മത്താ.
Matthew
Introduction from this edition
മത്തായി
ഗ്രന്ഥകര്‍ത്താവ്
കരം പിരിക്കുന്ന ഉദ്യോഗം ഉപേക്ഷിച്ച് കർത്താവിനെ പിന്തുടർന്ന് ശിഷ്യനായി തീർന്ന മത്തായിയാണ് ഈ പുസ്തകത്തിന്‍റെ എഴുത്തുകാരൻ (മത്താ 9:9, 13). മർക്കോസും ലൂക്കോസും ലേവി എന്ന പേരിലാണ് ഇദ്ദേഹത്തെ പരാമർശിച്ചിട്ടുള്ളത്. ലേവി എന്ന പേരിന്‍റെ അർത്ഥം “ദൈവത്തിന്‍റെ ദാനം” എന്നാണ്.
പന്ത്രണ്ടു അപ്പോസ്തലന്മാരിൽ ഒരുവനായിരുന്ന മത്തായിയുടെ ഗ്രന്ഥകർതൃത്വം സഭാപിതാക്കന്മാർ ഐക്യകണ്ഠേന അംഗീകരിച്ച വസ്തുതയാണ്. യേശുവിന്‍റെ ഐഹിക ശുശ്രൂഷയുടെ ദൃക്സാക്ഷിയാണ് മത്തായി. മത്തായി എഴുതിയ സുവിശേഷം മറ്റു സുവിശേഷങ്ങളും ആയി താരതമ്യം ചെയ്യുമ്പോൾ ഒരേ നിലകളില്‍ തന്നെയാണ് ഏവരും ക്രിസ്തുവിനെ വെളിപ്പെടുത്തുന്നത്.
എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും
ഏകദേശം ക്രിസ്താബ്ദം. 50-70.
ഈ സുവിശേഷത്തിന്‍റെ യെഹൂദാ സ്വഭാവം പരിഗണിച്ചാൽ പലസ്തീനിൽ വച്ചോ സിറിയയിൽ വച്ചോ ആയിരിക്കാം എഴുതപ്പെട്ടത്. അന്ത്യൊക്യയിൽ വച്ചു എഴുതപ്പെട്ടുവെന്നും വാദമുണ്ട്.
സ്വീകര്‍ത്താക്കൾ
ഈ സുവിശേഷം യവനഭാഷയിൽ എഴുതപ്പെട്ടതിനാൽ ഇത് യവനഭാഷ സംസാരിക്കുന്ന യെഹൂദ സമൂഹത്തിനുവേണ്ടി ഉള്ളതാണെന്ന് കരുതാം. ഇതിലെ പല ഘടകങ്ങളും യെഹൂദ വായനക്കാരിലേക്ക് വിരൽ ചൂണ്ടുന്നു. പഴയനിയമത്തിൻ്റെ നിവൃത്തി എന്ന നിലയിൽ യേശുക്രിസ്തു അബ്രാഹാമിന്‍റെ സന്തതി (മത്താ 1:1, 17), യെഹൂദ ശൈലിയിലുള്ള പ്രയോഗങ്ങൾ ഉദാ: ദൈവരാജ്യം, ദൈവനാമം ഉച്ചരിക്കാനുള്ള യഹൂദരുടെ വൈമനസ്യം, യേശു ദാവീദിന്‍റെ സന്തതിയാണെന്നുമുള്ള (മത്താ 1:1, 9:27, 12:23, 15:22, 20:30, 31, 21:9, 15, 22:41, 45) പരാമർശങ്ങൾ, ഇവയൊക്കെ കൊണ്ടു യെഹൂദ സമൂഹത്തിനുവേണ്ടിയാണ് എഴുതപ്പെട്ടത് എന്നു അനുമാനിക്കാം.
ഉദ്ദേശ്യം
യേശുക്രിസ്തുവാണ് യഥാർത്ഥ മശീഹ എന്ന വസ്തുത യെഹൂദജനതയെ ബോധ്യപ്പെടുത്തുക എന്നതാണ് മുഖ്യ ഉദ്ദേശ്യം. ദൈവരാജ്യം മനുഷ്യകുലത്തിന് നൽകപ്പെടുന്നതാണ് ഇതിന്‍റെ കേന്ദ്രവിഷയം. പഴയ നിയമത്തിലെ പ്രവചനങ്ങളെയും പ്രതീക്ഷകളെയും നിവൃത്തിച്ച യേശുക്രിസ്തു രാജാവാകുന്നുവെന്ന് മത്തായി സ്പഷ്ടമാക്കുന്നു (മത്താ 1:1; 16:16; 20:28).
പ്രമേയം
യേശുക്രിസ്തു യെഹൂദന്മാരുടെ രാജാവ്
സംക്ഷേപം
1. യേശുവിന്‍റെ ജനനം — 1:1-2:23
2. യേശുവിന്‍റെ ഗലീലയിലെ ശുശ്രൂഷ — 3:1-18:35
3. യേശുവിന്‍റെ യെഹൂദായിലെ ശുശ്രൂഷ — 19:1-20:34
4. തന്‍റെ അവസാന ദിനങ്ങൾ യെഹൂദ്യയിൽ — 21:1-27:66
5. ഉപസംഹാരം — 28:1-20
ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം. Copyright © 2017, 2019 Bridge Communication Systems. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.
Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.