Skip to content
BibleKenya

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം

ഇയ്യോ. 14

“സ്ത്രീ പ്രസവിച്ച മനുഷ്യൻ,

അല്പായുസ്സുള്ളവനും കഷ്ടസമ്പൂർണ്ണനും ആകുന്നു.

അവൻ പൂപോലെ വിടർന്ന് പൊഴിഞ്ഞുപോകുന്നു;

നിലനില്‍ക്കാതെ നിഴൽപോലെ ഓടിപ്പോകുന്നു.

അവന്‍റെ നേരെയോ തൃക്കണ്ണ് മിഴിക്കുന്നത്?

എന്നെയോ അങ്ങ് ന്യായവിസ്താരത്തിലേക്ക് വരുത്തുന്നത്?

അശുദ്ധനിൽനിന്ന് ജനിച്ച വിശുദ്ധൻ ഉണ്ടോ?

ഒരുത്തനുമില്ല.

അങ്ങേയുടെ ജീവകാലത്തിന് അവധി ഉണ്ടല്ലോ;

അവന്‍റെ മാസങ്ങളുടെ എണ്ണം അങ്ങേയുടെ പക്കൽ;

അവന് ലംഘിച്ചുകൂടാത്ത അതിര്‍ അവിടുന്ന് വച്ചിരിക്കുന്നു

അവൻ ഒരു കൂലിക്കാരനെപ്പോലെ വിശ്രമിച്ച്

തന്‍റെ ദിവസത്തിൽ തൃപ്തിപ്പെടേണ്ടതിന്

അങ്ങേയുടെ നോട്ടം അവനിൽനിന്ന് മാറ്റിക്കൊള്ളണമേ.

“ഒരു വൃക്ഷമായിരുന്നാൽ പ്രത്യാശയുണ്ട്;

അതിനെ വെട്ടിയാൽ പിന്നെയും പൊട്ടിക്കിളിർക്കും;

അതിന് ഇളങ്കൊമ്പുകൾ വിടർന്നുകൊണ്ടിരിക്കും.

അതിന്‍റെ വേര് നിലത്ത് പഴകിയാലും

അതിന്‍റെ കുറ്റി മണ്ണിൽ ഉണങ്ങിപ്പോയാലും

വെള്ളത്തിന്‍റെ ഗന്ധംകൊണ്ട് അത് കിളിർക്കും

ഒരു തൈപോലെ ശാഖ പുറപ്പെടും.

മനുഷ്യൻ മരിച്ചാൽ ദ്രവിച്ചുപോകുന്നു;

മനുഷ്യൻ പ്രാണനെ വിട്ടാൽ പിന്നെ അവൻ എവിടെ?

സമുദ്രത്തിലെ വെള്ളം പോയ്പോകുമ്പോലെയും

നദി വറ്റി ഉണങ്ങിപ്പോകുമ്പോലെയും

മനുഷ്യൻ കിടന്നിട്ട് എഴുന്നേല്ക്കുന്നില്ല;

ആകാശം ഇല്ലാതെയാകുംവരെ അവർ ഉണരുന്നില്ല;

ഉറക്കത്തിൽനിന്ന് എഴുന്നേല്ക്കുന്നതുമില്ല;

അങ്ങ് എന്നെ പാതാളത്തിൽ മറച്ചുവയ്ക്കുകയും

അവിടുത്തെ കോപം കഴിയുവോളം എന്നെ ഒളിപ്പിക്കുകയും

എനിക്ക് ഒരവധി നിശ്ചയിച്ച് എന്നെ

ഓർക്കുകയും ചെയ്തുവെങ്കിൽ കൊള്ളാമായിരുന്നു.

മനുഷ്യൻ മരിച്ചാൽ വീണ്ടും ജീവിക്കുമോ?

എന്നാൽ എനിക്ക് മാറ്റം വരുവോളം

എന്‍റെ യുദ്ധകാലമെല്ലാം കാത്തിരിക്കാമായിരുന്നു.

അങ്ങ് വിളിക്കും; ഞാൻ അവിടുത്തോട് ഉത്തരം പറയും;

അങ്ങേയുടെ കൈവേലയോട് അങ്ങേയ്ക്കു താത്പര്യമുണ്ടാകും.

ഇപ്പോഴോ അവിടുന്ന് എന്‍റെ കാലടികളെ എണ്ണുന്നു;

എന്‍റെ പാപത്തിന്മേൽ അങ്ങ് ദൃഷ്ടിവക്കുന്നില്ലയോ?

എന്‍റെ അതിക്രമം ഒരു സഞ്ചിയിലാക്കി മുദ്രയിട്ടിരിക്കുന്നു;

എന്‍റെ അകൃത്യം അങ്ങ് മറച്ചിരിക്കുന്നു.

“മലപോലും വീണു പൊടിയുന്നു;

പാറയും സ്ഥലം വിട്ട് മാറിപ്പോകുന്നു.

വെള്ളം കല്ലുകളെ തേയുമാറാക്കുന്നതും

അതിന്‍റെ പ്രവാഹം നിലത്തെ പൊടി ഒഴുക്കിക്കളയുന്നതു പോലെ

അങ്ങ് മനുഷ്യന്‍റെ പ്രത്യാശയെ നശിപ്പിക്കുന്നു.

അങ്ങ് എപ്പോഴും അവനെ ആക്രമിച്ചിട്ട് അവൻ കടന്നുപോകുന്നു;

അവിടുന്ന് അവന്‍റെ മുഖം വിരൂപമാക്കി അവനെ അയച്ചുകളയുന്നു.

അവന്‍റെ പുത്രന്മാർക്ക് ബഹുമാനം ലഭിക്കുന്നത് അവൻ അറിയുന്നില്ല;

അവർക്ക് താഴ്ച ഭവിക്കുന്നത് അവൻ ഗ്രഹിക്കുന്നതുമില്ല.

തന്നെപ്പറ്റി മാത്രം അവന്‍റെ ദേഹം വേദനപ്പെടുന്നു;

തന്നെക്കുറിച്ചത്രേ അവന്‍റെ ഉള്ളം ദുഃഖിക്കുന്നു.”

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം. Copyright © 2017, 2019 Bridge Communication Systems. Licensed under CC BY-SA 4.0. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.

Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.

BibleKenya

Reader settings

Theme
Font
Alignment
Reading width

Saved in this browser and used offline too. Press ? for keyboard shortcuts.