Skip to content
BibleKenya

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം

വിലാ. 1

യെരൂശലേമിന്‍റെ ദുഃഖം

അയ്യോ, ജനനിബിഡമായിരുന്ന നഗരം1 ജനരഹിതമായതെങ്ങനെ?

ജനതകളിൽ ശ്രേഷ്ഠയായിരുന്നവൾ വിധവയെപ്പോലെ ആയതെങ്ങനെ?

സംസ്ഥാനങ്ങളുടെ റാണിയായിരുന്നവൾ

അടിമയായിപ്പോയതെങ്ങനെ?

രാത്രിയിൽ അവൾ കരഞ്ഞുകൊണ്ടിരിക്കുന്നു;

അവളുടെ കവിൾത്തടങ്ങളിൽ കണ്ണുനീർ കാണുന്നു;

അവളുടെ സകലപ്രിയന്മാരിലും അവളെ ആശ്വസിപ്പിപ്പാൻ ആരുമില്ല;

അവളുടെ സ്നേഹിതന്മാരൊക്കെയും ശത്രുക്കളായി അവൾക്ക് ദ്രോഹം ചെയ്തിരിക്കുന്നു.

കഷ്ടതയും കഠിനദാസ്യവും നിമിത്തം യെഹൂദാ പ്രവാസത്തിലേക്കു പോകേണ്ടിവന്നു;

അവൾ ജനതകളുടെ ഇടയിൽ പാർക്കുന്നു; വിശ്രാമം കണ്ടെത്തുന്നതുമില്ല;

അവളെ പിന്തുടരുന്നവരൊക്കെയും

ഞെരുക്കത്തിന്‍റെ മദ്ധ്യേ അവളെ എത്തിപ്പിടിക്കുന്നു.

ഉത്സവത്തിന് ആരും വരായ്കകൊണ്ട് സീയോനിലേയ്ക്കുള്ള വഴികൾ ദുഃഖിക്കുന്നു;

അവളുടെ വാതിലുകളൊക്കെയും ശൂന്യമായി. പുരോഹിതന്മാർ നെടുവീർപ്പിടുന്നു;

അവളുടെ കന്യകമാർ ഖേദിക്കുന്നു;

അവൾക്കും വ്യസനം പിടിച്ചിരിക്കുന്നു.

അവളുടെ അതിക്രമബാഹുല്യം നിമിത്തം യഹോവ അവൾക്ക് സങ്കടം വരുത്തിയതിനാൽ

അവളുടെ ശത്രുക്കൾക്ക് ആധിപത്യം ലഭിച്ചു, അവളുടെ ശത്രുക്കൾ ശുഭമായിരിക്കുന്നു;

അവളുടെ കുഞ്ഞുങ്ങൾ ശത്രുവിന്‍റെ മുമ്പിൽ

പ്രവാസത്തിലേക്കു പോകേണ്ടിവന്നു.

സീയോൻപുത്രിയുടെ മഹത്വമൊക്കെയും

അവളെ വിട്ടുപോയി;

അവളുടെ പ്രഭുക്കന്മാർ പുൽമേട് കാണാത്ത

മാനുകളെപ്പോലെ ആയി;

പിന്തുടരുന്നവന്‍റെ മുമ്പിൽ

അവർ ശക്തിയില്ലാതെ നടക്കുന്നു.

കഷ്ടതയുടെയും അലച്ചിലിന്‍റെയും കാലത്ത്

യെരൂശലേം പണ്ടത്തെ മനോഹരവസ്തുക്കളെയൊക്കെയും ഓർക്കുന്നു;

സഹായിക്കുവാൻ ആരുമില്ലാതെ അവളുടെ ജനം

ശത്രുവിന്‍റെ കയ്യിൽ അകപ്പെട്ടപ്പോൾ,

ശത്രുക്കൾ അവളെ നോക്കി

അവളുടെ നാശത്തിൽ പരിഹസിച്ചു.

