Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം
ഉൽപ്പത്തി 10
ജനതകളുടെ പട്ടിക
നോഹയുടെ പുത്രന്മാരായ ശേം, ഹാം, യാഫെത്ത് എന്നിവരുടെ വംശാവലി സംബന്ധിച്ച വിവരം: പ്രളയത്തിനുശേഷം അവർക്കു പുത്രന്മാരുണ്ടായി.
യാഫെത്യർ
യാഫെത്തിന്റെ പുത്രന്മാർ:1
ഗോമെർ, മാഗോഗ്, മാദായി, യാവാൻ, തൂബാൽ, മേശെക്ക്, തീരാസ്.
ഗോമെരിന്റെ പുത്രന്മാർ:
അശ്കേനസ്, രീഫത്ത്, തോഗർമാ.
യാവാന്റെ പുത്രന്മാർ:
എലീശാ, തർശീശ്, കിത്ത്യർ, ദോദാന്യർ.2 ഇവരിൽനിന്ന് കടലോരത്തും ദ്വീപുകളിലുമുള്ള ജനങ്ങൾ ഉത്ഭവിച്ചു. അവർ അതതുദേശങ്ങളിൽ അവരവരുടെ ഭാഷ സംസാരിച്ച് വിവിധഗോത്രങ്ങളും ജനതകളുമായി താമസിച്ചുവന്നു.
ഹാമ്യർ
ഹാമിന്റെ പുത്രന്മാർ:
കൂശ്, ഈജിപ്റ്റ്, പൂത്ത്, കനാൻ.
കൂശിന്റെ പുത്രന്മാർ:
സേബ, ഹവീലാ, സബ്താ, രാമാ, സബ്തെക്കാ.
രാമായുടെ പുത്രന്മാർ:
ശേബാ, ദേദാൻ.
കൂശ് നിമ്രോദിന്റെ പിതാവായിരുന്നു.3 നിമ്രോദ് ഭൂമിയിൽ ആദ്യത്തെ മല്ലനായ പോരാളിയായിത്തീർന്നു. അദ്ദേഹം യഹോവയുടെമുമ്പാകെ ശക്തനായൊരു നായാട്ടുവീരനായിരുന്നു. അതുകൊണ്ടാണ്, “യഹോവയുടെ സന്നിധിയിൽ, നിമ്രോദിനെപ്പോലെ നായാട്ടുവീരൻ” എന്നു ചൊല്ലുണ്ടായത്. അയാളുടെ രാജ്യത്തിന്റെ പ്രഥമകേന്ദ്രങ്ങൾ ശിനാർ4 ദേശത്തു ബാബേൽ, ഏരെക്, അക്കാദ്, കൽനെ എന്നിവയായിരുന്നു. അയാൾ അവിടെനിന്ന് അശ്ശൂരിലേക്കു തന്റെ രാജ്യം വിസ്തൃതമാക്കി, അവിടെ നിനവേ, രെഹോബോത്ത് പട്ടണം, കാലഹ്, നിനവേക്കും കാലഹിനും മധ്യേയുള്ള മഹാനഗരമായ രേസെൻ എന്നീ പട്ടണങ്ങളും പണിതു.
ലൂദീം, അനാമീം, ലെഹാബീം, നഫ്തൂഹീം, പത്രൂസീം, കസ്ളൂഹീം (ഇവരിൽനിന്നാണ് ഫെലിസ്ത്യർ ഉത്ഭവിച്ചത്), കഫ്തോരീം
എന്നീ വംശങ്ങളുടെ ഉത്ഭവം ഈജിപ്റ്റിൽനിന്നായിരുന്നു.5
കനാന്റെ പുത്രന്മാർ:
ആദ്യജാതനായ സീദോൻ, ഹിത്യർ, യെബൂസ്യർ, അമോര്യർ, ഗിർഗ്ഗശ്യർ, ഹിവ്യർ, അർഖ്യർ, സീന്യർ, അർവാദ്യർ, സെമാര്യർ, ഹമാത്യർ.
പിൽക്കാലത്ത് കനാന്യവംശങ്ങൾ ചിതറിപ്പോകുകയും കനാന്റെ അതിരുകൾ സീദോൻമുതൽ ഗെരാർവഴിയായി ഗസ്സാവരെയും സൊദോം, ഗൊമോറാ, ആദ്മാ, സെബോയീം എന്നിവ വഴിയായി ലാശാവരെയുമായിരുന്നു.
