Skip to content
BibleKenya

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം

ഇയ്യോബ് 18

ബിൽദാദ്

അപ്പോൾ ശൂഹ്യനായ ബിൽദാദ് ഇങ്ങനെ ഉത്തരം പറഞ്ഞു:

“നിങ്ങൾ എപ്പോഴാണ് ഈ പ്രഭാഷണം ഒന്നു നിർത്തുന്നത്?

വിവേകികളാകുക; പിന്നെ നമുക്കു സംസാരിക്കാം.

ഞങ്ങളെ കന്നുകാലികളായി പരിഗണിക്കുന്നത് എന്തിന്?

നിന്റെ ദൃഷ്ടിയിൽ ഞങ്ങൾ അത്രയ്ക്കു മഠയന്മാരോ?

കലിതുള്ളി സ്വയം കടിച്ചുകീറുന്നവനേ,

നിനക്കുവേണ്ടി ഭൂമി നിർജനമായിത്തീരണമോ?

അതോ, പാറ അതിന്റെ സ്ഥാനത്തുനിന്നു മാറ്റപ്പെടണമോ?

“ദുഷ്ടന്റെ വിളക്ക് അണഞ്ഞുപോകും;

അവരുടെ അഗ്നിജ്വാല പ്രകാശം തരികയില്ല.

അവരുടെ കൂടാരത്തിലെ വെളിച്ചം ഇരുണ്ടുപോകും;

അവരുടെ അരികത്തുള്ള വിളക്ക് കെട്ടുപോകും.

അവരുടെ കാലടികളുടെ ചുറുചുറുക്കു ക്ഷയിച്ചിരിക്കുന്നു;

അവരുടെ പദ്ധതികൾതന്നെ അവർക്കു പതനഹേതുവായിരിക്കുന്നു.

അവർ സ്വയം കെണിയിലേക്കു നടക്കുന്നു;

അവർ ചതിക്കുഴിയിലേക്കുതന്നെ വീഴുന്നു.

അവരുടെ കുതികാലിൽ കുരുക്കുവീഴുന്നു,

കെണി അവരെ വരിഞ്ഞുമുറുക്കുന്നു.

അവർക്കുവേണ്ടി നിലത്ത് കുടുക്കും

വഴിയിൽ വലയും ഒളിച്ചുവെച്ചിരിക്കുന്നു.

എല്ലായിടത്തുനിന്നുമുള്ള ഭീതികൾ അവരെ ഭയവിഹ്വലരാക്കുകയും

ഓരോ കാൽവെപ്പിലും അവരെ വേട്ടയാടുകയും ചെയ്യുന്നു.

ദുരന്തം അവർക്കായി ബുഭുക്ഷയോടെ ഇരിക്കുന്നു;

വിനാശം അവരുടെ പതനത്തിനു കാത്തുനിൽക്കുന്നു.

അത് അവരുടെ ത്വക്കിനെ തിന്നുനശിപ്പിക്കുന്നു;

മരണത്തിന്റെ ആദ്യജാതൻ അവരുടെ അവയവങ്ങൾ വിഴുങ്ങുന്നു.

അവർക്ക് ആശ്രയമായിരുന്ന കൂടാരത്തിൽനിന്ന് അവർ പിഴുതെറിയപ്പെടും;

ഭീകരതയുടെ രാജാവിൻ സമീപത്തേക്ക് അവർ ആനയിക്കപ്പെടും.

അവരുടെ കൂടാരത്തിൽ അഗ്നി കുടിപാർക്കുന്നു;

അവരുടെ വാസസ്ഥലത്തിന്മേൽ ഗന്ധകം വർഷിക്കപ്പെടുന്നു.

കീഴേയുള്ള അവരുടെ വേരുകൾ ഉണങ്ങിപ്പോകുന്നു,

മീതേ അവരുടെ ശാഖകൾ കരിയുന്നു.

ഭൂമിയിൽനിന്ന് അവരുടെ സ്മരണ തുടച്ചുനീക്കപ്പെടും;

ദേശത്ത് അവരുടെ പേര് ഉണ്ടായിരിക്കുകയില്ല.

അവരെ വെളിച്ചത്തിൽനിന്ന് ഇരുളിലേക്കു തുരത്തിയോടിക്കും;

അവരെ ഭൂതലത്തിൽനിന്നുതന്നെ നാടുകടത്തും.

അവരുടെ സമൂഹത്തിൽത്തന്നെ അവർക്കു സന്തതിയോ പിൻഗാമികളോ ഇല്ലാതായിരിക്കുന്നു;

അവർ മുമ്പു വസിച്ചിരുന്നിടത്ത് ആരും അവശേഷിക്കുന്നില്ല.

പശ്ചിമദേശക്കാർ അവരുടെ വിധി കണ്ടു വിസ്മയിക്കും;

പൂർവദേശക്കാർ നടുങ്ങിപ്പോകും.

നിശ്ചയമായും അധർമികളുടെ വാസസ്ഥലത്തിന്റെ ഗതി ഈ വിധമാകുന്നു;

ദൈവത്തെ അറിയാത്തവരുടെ സ്ഥലവും ഇപ്രകാരംതന്നെ.”

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം. Copyright © 1997, 2005, 2017, 2020 Biblica, Inc. Licensed under CC BY-SA 4.0. “Biblica” is a trademark registered in the United States Patent and Trademark Office by Biblica, Inc. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.

Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.

BibleKenya

Reader settings

Theme
Font
Alignment
Reading width

Saved in this browser and used offline too. Press ? for keyboard shortcuts.