യെരൂശലേം കഠിനപാപം ചെയ്തിരിക്കകൊണ്ട് മലിനയായിരിക്കുന്നു;

അവളെ ബഹുമാനിച്ചവരൊക്കെയും

അവളുടെ നഗ്നത കണ്ടു അവളെ നിന്ദിക്കുന്നു;

അവളോ നെടുവീർപ്പിട്ട് കൊണ്ടു പിന്നോക്കം തിരിയുന്നു.

അവളുടെ മലിനത ഉടുപ്പിന്‍റെ വിളുമ്പിൽ കാണുന്നു;

അവൾ ഭാവികാലം ഓർത്തില്ല;

അവൾ അതിശയമാംവണ്ണം വീണുപോയി;

അവളെ ആശ്വസിപ്പിപ്പാൻ ആരുമില്ല;

“യഹോവേ, ശത്രു വമ്പു പറയുന്നു;

എന്‍റെ സങ്കടം നോക്കേണമേ.”

അവളുടെ സകലമനോഹരവസ്തുക്കളിന്മേലും

ശത്രു കൈവെച്ചിരിക്കുന്നു;

അങ്ങേയുടെ സഭയിൽ പ്രവേശിക്കരുതെന്ന് അങ്ങ് കല്പിച്ച ജനതകൾ

അവളുടെ വിശുദ്ധമന്ദിരത്തിൽ കടന്നത് അവൾ കണ്ടുവല്ലോ.

അവളുടെ സർവ്വജനവും നെടുവീർപ്പിട്ടുകൊണ്ട് ആഹാരം തേടുന്നു;

വിശപ്പടക്കുവാൻ ആഹാരത്തിന് വേണ്ടി അവർ തങ്ങളുടെ മനോഹര വസ്തുക്കളെ കൊടുക്കുന്നു;

“യഹോവേ, നോക്കേണമേ

ഞാൻ നിന്ദിതയായിരിക്കുന്നത് കടാക്ഷിക്കേണമേ.”

“കടന്നുപോകുന്ന ഏവരുമായുള്ളോരേ, ഇത് നിങ്ങൾക്ക് ഏതുമില്ലയോ?

യഹോവ തന്‍റെ ഉഗ്രകോപദിവസത്തിൽ ദുഃഖിപ്പിച്ചിരിക്കുന്ന എനിക്ക്

അവിടുന്ന് വരുത്തിയ വ്യസനം പോലെ

ഒരു വ്യസനം ഉണ്ടോ എന്നു നോക്കുവിൻ!”

“ഉയരത്തിൽനിന്ന് അവിടുന്ന് എന്‍റെ അസ്ഥികളിൽ തീ അയച്ചിരിക്കുന്നു;

അത് കടന്നുപിടിച്ചിരിക്കുന്നു;

എന്‍റെ കാലിന് അവിടുന്ന് വല വിരിച്ച്, എന്നെ മടക്കിക്കളഞ്ഞു;

അവിടുന്ന് എന്നെ ശൂന്യയും നിത്യരോഗിണിയും ആക്കിയിരിക്കുന്നു.”

“എന്‍റെ അതിക്രമങ്ങളുടെ നുകം അവിടുന്ന് സ്വന്തകയ്യാൽ യോജിപ്പിച്ചിരിക്കുന്നു;

അവ എന്‍റെ കഴുത്തിൽ അമർന്നിരിക്കുന്നു; അവിടുന്ന് എന്‍റെ ശക്തി ക്ഷയിപ്പിച്ചു;

എനിക്ക് എതിർത്തുനില്ക്കുവാൻ കഴിയാത്തവരുടെ കയ്യിൽ

കർത്താവ് എന്നെ ഏല്പിച്ചിരിക്കുന്നു.”

“എന്‍റെ നടുവിലെ സകല ബലവാന്മാരെയും

കർത്താവ് നിരസിച്ചുകളഞ്ഞു;

എന്‍റെ യൗവനക്കാരെ തകർത്തുകളയേണ്ടതിന്

അവൻ എന്‍റെ നേരെ ഒരു ഉത്സവയോഗം വിളിച്ചുകൂട്ടി;

യെഹൂദാപുത്രിയായ കന്യകയെ

കർത്താവ് ചക്കിൽ ഇട്ടു ചവിട്ടിക്കളഞ്ഞിരിക്കുന്നു.”

