചു;

അവിടുന്ന് അവനു കൊടുത്തു;

എന്നെന്നേക്കുമുള്ള ദീർഘായുസ്സ് തന്നെ.

അങ്ങേയുടെ സഹായത്താൽ അവന്‍റെ മഹത്വം വർദ്ധിച്ചു;

ബഹുമാനവും തേജസ്സും അവിടുന്ന് അവനെ അണിയിച്ചു.

അവിടുന്ന് അവനെ എന്നേക്കും അനുഗ്രഹസമൃദ്ധിയുള്ളവനാക്കുന്നു;

തിരുസന്നിധിയിലെ സന്തോഷംകൊണ്ട് അവനെ ആനന്ദിപ്പിക്കുന്നു.

രാജാവ് യഹോവയിൽ ആശ്രയിക്കുന്നു;

അത്യുന്നതന്‍റെ കാരുണ്യംകൊണ്ട് അവൻ കുലുങ്ങാതെയിരിക്കും.

അങ്ങേയുടെ കൈ അങ്ങേയുടെ സകലശത്രുക്കളെയും കണ്ടുപിടിക്കും;

അങ്ങേയുടെ വലങ്കൈ അങ്ങയെ വെറുക്കുന്നവരെ പിടികൂടും.

അവിടുന്ന് പ്രത്യക്ഷപ്പെടുമ്പോൾ അവരെ തീച്ചൂളപോലെയാക്കും;

യഹോവ തന്‍റെ ക്രോധത്തിൽ അവരെ വിഴുങ്ങിക്കളയും;

തീ അവരെ ദഹിപ്പിക്കും.

അങ്ങ് അവരുടെ ഉദരഫലത്തെ ഭൂമിയിൽനിന്നും

അവരുടെ സന്തതിയെ മനുഷ്യപുത്രന്മാരുടെ ഇടയിൽനിന്നും നശിപ്പിക്കും.

അവർ അങ്ങേക്കു വിരോധമായി ദോഷം വിചാരിച്ചു;

അവരാൽ കഴിയാത്ത ഒരു ഉപായം നിരൂപിച്ചു.

അങ്ങ് അവരെ പുറംതിരിഞ്ഞ് ഓടുമാറാക്കും;

അവരുടെ മുഖത്തിനുനേരെ അസ്ത്രം ഞാണിന്മേൽ തൊടുക്കും.

യഹോവേ, അങ്ങേയുടെ ശക്തിയിൽ ഉയർന്നിരിക്കേണമേ;

ഞങ്ങൾ പാടി അങ്ങേയുടെ ബലത്തെ സ്തുതിക്കും.

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം. Copyright © 2017, 2019 Bridge Communication Systems. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.

Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.

BibleKenya

Reader settings

Theme
Font
Alignment
Reading width

Saved in this browser and used offline too. Press ? for keyboard shortcuts.