Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം
യോനാ 4
ദൈവത്തിന്റെ കരുണയിൽ യോനാ കോപിക്കുന്നു
എന്നാൽ യോനാ ഇതിൽ അത്യധികം നീരസപ്പെട്ടു, അദ്ദേഹത്തിനു കോപം ജ്വലിച്ചു. അദ്ദേഹം യഹോവയോട് ഇങ്ങനെ പ്രാർഥിച്ചു: “അയ്യോ! യഹോവേ, അവിടന്ന് ഇങ്ങനെ ചെയ്യും എന്നുതന്നെയല്ലേ ഞാൻ എന്റെ ദേശത്ത് ആയിരുന്നപ്പോൾ പറഞ്ഞത്? അക്കാരണത്താലായിരുന്നു ഞാൻ തർശീശിലേക്കു ധൃതിയിൽ ഓടിപ്പോയത്; അവിടന്നു കൃപാലുവും കരുണാമയനും ക്ഷമാശീലനും മഹാദയാലുവും ആയ ദൈവമെന്നും നാശംവരുത്താതെ പിന്തിരിയുമെന്നും എനിക്കറിയാമായിരുന്നു. അതുകൊണ്ട് യഹോവേ, ഇപ്പോൾ എന്റെ ജീവനെ എന്നിൽനിന്ന് എടുത്തുകൊണ്ടാലും, ജീവനോടിരിക്കുന്നതിനെക്കാൾ മരിക്കുന്നതാണ് എനിക്കു നല്ലത്.”
അപ്പോൾ യഹോവ: “നീ കോപിക്കുന്നതു ശരിയോ?” എന്നു ചോദിച്ചു.
തുടർന്ന് യോനാ നഗരത്തിനു പുറത്തേക്കുപോയി അതിന്റെ കിഴക്കുഭാഗത്ത് ഇരുന്നു. അവിടെ അദ്ദേഹം ഒരു കുടിൽ ഉണ്ടാക്കി, നഗരത്തിന് എന്തു സംഭവിക്കും എന്നു കാണുന്നതിന് ആ കുടിലിന്റെ തണലിൽ കാത്തിരുന്നു. യോനായുടെ സങ്കടത്തിൽ ആശ്വാസമായി, അവന്റെ തലയ്ക്ക് ഒരു തണലായിരിക്കേണ്ടതിന്, യഹോവയായ ദൈവം ഒരു ചെടി1 കൽപ്പിച്ചുണ്ടാക്കി. അത് അദ്ദേഹത്തിനുമീതേ വളർന്നുയർന്നു. ആ ചെടി കണ്ട് യോനാ അതീവ സന്തുഷ്ടനായി. എന്നാൽ അടുത്ത പ്രഭാതത്തിൽ ദൈവം ഒരു പുഴുവിനെ നിയോഗിച്ചു. അത് ചെടിയുടെ തണ്ട് തുരന്നു; ചെടി വാടിപ്പോയി. സൂര്യൻ ഉദിച്ചപ്പോൾ, ദൈവം അത്യുഷ്ണമുള്ള ഒരു കിഴക്കൻകാറ്റ് അയച്ചു; യോനായുടെ തലയിൽ വെയിലേറ്റു; അയാൾ ക്ഷീണിച്ചുതളർന്നപ്പോൾ മരിക്കാൻ ആഗ്രഹിച്ചുകൊണ്ട്: “ജീവിച്ചിരിക്കുന്നതിനെക്കാൾ മരിക്കുന്നതാണ് എനിക്കു നല്ലത്” എന്നു പറഞ്ഞു.
ദൈവം യോനായോടു ചോദിച്ചു: “ആ ചെടിനിമിത്തം നീ കോപിക്കുന്നത് ശരിയോ?”
അപ്പോൾ, “ശരിയാണ്, എനിക്ക് സ്വയം മരിച്ചുകളയാൻതക്ക കോപമുണ്ട്” അദ്ദേഹം മറുപടി പറഞ്ഞു.
അപ്പോൾ യഹോവ ചോദിച്ചു: “നീ അധ്വാനിക്കുകയോ വളർത്തുകയോ ചെയ്യാതെ, ഒരു രാത്രികൊണ്ട് ഉണ്ടായിവരുകയും ഒരു രാത്രികൊണ്ട് നശിച്ചുപോകുകയും ചെയ്ത ആ ചെടിയെക്കുറിച്ച് പരിതപിക്കുന്നു. അങ്ങനെയെങ്കിൽ, വലംകൈയും ഇടംകൈയും ഏതെന്നുപോലും തിരിച്ചറിവില്ലാത്ത ഒരുലക്ഷത്തി ഇരുപതിനായിരത്തിൽപ്പരം മനുഷ്യരും അനേകം മൃഗങ്ങളും ഉള്ള മഹാനഗരമായ നിനവേയോട് എനിക്ക് സഹതാപം തോന്നിക്കൂടേ?”
Source notes (1)
- Footnote ഈ ചെടി ഏതെന്നു കൃത്യമായി പറയുക സാധ്യമല്ല.
Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം. Copyright © 1997, 2005, 2017, 2020 Biblica, Inc. Licensed under CC BY-SA 4.0. “Biblica” is a trademark registered in the United States Patent and Trademark Office by Biblica, Inc. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.
Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.