Skip to content
BibleKenya

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം

ഇയ്യോ. 4

തേമാന്യനായ എലീഫസ്

അതിന് തേമാന്യനായ എലീഫസ് ഉത്തരം പറഞ്ഞത്:

“നിന്നോടു സംസാരിക്കുവാൻ ശ്രമിച്ചാൽ നീ മുഷിയുമോ?

എന്നാലും പറയാതിരിക്കുവാൻ ആർക്ക് കഴിയും?

നീ പലരെയും ഉപദേശിച്ചു

തളർന്ന കൈകളെ ശക്തീകരിച്ചിരിക്കുന്നു.

വീഴുന്നവർക്ക് നിന്‍റെ വാക്ക് താങ്ങായി

കുഴയുന്ന മുഴങ്കാലുള്ളവരെ നീ ഉറപ്പിച്ചിരിക്കുന്നു.

എന്നാൽ ഇപ്പോൾ നിനക്കതു സംഭവിക്കുമ്പോൾ നീ വിഷാദിക്കുന്നു;

നിനക്കതു തട്ടിയിട്ടു; നീ ഭ്രമിച്ചുപോകുന്നു.

നിന്‍റെ ഭക്തി നിന്‍റെ ആശ്രയമല്ലയോ?

നിന്‍റെ നടപ്പിന്‍റെ നിർമ്മലത നിന്‍റെ പ്രത്യാശയല്ലയോ?

ഓർത്തു നോക്കുക: നിർദ്ദോഷിയായി നശിച്ചവൻ ആര്‍?

നേരുള്ളവർ എവിടെ മുടിഞ്ഞുപോയിട്ടുള്ളൂ?

ഞാൻ കണ്ടിട്ടുള്ളത് അന്യായം ഉഴുതു

കഷ്ടത വിതയ്ക്കുന്നവർ അതുതന്നെ കൊയ്യുന്നു.

ദൈവത്തിന്‍റെ ശ്വാസത്താൽ അവർ നശിക്കുന്നു;

അവിടുത്തെ കോപത്താൽ അവർ മുടിഞ്ഞുപോകുന്നു.

സിംഹത്തിന്‍റെ ഗർജ്ജനവും ക്രൂരസിംഹത്തിൻ്റെ നാദവും

ബാലസിംഹങ്ങളുടെ പല്ലുകളും അറ്റുപോയി.

സിംഹം ഇര കിട്ടാത്തതിനാൽ നശിക്കുന്നു;

സിംഹിയുടെ കുട്ടികൾ ചിതറിപ്പോകുന്നു;

“എന്‍റെ അടുക്കൽ ഒരു രഹസ്യവചനം എത്തി;

അതിന്‍റെ മന്ദസ്വരം എന്‍റെ ചെവിയിൽ കടന്നു.

മനുഷ്യർക്ക് ഗാഢനിദ്ര പിടിക്കുമ്പോൾ

രാത്രിദർശനങ്ങളാലുള്ള മനോഭാവനകളിൽ,

ഭയവും നടുക്കവും എന്നെ പിടിച്ചു.

എന്‍റെ അസ്ഥികൾ കുലുങ്ങിപ്പോയി.

ഒരാത്മാവ് എന്‍റെ മുഖത്തിനെതിരെ കടന്നു

എന്‍റെ ദേഹത്തിനു രോമഹർഷം ഭവിച്ചു.

ഒരു പ്രതിമ എന്‍റെ കണ്ണിനെതിരെ നിന്നു;

എങ്കിലും അതിന്‍റെ രൂപം ഞാൻ തിരിച്ചറിഞ്ഞില്ല;

നിശ്ശബ്ദതയിൽ മന്ദമായൊരു സ്വരം ഞാൻ കേട്ടത്:

'മർത്യൻ ദൈവത്തിലും നീതിമാൻ ആകുമോ?

നരൻ സ്രഷ്ടാവിലും നിർമ്മലനാകുമോ?

ഇതാ, സ്വദാസന്മാരിലും അവനു വിശ്വാസമില്ല;

തന്‍റെ ദൂതന്മാരിലും അവൻ കുറ്റം ആരോപിക്കുന്നു.

പൊടിയിൽ നിന്നുത്ഭവിച്ചു മൺപുരകളിൽ വസിച്ച്

പുഴുപോലെ ചതഞ്ഞുപോകുന്നവരിൽ എത്ര അധികം!

ഉഷസ്സിനും സന്ധ്യക്കും മദ്ധ്യേ അവർ തകർന്നുപോകുന്നു;

ആരും ഗണ്യമാക്കാതെ അവർ എന്നേക്കും നശിക്കുന്നു.

അവരുടെ കൂടാരത്തിന്‍റെ കയറ് അറ്റുപോയിട്ട്

അവർ ജ്ഞാനഹീനരായി മരിക്കുന്നില്ലയോ?'

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം. Copyright © 2017, 2019 Bridge Communication Systems. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.

Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.

BibleKenya

Reader settings

Theme
Font
Alignment
Reading width

Saved in this browser and used offline too. Press ? for keyboard shortcuts.