ഇവരാണ് തങ്ങളുടെ പ്രദേശങ്ങളിലും രാജ്യങ്ങളിലും കുലങ്ങളും ഭാഷകളും അനുസരിച്ചു ചിതറിത്താമസിച്ചിരുന്ന ഹാമിൻപുത്രന്മാർ.
ശേമ്യർ
യാഫെത്തിന്റെ മൂത്തസഹോദരനായ ശേമിനും പുത്രന്മാർ ജനിച്ചു; ഏബെരിന്റെ പുത്രന്മാർക്കെല്ലാവർക്കും പൂർവപിതാവ് ശേം ആയിരുന്നു.
ശേമിന്റെ പുത്രന്മാർ:
ഏലാം, അശ്ശൂർ, അർപ്പക്ഷാദ്, ലൂദ്, അരാം.
അരാമിന്റെ പുത്രന്മാർ:
ഊസ്, ഹൂൾ, ഗേഥെർ, മേശെക്ക്.6
അർപ്പക്ഷാദ് ശേലഹിന്റെ പിതാവും
ശേലഹ് ഏബെരിന്റെ പിതാവുമായിരുന്നു.
ഏബെരിനു രണ്ടു പുത്രന്മാർ ജനിച്ചു:
ഒരുവന്റെ പേര് പേലെഗ്7 എന്നായിരുന്നു; കാരണം, അവന്റെ കാലത്തായിരുന്നു ഭൂവാസികൾ വിഭജിക്കപ്പെട്ടത്.8 അവന്റെ സഹോദരന്റെ പേര് യോക്താൻ എന്നായിരുന്നു.
യോക്താന്റെ പുത്രന്മാർ:
അല്മോദാദ്, ശാലെഫ്, ഹസർമാവെത്ത്, യാരഹ്, ഹദോരാം, ഊസാൽ, ദിക്ലാ, ഓബാൽ, അബീമായേൽ, ശേബാ, ഓഫീർ, ഹവീലാ, യോബാബ് ഇവരെല്ലാവരും യോക്താന്റെ പുത്രന്മാർ ആയിരുന്നു.
അവർ അധിവസിച്ചിരുന്ന പ്രദേശം മേശാമുതൽ കിഴക്കൻ മലമ്പ്രദേശമായ സേഫാർവരെ വ്യാപിച്ചിരുന്നു.
കുലങ്ങളും ഭാഷകളും അനുസരിച്ച് തങ്ങളുടെ പ്രദേശങ്ങളിലും രാജ്യങ്ങളിലും താമസിച്ചിരുന്ന ശേമ്യപുത്രന്മാർ ഇവരായിരുന്നു.
ദേശവും കുലവും അനുസരിച്ച് നോഹയുടെ പുത്രന്മാരുടെ വംശാവലി ഇവയാണ്. ഇവരിൽനിന്നാണ് പ്രളയത്തിനുശേഷം ഭൂമിയിൽ ജനതകൾ വ്യാപിച്ചത്.
Source notes (8)
- Footnote പുത്രന്മാർ എന്ന വാക്കിന്, പിൻഗാമികൾ, അനന്തരാവകാശികൾ, രാഷ്ട്രങ്ങൾ എന്നീ അർഥങ്ങളുണ്ട്. വാ. 3, 4, 6, 7, 20–23, 29, 31 കാണുക.
- Footnote ചി.കൈ.പ്ര. റോദാന്യർ.
- Footnote പിതാവ് എന്ന വാക്കിന്, പൂർവികൻ, സ്ഥാപകൻ, മുൻഗാമി എന്നീ അർഥങ്ങളുണ്ട്. വാ. 13, 15, 24, 26 കാണുക.
- Footnote 9 അതായത്, ബാബേൽ
- Footnote ഉത്ഭവിച്ചത് മൂ.ഭാ. ഈജിപ്റ്റ് എന്ന പിതാവിൽനിന്നായിരുന്നു.
- Footnote മൂ.ഭാ. മശ്; 1 ദിന. 1:17 കാണുക.
- Footnote വിഭജനം എന്നർഥം.
- Footnote ഉൽ. 11:8-9
Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം. Copyright © 1997, 2005, 2017, 2020 Biblica, Inc. Licensed under CC BY-SA 4.0. “Biblica” is a trademark registered in the United States Patent and Trademark Office by Biblica, Inc. Source: eBible.org. Typeset from the source files; no intended changes to scripture wording. BibleKenya is not endorsed by the rights holder.
Full source notice & licence · CC BY-SA 4.0 · SourceEdition imported 2026-10-25.