“ഇത് നിമിത്തം ഞാൻ കരയുന്നു;

എന്‍റെ കണ്ണ് കണ്ണുനീരൊഴുക്കുന്നു;

എന്‍റെ പ്രാണനെ തണുപ്പിക്കേണ്ട

ആശ്വാസപ്രദൻ എന്നോട് അകന്നിരിക്കുന്നു;

ശത്രു പ്രബലനായിരിക്കയാൽ

എന്‍റെ മക്കൾ നശിച്ചിരിക്കുന്നു.”

സീയോൻ സഹായത്തിനായി കൈ നീട്ടുന്നു;

അവളെ ആശ്വസിപ്പിപ്പാൻ ആരുമില്ല;

യഹോവ യാക്കോബിന് അവന്‍റെ ചുറ്റും വൈരികളെ കല്പിച്ചാക്കിയിരിക്കുന്നു;

യെരൂശലേം അവരുടെ ഇടയിൽ മലിനയായിരിക്കുന്നു.

“യഹോവ നീതിമാൻ; ഞാൻ അവിടുത്തെ കല്പനയോട് മത്സരിച്ചു;

സകല ജാതികളുമായുള്ളോരേ, കേൾക്കേണമേ, എന്‍റെ വ്യസനം കാണേണമേ;

എന്‍റെ കന്യകമാരും യൗവനക്കാരും

പ്രവാസത്തിലേക്കു പോയിരിക്കുന്നു.”

“ഞാൻ എന്‍റെ പ്രിയന്മാരെ വിളിച്ചു;

അവരോ എന്നെ ചതിച്ചു;

എന്‍റെ പുരോഹിതന്മാരും മൂപ്പന്മാരും വിശപ്പടക്കേണ്ടതിന്

ആഹാരം തേടിനടക്കുമ്പോൾ നഗരത്തിൽവച്ച് പ്രാണനെ വിട്ടു.”

“യഹോവേ, നോക്കേണമേ; ഞാൻ വിഷമത്തിലായി,

എന്‍റെ ഉള്ളം കലങ്ങിയിരിക്കുന്നു;

ഞാൻ കഠിനമായി മത്സരിക്കകൊണ്ട്

എന്‍റെ ഹൃദയം എന്‍റെ ഉള്ളിൽ അസ്വസ്ഥമായിരിക്കുന്നു;

പുറമേ വാൾ സന്തതിനാശം വരുത്തുന്നു;

വീട്ടിലോ മരണം തന്നെ.”

“ഞാൻ നെടുവീർപ്പിടുന്നത് അവർ കേട്ടു;

എന്നെ ആശ്വസിപ്പിപ്പാൻ ആരുമില്ല;

എന്‍റെ ശത്രുക്കളൊക്കെയും എന്‍റെ അനർത്ഥം കേട്ടു,

അവിടുന്ന് അത് വരുത്തിയതുകൊണ്ട് സന്തോഷിക്കുന്നു;

അവിടുന്ന് കല്പിച്ച ദിവസം അങ്ങ് വരുത്തും;

അന്നു അവരും എന്നെപ്പോലെയാകും.”

“അവരുടെ ദുഷ്ടതയൊക്കെയും തിരുമുമ്പിൽ വരട്ടെ;

എന്‍റെ സകല അതിക്രമങ്ങളും നിമിത്തം അങ്ങ് എന്നോട് ചെയ്തതുപോലെ അവരോടും ചെയ്യേണമേ;

എന്‍റെ നെടുവീർപ്പ് വളരെയല്ലോ;

എന്‍റെ ഹൃദയം തളർന്നിരിക്കുന്നു.”

Source notes (1)
  1. Footnote നഗരം യരുശലേം

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം. Copyright © 2017, 2019 Bridge Communication Systems. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.

Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.

BibleKenya

Reader settings

Theme
Font
Alignment
Reading width

Saved in this browser and used offline too. Press ? for keyboard shortcuts.