Skip to content
BibleKenya

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം

ഇയ്യോ. 16

ഇയ്യോബ് തന്‍റെ നിരപരാധിത്വം വീണ്ടും ഉറപ്പിക്കുന്നു

അതിന് ഇയ്യോബ് ഉത്തരം പറഞ്ഞത്:

“ഞാൻ ഇതുപോലെയുള്ള വാക്കുകൾ പലതും കേട്ടിട്ടുണ്ട്;

നിങ്ങൾ എല്ലാവരും വ്യസനിപ്പിക്കുന്ന ആശ്വാസകന്മാർ.

വ്യർത്ഥവാക്കുകൾക്ക് അവസാനം ഉണ്ടാകുമോ?

അല്ല, ഇങ്ങനെ ഉത്തരം പറയുവാൻ നിന്നെ പ്രേരിപ്പിക്കുന്നത് എന്ത്?

നിങ്ങളെപ്പോലെ ഞാനും സംസാരിക്കാം;

എനിക്കുള്ള അനുഭവം നിങ്ങൾക്കുണ്ടായിരുന്നുവെങ്കിൽ

എനിക്കും നിങ്ങളുടെനേരെ മൊഴികളെ യോജിപ്പിക്കുകയും

നിങ്ങളെക്കുറിച്ചു തല കുലുക്കുകയും ചെയ്യാമായിരുന്നു.

ഞാൻ വായ്കൊണ്ടു നിങ്ങളെ ധൈര്യപ്പെടുത്തുകയും

അധരസാന്ത്വനം കൊണ്ടു നിങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്യുമായിരുന്നു.

“ഞാൻ സംസാരിച്ചാലും എന്‍റെ വേദന ശമിക്കുന്നില്ല;

ഞാൻ അടങ്ങിയിരുന്നാലും എനിക്കെന്ത് ആശ്വാസമുള്ളു?

ഇപ്പോഴോ യഹോവ എന്നെ ക്ഷീണിപ്പിച്ചിരിക്കുന്നു;

അവിടുന്ന് എന്‍റെ ബന്ധുവർഗ്ഗത്തെയൊക്കെയും ശൂന്യമാക്കിയിരിക്കുന്നു.

അവിടുന്ന് എന്നെ പിടിച്ചിരിക്കുന്നു;

അത് എനിക്കെതിരെ സാക്ഷ്യമായിരിക്കുന്നു;

എന്‍റെ 1മെലിച്ചൽ എനിക്ക് വിരോധമായി എഴുന്നേറ്റ്

എന്‍റെ മുഖത്തു നോക്കി സാക്ഷ്യം പറയുന്നു.

അവിടുന്ന് കോപത്തിൽ എന്നെ കീറി ഉപദ്രവിക്കുന്നു;

അവിടുന്ന് എന്‍റെ നേരെ പല്ലു കടിക്കുന്നു;

ശത്രു എന്‍റെ നേരെ കണ്ണ് കൂർപ്പിക്കുന്നു.

അവർ എന്‍റെ നേരെ വായ് പിളർക്കുന്നു;

നിന്ദയോടെ അവർ എന്‍റെ ചെകിട്ടത്തടിക്കുന്നു;

അവർ എനിക്ക് വിരോധമായി കൂട്ടം കൂടുന്നു.

ദൈവം എന്നെ അഭക്തന്‍റെ പക്കൽ ഏല്പിക്കുന്നു;

ദുഷ്ടന്മാരുടെ കയ്യിൽ എന്നെ അകപ്പെടുത്തുന്നു.

“ഞാൻ സ്വസ്ഥമായി വസിച്ചിരുന്നു;

യഹോവ എന്നെ ചതച്ചുകളഞ്ഞു;

അവിടുന്ന് എന്നെ കഴുത്തിന് പിടിച്ച് തകർത്തുകളഞ്ഞു;

എന്നെ തനിക്കു ഉന്നമാക്കി നിർത്തിയിരിക്കുന്നു.

അവിടുത്തെ അസ്ത്രങ്ങൾ എന്‍റെ ചുറ്റും വീഴുന്നു;

അവിടുന്ന് ആദരിക്കാതെ എന്‍റെ അന്തർഭാഗങ്ങളെ പിളർക്കുന്നു;

എന്‍റെ 2പിത്തരസം നിലത്ത് ഒഴിച്ചുകളയുന്നു.

അവിടുന്ന് എന്നെ ഇടിച്ചിടിച്ചു തകർക്കുന്നു;

മല്ലനെപ്പോലെ എന്‍റെ നേരെ പായുന്നു.

ഞാൻ ചാക്ക് എന്‍റെ ത്വക്കിന്മേൽ കൂട്ടിത്തുന്നി,

എന്‍റെ കൊമ്പിനെ പൊടിയിൽ ഇട്ടിരിക്കുന്നു.

കരഞ്ഞു കരഞ്ഞ് എന്‍റെ മുഖം ചുവന്നിരിക്കുന്നു;

എന്‍റെ കണ്ണിന്മേൽ അന്ധതമസ്സ് കിടക്കുന്നു.

എങ്കിലും സാഹസം എന്‍റെ കൈകളിൽ ഇല്ല.

എന്‍റെ പ്രാർത്ഥന നിർമ്മലമത്രേ.

“അയ്യോ ഭൂമിയേ, എന്നോടു ചെയ്ത കുറ്റങ്ങള്‍ മറയ്ക്കരുതേ;

എന്‍റെ നിലവിളി എങ്ങും തടഞ്ഞുപോകരുതേ.

ഇപ്പോഴും എന്‍റെ സാക്ഷി സ്വർഗ്ഗത്തിലും

എന്‍റെ ജാമ്യക്കാരൻ ഉയരത്തിലും ഇരിക്കുന്നു.

എന്‍റെ സ്നേഹിതന്മാർ എന്നെ പരിഹസിക്കുന്നു;

എന്‍റെ കണ്ണ് ദൈവത്തിങ്കലേക്കു കണ്ണുനീർ പൊഴിക്കുന്നു.

അവൻ മനുഷ്യനു വേണ്ടി ദൈവത്തോടും

മനുഷ്യപുത്രനു വേണ്ടി അവന്‍റെ കൂട്ടുകാരനോടും ന്യായവാദം കഴിക്കും.

ഏതാനും ആണ്ട് കഴിയുമ്പോഴേക്ക്

ഞാൻ മടങ്ങിവരാനാവാത്ത പാതയിലേക്ക് പോകേണ്ടിവരുമല്ലോ.

Source notes (2)
  1. Footnote മെലിയുക - എല്ലും തോലും ആകുക
  2. Footnote പിത്തരസം - കരൾ ഉൽപ്പാദിപ്പിക്കുന്ന ദ്രവം

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം. Copyright © 2017, 2019 Bridge Communication Systems. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.

Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.

BibleKenya

Reader settings

Theme
Font
Alignment
Reading width

Saved in this browser and used offline too. Press ? for keyboard shortcuts.